18 September 2008

വര്‍ഗ്ഗീയ ആക്രമണങ്ങള്‍ : കര്‍ണ്ണാടകയ്ക്ക് കേന്ദ്രത്തിന്റെ താക്കീത്

ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടന്നു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാറിന് ശക്തമായ താക്കീത് നല്‍കി. കര്‍ണ്ണാടകയിലെ സ്ഥിതി വിശേഷങ്ങള്‍ നിരന്തരം കേന്ദ്രത്തെ അറിയിയ്ക്കണം എന്ന നിര്‍ദ്ദേശവും ഉണ്ട്. സംസ്ഥാനം ഉടന്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിയ്ക്കണം. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ എന്തെല്ലാം നടപടികള്‍ ആണ് കൈക്കൊള്ളുന്നത് എന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയും വേണം.




സ്ഥിതി ഗതികള്‍ അടിയന്തിരമായി നിയന്ത്രണ വിധേയമാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത അറിയിച്ചു. കേന്ദ്രം സംസ്ഥാനത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.




ഭരണ ഘടനയുടെ 355ആം വകുപ്പ് സംസ്ഥാനത്തിന് എതിരെ പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.




ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കും ആരാധനാല യങ്ങള്‍ക്കും നേരെ നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് എതിരെ താക്കീത് നല്‍കാന്‍ ഇന്നലെ രാത്രിയാണ് കേന്ദ്രം തീരുമാനിച്ചത്.




മംഗലാപുരം കേന്ദ്രീകരി ച്ചായിരുന്നു സംസ്ഥാനത്ത് നടന്ന വര്‍ഗ്ഗീയ ആക്രമണങ്ങള്‍.




ക്രിസ്ത്യാനികള്‍ അടക്കം എല്ലാ വിഭാഗങ്ങളുടേയും സുരക്ഷ തങ്ങള്‍ ഉറപ്പാക്കും എന്നും സംസ്ഥാനത്ത് ക്രമ സമാധാനം പുന‌:സ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും എന്നും കര്‍ണ്ണാടക ആഭ്യന്തര മന്ത്രി വി. എസ്. ആചാര്യ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്