31 January 2009
സ്ത്രീകള്‍ തങ്ങളുടെ സുരക്ഷ സ്വയം ഉറപ്പാക്കണം - വനിതാ കമ്മീഷന്‍
മംഗലാപുരത്തെ പബില്‍ ശ്രീ രാമ സേന പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പെണ്‍കുട്ടികളെ ആക്രമിച്ചവരെ ജെയിലില്‍ ചെന്ന് കണ്ട കമ്മീഷന്‍ ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണ് എന്ന് പ്രതികളോട് ആരാഞ്ഞുവത്രെ. പബില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തെ കുറിച്ച് വിവരം കിട്ടി എത്തിയ തങ്ങള്‍ അവിടെ എത്തിയത് പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ വേണ്ടി ആണ് എന്ന് ഇവര്‍ കമ്മീഷനോട് വെളിപ്പെടുത്തി. നാമ മാത്രമായി വസ്ത്ര ധാരണം ചെയ്ത് നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട തങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയതില്‍ ഖേദിക്കുന്നു എന്നും പ്രതികള്‍ കമ്മീഷനോട് സമ്മതിച്ചതായി കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ് പറഞ്ഞു. ഒരു മണിക്കൂറോളം താന്‍ പ്രതികളുമായി ജെയിലില്‍ ചിലവഴിച്ചുവെന്നും ഇനി മേലാല്‍ നിയമം കയ്യിലെടുക്കരുത് എന്നും സ്ത്രീകളെ അടിക്കരുത് എന്നും താന്‍ ഇവരെ ഉപദേശിച്ചു എന്നും കമ്മീഷന്‍ അംഗം അറിയിച്ചു.




പ്രശ്നത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പബ് നടത്തിപ്പുകാരന്റെ മേലെ കെട്ടി വച്ച കമ്മീഷന്‍ പബിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പബിനോട് അനുബന്ധിച്ചുള്ള ലോഡ്ജില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ മാത്രമേ അവര്‍ക്ക് ലൈസന്‍സ് ഉള്ളൂ. അല്ലാതെ മദ്യ സല്‍ക്കാരം നടത്തുവാന്‍ പാടുള്ളതല്ല. ആ നിലക്ക് മദ്യ സല്‍ക്കാരവും ബാന്‍ഡ് മേളവും നടത്തി പെണ്‍കുട്ടികള്‍ക്ക് നഗ്ന നൃത്തവും മറ്റ് ആഭാസങ്ങളും നടത്താന്‍ സൌകര്യം ചെയ്ത് കൊടുത്ത പബ് നടത്തിപ്പുകാരന്‍ ആണ് ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതി എന്നാണ് കമ്മീഷന്റെ നിലപാട്.




നഗ്ന നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷിതത്വത്തിനുള്ള ക്രമീകരണങ്ങളും ലഭ്യമല്ലായിരുന്നു എന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് അവിടെ ആരേയും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം സുരക്ഷിതം അല്ലാത്ത ഇടങ്ങളില്‍ പോകുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്നത്. പെണ്‍കുട്ടികള്‍ തങ്ങളുടെ സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങളില്‍ നിന്നും സ്ത്രീകള്‍ പാഠം ഉള്‍ക്കൊള്ളണം എന്നും അവര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സ്വന്തം സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം എന്ന പാഠം.




സ്റ്റേറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറി കുറ്റവാളികളെ സംരക്ഷിക്കുവാന്‍ തത്രപ്പെടുന്ന രീതിയില്‍ ഉള്ള വനിതാ കമ്മീഷന്റെ ഈ പിന്തിരിപ്പന്‍ നിലപാടില്‍ വിവിധ വനിതാ സംഘടനകള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി.




Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



30 January 2009
ഐസ് ലാന്‍ഡില്‍ ലോകത്തെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രി
ലോകത്തിലെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രിയായി ഐസ് ലാന്‍ഡിലെ ജോഹന്ന സിഗുവദര്‍ദോട്ടിര്‍ സ്ഥാനമേറ്റു. മെയ് മാസം തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഇവര്‍ പ്രധാന മന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് ഭരണത്തില്‍ ഇരുന്ന സര്‍ക്കാര്‍ രാജി വെച്ച സാഹചര്യത്തില്‍ ആണ് ഐസ് ലാന്‍ഡിലെ ഏറ്റവും കൂടുതല്‍ കാലം പാര്‍‌ലമെന്റ് അംഗം ആയിരുന്ന ഇവര്‍ പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുത്തറ്റ്. നേരത്തെ ഇവര്‍ സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ആയിരുന്നു. സ്വവര്‍ഗ്ഗ രതിക്ക് തുറന്ന പിന്തുണ നല്‍കുന്ന, സ്വവര്‍ഗ്ഗ രതിക്കാരിയാണ് താന്‍ എന്ന് തുറന്നു സമ്മതിക്കുന്ന ഇവര്‍ അധികാരത്തില്‍ എത്തുന്നതിനെ ബ്രിട്ടനിലെ സ്വവര്‍ഗ്ഗ രതിക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ അധികാരത്തില്‍ ഏറിയ അവസരത്തില്‍ ഇങ്ങനെ ഒരു കാര്യം ഇവിടെ സംഭവിച്ചത് ശുഭ സൂചകം ആണ് എന്നാണ് ഇവരുടെ അഭിപ്രായം.




ഒരു എയര്‍ ഹോസ്റ്റസ്സ് ആയി ജീവിതം തുടങ്ങിയ ജോഹന്ന പിന്നീട് എയര്‍ ഹോസ്റ്റസ്സുമാരുടെ യൂണിയന്റെ നേതാവുമായി. യൂണിയന്‍ പ്രവര്‍ത്തനത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ എത്തിയ ഇവര്‍ 1978ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെ പാര്‍‌ലമെന്റ് അംഗമായി. 1987ല്‍ മന്ത്രിയായ ഇവര്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും ആയി. പാര്‍ട്ടിയുടെ ഉയരങ്ങളില്‍ എത്തിപ്പെടാന്‍ ഉള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ “എന്റെ സമയവും വരും” എന്ന് പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി വിട്ടു 1995ല്‍ സ്വന്തം പാര്‍ട്ടിക്ക് രൂപം നല്‍കി. ഈ പ്രഖ്യാപനം അതോടെ ഐസ് ലാന്‍ഡിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ എന്നെന്നേക്കുമായി ഇടം പിടിക്കുകയും ചെയ്തു. എന്നാല്‍ 2000ല്‍ ഇവര്‍ വീണ്ടും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2007ല്‍ സാമൂഹ്യ സുരക്ഷാ മന്ത്രിയുമായി.




നേരത്തെ ഒരു ബാങ്കറെ വിവാഹം ചെയ്ത ഇവര്‍ക്ക് രണ്ട് മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഉണ്ട്. ഇവര്‍ പാര്‍ലമെന്റില്‍ എത്തിയ ഉടന്‍ തന്നെ സ്വവര്‍ഗ്ഗ രതിക്കാരുടെ ദേശീയ സംഘടന നിലവില്‍ വരികയുണ്ടായി. സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് എതിരെ നിലവില്‍ ഉണ്ടായിരുന്ന വിവേചനവും അനീതിയും അവസാനിപ്പിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച സംഘടനയുടെ ശ്രമ ഫലം ആയി 1996ല്‍ ഐസ് ലാന്‍ഡ് സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കി. 2002ല്‍ തന്റെ അറുപതാം വയസ്സില്‍ ജോഹന്ന ജോനിന എന്ന ഒരു മാധ്യമ പ്രവര്‍ത്തകയെ സിവില്‍ വിവാഹം ചെയ്തു ഇവരോടൊപ്പം തന്റെ ആദ്യ വിവാഹത്തിലെ രണ്ട് മക്കളുമായി ഇപ്പോള്‍ ജീവിക്കുന്നു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അഡ്നാന്‍ സാമിക്കെതിരെ പീഡനത്തിന് കേസ്
പ്രശസ്ത ഗായകന്‍ ആയ അഡ്നാന്‍ സാമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. അഡ്നാന്‍ സാമിയുടെ ഭാര്യ സബാ ഗളദാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തത് എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കിരണ്‍ സൊനോനെ അറിയിച്ചു. തന്നെ ഭര്‍ത്താവ് മുംബൈയിലെ ലോഖണ്ഡ്‌വാലയിലുള്ള തങ്ങളുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നു എന്ന് അഡ്നാന്‍ സാമിയുടെ ഭാര്യ വ്യാഴാഴ്ച രാത്രിയാണ് അന്ധേരിയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. കേസ് റെജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അഡ്നാന്‍ സാമിയോട് ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഒബാമയുടെ തെരഞ്ഞെടുപ്പ് വര്‍ഗ്ഗ വികാരങ്ങള്‍ സജീവമാക്കി
വെള്ളക്കാരന്റെ വര്‍ഗ്ഗ മേല്‍ക്കോയ്മയുടെ കറുത്ത പ്രതീകമായ കു ക്ലക്സ് ക്ലാന്‍ ഒബാമയുടെ തെരഞ്ഞെടുപ്പോടെ വീണ്ടും സജീവം ആയതായി സൂചന. തങ്ങളുടെ വെബ് സൈറ്റില്‍ അംഗങ്ങള്‍ ആവാന്‍ ഉള്ള തിരക്ക് ഒബാമയുടെ തെരഞ്ഞെടുപ്പിന് ശേഷം ക്രമാതീതം ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് ഒരു മുന്‍ കു ക്ലക്സ് ക്ലാന്‍ നേതാവ് ജോണി ലീ ക്ലാരി വെളിപ്പെടുത്തി. ദശാബ്ദങ്ങള്‍ക്ക് ശേഷം ആണ് ഇത്തരം ഒരു ഉണര്‍വ്വ് അനുഭവ പ്പെടുന്നതത്രെ. ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലുകള്‍ നഷ്ടപ്പെട്ടതും അമേരിക്കയില്‍ മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളും ആണ് ഇതിന് കാരണമായി പറയപ്പെടുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലാന്‍ പ്രവര്‍ത്തനം മതിയാക്കിയ ക്ലാരി ഇപ്പോള്‍ വര്‍ഗ്ഗീയതക്കെതിരെ ലോകമെമ്പാടും പ്രഭാഷണങ്ങള്‍ നടത്തുകയാണ്.




ഒബാമക്കെതിരെ ക്ലാന്‍ ഭീഷണി സന്ദേശങ്ങള്‍ നേരത്തേ തന്നെ അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ക്ലാന്‍ പ്രവര്‍ത്തനം സജീവം ആയത് അമേരിക്കന്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥരേയും അസ്വസ്ഥരാക്കുന്നു. അടുത്തയിടെ അലബാമയില്‍ നടന്ന ഒരു കു ക്ലക്സ് ക്ലാന്‍ റാലിയില്‍ മുന്നൂറോളം പേര്‍ അണി നിരന്നത് എല്ലാവരേയും അമ്പരപ്പിച്ചു. ഇതിന് മുന്‍പ് ഒരിക്കലും ഇത്രയും ക്ലാന്‍ അംഗങ്ങള്‍ ഒരുമിച്ച് രംഗത്ത് വന്നിരുന്നില്ലത്രെ.




ഒബാമ തെരഞ്ഞെടുക്കപ്പെട്ടത് തങ്ങളുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയത് സംബന്ധിച്ച് തനിക്ക് ക്ലാനില്‍ നിന്നും ഈ മെയില്‍ സന്ദേശം ലഭിച്ചതായും ക്ലാരി വെളിപ്പെടുത്തി.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



29 January 2009
ഒബാമ മാപ്പ് പറയണം - നെജാദ്
കഴിഞ്ഞ അറുപത് വര്‍ഷങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം ഇറാനോട് കാണിച്ച കുറ്റകൃത്യങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ മാപ്പ് പറയണം എന്ന് ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദ് ആവശ്യപ്പെട്ടു. മാറ്റത്തിന്റെ പ്രവാചകന്‍ ആയി അവതരിച്ച ഒബാമ രണ്ട് സുപ്രധാന കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത്. ആദ്യം മറ്റുള്ളവരെ ആദരവോടെ സമീപിച്ച് ലോകമെമ്പാടും പരന്നു കിടക്കുന്ന തങ്ങളുടെ സൈനിക സാന്നിധ്യം അവസാനിപ്പിക്കണം. അമേരിക്കന്‍ സൈന്യത്തെ അമേരിക്കന്‍ മണ്ണില്‍ ഒതുക്കി നിര്‍ത്തണം.




രണ്ടാമത്തെ അടിസ്ഥാനപരമായ മാറ്റം ഭീകരരോടും കുറ്റവാളികളോടും ഇസ്രയേലിനോടും ഉള്ള അമേരിക്കയുടെ മൃദു സമീപനവും പിന്തുണയും അവസാനിപ്പിക്കുക എന്നതാണ്.




കഴിഞ്ഞ അറുപത് വര്‍ഷം അമേരിക്ക ഇറാന്‍ ജനതക്ക് എതിരെ ആണ് നില കൊണ്ടിട്ടുള്ളത്. മാറ്റത്തെ കുറിച്ച് സംസാരിക്കുന്നവര്‍ ഇറാന്‍ ജനതയോട് മാപ്പ് പറഞ്ഞ് തങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരം കാണണം. അമേരിക്ക മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്ന നയം ഉപേക്ഷിക്കണം. അമേരിക്കന്‍ ജനതക്ക് പോലും തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഭരണകൂടം അനുവദിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



28 January 2009
ശ്രീ രാമ സേനാ മുഖ്യന്‍ പിടിയില്‍
താലിബാന്‍ ശൈലിയില്‍ ഇന്ത്യയില്‍ “മോറല്‍ പോലീസിങ്ങ്” സംവിധാനം ഏര്‍പ്പെടുത്താന്‍ തുനിഞ്ഞ ശ്രീ രാമ സേന എന്ന ഹിന്ദു തീവ്രവാദി സംഘത്തിന്റെ മുഖ്യനും മുന്‍ വിശ്വ ഹിന്ദു പരിഷദ് നേതാവും ആയ പ്രമോദ് മുത്തലിക്ക് പോലീസ് പിടിയില്‍ ആയി. മംഗലാപുരത്തെ ഒരു പബില്‍ കഴിഞ്ഞ ശനിയാഴ്ച അതിക്രമിച്ച് കയറിയ സേനാ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും പിന്നാലെ ഓടി അടിക്കുകയും ചെയ്ത സംഭവം ലോക സമൂഹത്തിനു മുന്നില്‍ രാജ്യത്തിന് ആകെ അപമാനം വരുത്തി വെച്ചിരുന്നു. പബില്‍ പെണ്‍കുട്ടികള്‍ മദ്യപിച്ച് നഗ്ന നൃത്തം ചെയ്യുന്നു എന്ന് തങ്ങള്‍ക്ക് പൊതു ജനത്തില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇത്തരം ഒരു നടപടി സ്വീകരിച്ചത് എന്നാണ് ശ്രീ രാമ സേനയുടെ വിശദീകരണം. ഇതൊരു വളരെ ചെറിയ സംഭവം ആണ്. ഇതിനെ ബി. ജെ. പി. സര്‍ക്കാരിനെ ആക്രമിക്കുവാന്‍ ആയി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പൊതു സ്ഥലത്ത് പെണ്‍കുട്ടികള്‍ നഗ്ന നൃത്തം ചെയ്യുന്നതും മയക്ക് മരുന്ന് ഉപയോഗിക്കുന്നതും തെറ്റാണ്. ഇത് ഭാരതീയ സംസ്ക്കാരത്തിന് ചേര്‍ന്നതല്ല. ഇതിനെതിരെയാണ് ഞങ്ങള്‍ നടപടി എടുത്തത്. ഭാരതീയ സംസ്ക്കാരത്തില്‍ സ്ത്രീ ആദരണീയയായ അമ്മയാണ്. സ്ത്രീകളുടെ സംരക്ഷണത്തിനാണ് തങ്ങള്‍ ശ്രമിച്ചത് എന്നും അറസ്റ്റില്‍ ആവുന്നതിന് മുന്‍പ് ശ്രീ രാമ സേനാ മേധാവി മുത്തലിക്ക് പറഞ്ഞു.




എന്നാല്‍ ടെലിവിഷനില്‍ ഈ രംഗങ്ങള്‍ കണ്ട ആര്‍ക്കും ഇതിനോട് യോജിക്കാന്‍ ആവില്ല.




ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ എന്ന പേരില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് എതിരേയും തങ്ങള്‍ ആഞ്ഞടിക്കും എന്നും സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




ഇയാളോടൊപ്പം 32 സേനാ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ പക്ഷെ ഇവര്‍ക്ക് സംഘ പരിവാറുമായി ബന്ധം ഒന്നും ഇല്ല എന്ന് ആവര്‍ത്തിച്ചു പറയുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



26 January 2009
സന്ദീപ് ഉണ്ണികൃഷ്ണന് രാഷ്ട്രത്തിന്റെ ആദരാഞ്ജലികള്‍
മുംബൈ ഭീകരരുമായി ഏറ്റുമുട്ടി വീര മൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് രാഷ്ട്രം കൃതജ്ഞതാ പൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി, രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ഭീകരരുടെ വെടി ഏറ്റ് കൊല്ലപ്പെട്ട ദേശീയ സുരക്ഷാ സേനയില്‍ മേജര്‍ ആയിരുന്ന സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാവ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്, ധീരതക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതി ആയ അശോക ചക്രം സമ്മാനിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ള ജനാവലി വന്‍ കയ്യടിയോടെ ആയിരുന്നു ചടങ്ങിന് സാക്ഷ്യം വഹിച്ചത്.




മുംബൈ ഭീകര ആക്രമണത്തിനിടെ കമാന്‍ഡോകള്‍ക്ക് നേതൃത്വം നല്‍കിയ സന്ദീപ് 14 പേരെ അന്ന് ഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷിച്ചു. ഇതിനിടയില്‍ തന്റെ സംഘത്തിലെ ഒരു കമാന്‍ഡോവിന് ഭീകരരുടെ വെടിയേറ്റു. ഇയാളെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് സന്ദീപിന് ഭീകരരുടെ വെടിയേറ്റത്. തന്റെ അവസാന ശ്വാസം വരെ സന്ദീപ് ഭീകരരോട് പൊരുതുകയും ചെയ്തു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



23 January 2009
സന്ദീപ് ഉണ്ണികൃഷ്ണനും കര്‍ക്കരേക്കും അശോക ചക്രം
മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ദേശീയ സുരക്ഷാ സേനാ കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ഭീകര വിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കരെ, സബ് ഇന്‍സ്പെക്ടര്‍ തുക്കാറാം ഗോപാല്‍ ഓംബ്ലെ എന്നിവരെ അശോക ചക്രം നല്‍കി ബഹുമാനിക്കാന്‍ തീരുമാനിച്ചതായി സൂചന. മൂവരും മുംബൈയില്‍ പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഭീകരരെ തുരത്താന്‍ സൈന്യം നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ധീരതാ പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഒന്‍പത് പേരില്‍ ഇവരുടെ പേരുകളും ഉണ്ടെന്നാണ് സൂചന എങ്കിലും ഔദ്യോഗികമായി ഇത് റിപ്പബ്ലിക്ക് ദിനത്തില്‍ ആയിരിക്കും പ്രഖ്യാപിക്കുക.




Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



20 January 2009
സാധ്വിക്കും പുരോഹിതിനും എതിരെ കുറ്റപത്രം
മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റില്‍ ആയ ഹിന്ദു സന്യാസിനി സാധ്വി പ്രഖ്യാ സിങ് ഠാക്കുര്‍, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ക്ക് എതിരെ പ്രത്യേക കോടതി മുന്‍പാകെ മഹാരാഷ്ട്രാ പോലീസ് കുറ്റ പത്രം സമര്‍പ്പിക്കും. കേസില്‍ പ്രതികള്‍ ആയ പതിനൊന്ന് പേരുടേയും ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നടപടി. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ ആയിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. ഈ കേസ് ഇത്തരം ഒരു വഴിത്തിരിവില്‍ എത്തിക്കുന്നതില്‍ അദ്ദേഹം സ്തുത്യര്‍ഹം ആയ ഒരു പങ്ക് തന്നെ വഹിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വധിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി മുംബൈ ഭീകര ആക്രമണത്തെ ഉപയോഗിച്ചു എന്ന സംശയം പലരും പ്രകടിപ്പിച്ചത് ഏറെ വിവാദവും ആയിരുന്നു.




പ്രതികളുടെ കുറ്റസമ്മതം ആണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കല്‍ പ്രതികള്‍ക്ക് എതിരെ ഉള്ളത്. കൂടാതെ സാധ്വിയുമായി ഗൂഡാലോചനയുടെ മുഖ്യ സൂത്രധാ‍രന്‍ ആയ രാംജി കല്‍‌സംഗര നടത്തിയ സംഭാഷണത്തിന്റെ ദൃക്‌സാക്ഷിയും. അഭിനവ് ഭാരത് എന്ന സംഘടനയുടെ ഖജാന്‍‌ജി അജയ് രാഹിര്‍ക്കര്‍ സ്ഫോടനത്തിന് വേണ്ടി 10 ലക്ഷം രൂപ നല്‍കിയതിന്റെ സാക്ഷി മൊഴിയും പോലീസിന്റെ പക്കല്‍ ഉണ്ട്. എന്നാല്‍ ബോംബ് നിര്‍മ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തവരെ ഇനിയും പോലീസിന് പിടി കൂടാന്‍ കഴിയാത്തത് കേസിനെ കോടതിക്ക് മുന്‍പാകെ ദുര്‍ബലപ്പെടുത്തും എന്നാണ് വിദഗ്ധ അഭിപ്രായം. ഇതിന് പുറമെ കേസിലെ മുഖ്യ പ്രതിയായ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് ഇതു വരെ കുറ്റ സമ്മതം നടത്തിയിട്ടുമില്ല.

Labels: , ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

hemant karkare was killed by hindu fanatics only

January 20, 2009 at 3:08 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



18 January 2009
ഗാസയില്‍ വെടി നിര്‍ത്തി
മൂന്ന് ആഴ്ചകള്‍ കൊണ്ട് 1200 പേരെ കൊന്നൊടുക്കിയ യുദ്ധത്തിന് താല്‍ക്കാലിക വിരാമം ഇട്ട് കൊണ്ട് ഇസ്രയേല്‍ ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഈജിപ്തും ഫ്രാന്‍സും നടത്തിയ ശ്രമങ്ങളുടെ ഫലം ആണ് ഇപ്പോഴത്തെ വെടി നിര്‍ത്തല്‍. ഏക പക്ഷീയം ആയി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രായേല്‍ പ്രധാന മന്ത്രി എഹൂദ് ഓള്‍മേര്‍ട്ട് പക്ഷെ സൈന്യം തങ്ങളുടെ ഇപ്പോഴത്തെ നിലയില്‍ തന്നെ പ്രദേശത്ത് തുടരും എന്ന് അറിയിച്ചു. എന്നാല്‍ ഗാസയില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ പോലും നില ഉറപ്പിക്കുന്നത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആവില്ല എന്നാണ് ഹമാസിന്റെ നിലപാട്. സൈന്യത്തെയും തങ്ങള്‍ക്കെതിരെ നടപ്പിലാക്കിയ സാമ്പത്തിക ഉപരോധവും പൂര്‍ണ്ണമായി പിന്‍‌വലിച്ച് അതിര്‍ത്തികള്‍ തുറന്നാല്‍ മാത്രമേ തങ്ങള്‍ ഇത് അംഗീകരിക്കൂ എന്ന് ഒരു ഹമാസ് വക്താവ് വ്യക്തമാക്കി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



17 January 2009
യു.എ.ഇ. യും അമേരിക്കയും 123 കരാറില്‍ ഒപ്പു വച്ചു
അമേരിക്കയും യു. എ. ഇ. യും ആണവ സഹകരണ ത്തിനായുള്ള 123 കരാറില്‍ ഒപ്പു വച്ചു. അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലീസ റൈസും യു. എ. ഇ. വിദേശ കാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും വാഷിംഗ്ടണിലാണ് കരാര്‍ ഒപ്പു വച്ചത്. സമാധാന ആവശ്യങ്ങള്‍ക്കായി വാണിജ്യാ ടിസ്ഥാനത്തിലുള്ള ആണവ സഹകരണമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണാ പത്രത്തില്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒപ്പു വച്ചിരുന്നു. യു. എ. ഇ. യില്‍ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നേരിടുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഗാസ ഉച്ചകോടി തുടങ്ങി
ദോഹ: ഗാസയിലെ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് അടിയന്തര ഉച്ചകോടിക്ക് ദോഹ ഷെറാട്ടണ്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ തുടക്കമായി. എല്ലാ തടസങ്ങളേയും അവഗണിച്ച് ഗാസയിലെ പീഢനം അനുഭവിക്കുന്ന ലക്ഷങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്തേ പറ്റൂ എന്ന ഖത്തര്‍ നേതൃത്വത്തിന്റെ ഇച്ഛാ ശക്തിയുടെ വിജയം കൂടിയായി ഗാസ ഉച്ചകോടി എന്നറിയപ്പെടുന്ന ഈ സമ്മേളനം. ഒരു വിഭാഗം അറബ് രാജ്യങ്ങള്‍ ബഹിഷ്കരി ച്ചെങ്കിലും ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദിന്റേയും ഹമാസ് പൊളിറ്റ് ബ്യൂറോ മേധാവി ഖാലിദ് അല്‍മിഷ് അലിന്റേയും സാന്നിധ്യം ദോഹ ഉച്ചകോടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.




അധിവേശ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണങ്ങ ളില്‍പ്പെട്ട് ഗാസയിലെ പതിനായിര ക്കണക്കായ നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന കൊടും ദുരന്തത്തിന്റെ ആഴവും പരപ്പും പ്രതിഫലിക്കു ന്നതായില്ല അക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഈ സമ്മേളനമെന്ന് തന്റെ ഹൃസ്വമായ ഉദ്ഘാടന പ്രസംഗത്തില്‍ ദോഹ ഉച്ചകോടി ബഹിഷ്കരിച്ച രാജ്യങ്ങളെ ഉദ്ദേശിച്ചു കൊണ്ട് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനി പറഞ്ഞു. ഇത്രയും ഗുരുതരമായ ഒരു സാഹചര്യത്തിലും അക്കാര്യം ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കുന്നില്ലെങ്കില്‍ ഇനിയെ പ്പോഴാണ് അതിന് നാം തയ്യാറാവുക എന്ന് അദ്ദേഹം ചോദിച്ചു. ഗാസയിലെ സ്വന്തം ജനങ്ങളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്ന ഈ സമ്മേളനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സന്നിഹിത നാവാത്തതില്‍ അമീര്‍ ഖേദം പ്രകടിപ്പിച്ചു.




അറബ് ലീഗിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ കൂടിയായ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍അസദ് സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ബഷീര്‍, ലബനാന്‍ പ്രസിഡന്റ് മിഷേല്‍ സുലൈമാന്‍, മൊറിത്താനിയന്‍ സുപ്രീം കൌണ്‍സില്‍ പ്രസിഡന്റ് ജനറല്‍ മുഹമ്മദ് വലദ് അബ്ദുല്‍അസീസ്, കോമൊറോസ് പ്രസിഡന്റ് അഹ്മദ് അബ്ദുല്ല സാമ്പി, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍അസീസ് ബുതഫ്ലീഖ, ഇറാഖ് വൈസ് പ്രസിഡന്റ് താരിഖ് ആല്‍ഹാഷിമി, ലിബിയന്‍ പ്രധാനമന്ത്രി മഹ്മൂദി അല്‍ബഗ്ദാദി, ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി അല്‍അബ്ദുല്ല, മൊറോക്കന്‍ വിദേശകാര്യമന്ത്രി ത്വയ്യിബ് അല്‍ഫാസി, ജിബൂട്ടി ഇസ്ലാമികകാര്യമന്ത്രി ഡോ.ഹാമിദ് അബ്ദി, എന്നീ അറബ് നേതാക്കള്‍ക്കൊപ്പം ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദ്, ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന (ഒ ഐ സി) ചെയര്‍മാന്‍ കൂടിയായ സെനഗല്‍ പ്രസിഡന്റ് അബ്ദുല്ല വാദ്, തുര്‍ക്കി ഉപ്രധാനമന്ത്രി ജമീല്‍ തഷീഷക്, ഹമാസ് പൊളിറ്റ് ബ്യൂറോ നേതാവ് ഖാലിദ് മിഷ്അല്‍, ഇസ്ലാമിക് ജിഹാദ് സെക്രട്ടറി ജനറല്‍ റമദാന്‍ ഷലഹ്, ഫലസ്തീന്‍ നേതാവ് അഹ്മദ് ജിബ്രീല്‍ എന്നിവരാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്.




ഖത്തര്‍ സംഘത്തെ കിരീടാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍താനിയാണ് നയിക്കുന്നത്. പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍താനിയും ഖത്തറി സംഘത്തിലുണ്ട്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറു മൂസയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരും രാജ കുടുംബാംഗങ്ങളും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. പിന്നീട് അടച്ചിട്ട ഹാളില്‍ ചര്‍ച്ചകള്‍ നടന്നു.




- മുഹമദ് യാസീന്‍ ഒരുമനയൂര്‍

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



15 January 2009
ഗാസയെ സ്മരിച്ചു കൊണ്ട് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി
ഇന്ന് തുടങ്ങുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തുടക്കം കുറിക്കാന്‍ ഇസ്രായേലിന്‍റെ ആക്രമണത്തിന് ഇരയാകുന്ന ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളും ആഘോഷ പരിപാടികളും ഇല്ല. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആണ് ഇത്തവണത്തെ ഷോപ്പിങ്ങ് മഹോത്സവത്തിന്റെ തുടക്കത്തിന് പ്രത്യേക ആഘോഷങ്ങള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് എന്ന് ദുബായ് എയര്‍പോര്‍ട്ട്സ്, എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഓഫീസ് സുപ്രീം കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍ ആയ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അറിയിച്ചു.




നാല്‍പ്പതോളം ഷോപ്പിങ്ങ് മാളുകളും ആറായിരത്തോളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.
എല്ലാ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഏറ്റവും കൂടിയ ഇളവുകളും സമ്മാനങ്ങളും പ്രഖ്യാപിക്കുന്ന ഈ ഷോപ്പിങ്ങ് മാമാങ്കം ഇനിയുള്ള മുപ്പത്തി രണ്ട് ദിവസങ്ങള്‍ ദുബായിലെ രാത്രികളെ സജീവമാക്കും. ലോകോത്തര നിലവാരം ഉള്ള നൂറ്റി അന്‍പതോളം വിനോദ പരിപാടികളും കോടി കണക്കിന് രൂപയുടെ സമ്മാന പദ്ധതികളും ഷോപ്പിങ്ങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളിലായി അരങ്ങേറും. ഇതിനിടെ, അറബ് ലോകത്തിന്റെ പ്രിയ ഗായകനായ താമര്‍ ഹോസ്നി നാളെ രാത്രി ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടത്തുന്ന സംഗീത വിരുന്നില്‍ നിന്നും ലഭിക്കുന്ന തന്റെ പ്രതിഫല തുക ഗാസയിലെ ജനതക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ബലാത്സംഗ ശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു
ഉത്തര്‍ പ്രദേശിലെ ചൊക്കട എന്ന ഗ്രാമത്തില്‍ തന്റെ എണ്ണ ചക്കില്‍ ജോലിക്ക് എത്തിയ പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ മില്ലുടമയായ ഇക്രം എന്നയാള്‍ മറ്റ് രണ്ടു പേരും കൂടി ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെ ഇനിയും പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച പതിനാല് കാരിയായ മറ്റൊരു പെണ്‍കുട്ടി ബലാത്സംഗ ശ്രമത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ തന്നെ ചന്ദ്പുര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മൂമ്മക്ക് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തിരുന്നു. ദളിതര്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ ഇവിടെ സാധാരണം ആണെന്ന് ഒരു ഗ്രാമവാസി മാധ്യമങ്ങളോട് പറഞ്ഞു.


പാക്കിസ്ഥാനില്‍ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



14 January 2009
അവിവാഹിത ദാമ്പത്യം അരുതെന്ന് വനിതാ കമ്മീഷന്‍
ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥക്ക് നിരക്കാത്ത അവിവാഹിത ദാമ്പത്യ ബന്ധങ്ങള്‍ക്ക് നിയമ സാധുത നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം എന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജ വ്യാസ് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവാഹം കഴിക്കാതെ തന്നെ സ്ത്രീയും പുരുഷനും ഒരുമിച്ച് കഴിയുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ നില നിക്കുന്ന സമ്പ്രദായമാണ്. ഇത് മാനുഷിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇന്ത്യക്ക് ഇങ്ങനെ ഒരു സമ്പ്രദായം ആവശ്യമില്ല എന്നും അതിനാല്‍ ഇത്തരം ബന്ധങ്ങള്‍ക്ക് നിയമ സാധുത നല്‍കാനുള്ള മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണം എന്ന് താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അവര്‍ അറിയിച്ചു.

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ഇത് ഗൌരവപൂർവ്വമായ ചർച്ച്കൾക്ക് വിധേയമാക്കേണ്ട് സംഗതിയാണ്. പാശ്ചാത്യാനുകരണം എന്ന കേവല പദത്തിൽ ഒതുക്കിനിർത്തുവാൻ കഴിയുന്ന ഒന്നല്ല ഇത്. മാത്രമല്ല ഇന്ത്യയിൽ വ്യത്യസ്ഥ മതവിഭാഗങ്ങൾക്ക് അവ്രുടെ സമ്പ്രദായ പ്രകാരം വിവാഹിതരാകാം. അല്ലാതെ ഇന്ത്യൻ സംസ്കാരപ്രകാരം അല്ല ഇവിടത്തെ വിവാഹങ്ങൾ എല്ലാം എന്നതും ഓർക്കേണ്ടതുണ്ട്.

മറുന്ന ലോകക്രമവും ജീവിതരീതികളും കൂടെ പരിഗണിക്കേണ്ടതുണ്ട്.

January 15, 2009 at 2:48 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



13 January 2009
മദ്യപാനം പോലീസുകാരിയുടെ തൊപ്പി തെറിപ്പിച്ചു
വനിതാ പോലീസുകാരിയെ മദ്യപിച്ചു ലക്ക് കെട്ട് പൊതു സ്ഥലത്ത് മാന്യമല്ലാതെ പെരുമാറി എന്ന കുറ്റത്തിന് സസ്പെന്‍ഡ് ചെയ്തു. ഡിപ്പര്‍ട്ട്മെന്റില്‍ വിവാദങ്ങളുടെ സ്ഥിരം കൂട്ടുകാരിയായ ഹെഡ് കോണ്‍സ്റ്റബ്‌ള്‍ വിനയ ആണ് ഇത്തവണ വെട്ടിലായത്. വയനാട്ടിലെ അംബലവയല്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിനയ തന്റെ ഒരു സഹ പ്രവര്‍ത്തകക്ക് ഉദ്യോഗ കയറ്റം കിട്ടിയതിന്റെ ആഘോഷം പ്രമാണിച്ച് നടന്ന മദ്യ വിരുന്നിലാണ് മദ്യപിച്ച് ലക്ക് കെട്ടത്. വിരുന്നിനു ശേഷം തിരിച്ചു പോകാന്‍ ബസില്‍ കയറിയ വിനയ ബസില്‍ ഛര്‍ദ്ദിക്കുകയും മറ്റും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റിയത് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനു തന്നെ നാണക്കേടായി. ഒരു അറിയപ്പെടുന്ന സ്ത്രീ വിമോചന പ്രവര്‍ത്തക കൂടിയായ വിനയയുടെ കൂടെ മദ്യ വിരുന്നില്‍ പങ്കെടുത്ത മറ്റ് 17 പേരില്‍ പലരും അറിയപ്പെടുന്ന കുറ്റവാളികള്‍ ആയിരുന്നു എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന സംഭവം അന്വേഷിച്ച മാനന്തവാടി ഡി, വൈ. എസ്. പി. മധു സൂദനന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൂപ്രണ്ട് സി ഷറഫുദ്ദീന്‍ ആണ് വിനയയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്.

Labels: , , ,

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

വെള്ളമടിച്ച് വിനയ വിനയത്തോടെ സ്ത്രീവിമോചനം നടത്തട്ടെ..!

January 13, 2009 at 12:53 PM  

സ്ത്രീ പുരുഷ സമത്വം. ഒരു ഉദാഹരണം.. അഭിമാനിക്കാം കേരളത്തിലെ സ്ത്രീകള്‍ക്ക്‌ :(

January 15, 2009 at 11:33 AM  

സർക്കാർ മധ്യം യദേഷ്ഠം ബീവറേജ് വഴി വിറ്റഴിക്കുന്നു. ബീവറേജ്കോർപ്പറേഷന്ന് ലാഭത്തിൽ നിന്നും ലാഭത്തിലേക്ക്...
വെള്ളമടിക്കുന്നതും പൊതുസ്ഥലത്ത് വാളുവെക്കുന്നതും ഒരു പുതുമയുള്ള സംഗതിയല്ല...

January 15, 2009 at 2:52 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ഗാസയിലെ യുദ്ധം സൈബര്‍ ലോകത്തും
ഇസ്രയേല്‍ ഹമാസിന് എതിരെ ഗാസയില്‍ നടത്തി വരുന്ന മനുഷ്യ കുരുതി ഇന്റര്‍നെറ്റിലും എത്തി. യൂ ട്യൂബില്‍ തങ്ങള്‍ ഹമാസ് പോരാളികളെ ആക്രമി ക്കുന്നതിന്റെ വീഡിയോ ഇസ്രയേല്‍ കാണിച്ചപ്പോള്‍ “പാലുട്യൂബ്” എന്ന വെബ് സൈറ്റില്‍ ഇസ്രയേല്‍ നടത്തിയ കൂട്ടക്കൊല കളുടെ വീഡിയോ കളാണ് ഇതിന് എതിരെ ഇസ്ലാമിക സംഘങ്ങള്‍ നല്‍കി യിരിക്കുന്നത്. ഇതോടെ സൈബര്‍ ലോകത്തും യുദ്ധം മുറുകിയി രിക്കുകയാണ്. യുദ്ധ രംഗത്ത് ഇരു വശത്തും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യതിനാല്‍ ഇത്തരം വീഡിയോ വെളിപ്പെ ടുത്തലുകള്‍ വഴി പൊതു ജന അഭിപ്രായം തങ്ങള്‍ക്ക് അനുകൂലം ആക്കുവാനുള്ള തീവ്ര യത്നത്തില്‍ ആണ് ഇരു പക്ഷവും.










ഇസ്രയേല്‍ യൂ ട്യൂബില്‍ നല്‍കിയിരിക്കുന്ന വീഡിയോ “പള്ളിക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന ആയുധ ശേഖരം കണ്ടെടുത്ത് നിര്‍വ്വീര്യമാക്കി” എന്ന് അവകാശപ്പെടുമ്പോള്‍ “നിരപരാധികളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് കൂട്ടക്കൊല” എന്നാണ് ഹമാസ് പാലു ട്യൂബില്‍ നല്‍കിയിരിക്കുന്ന വീഡിയോ പറയുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



12 January 2009
എ.ആര്‍. റഹ്‌മാന് ഗോള്‍ഡന്‍ ഗ്ലോബ്
ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി എ. ആര്‍. റഹ്‌മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. “സ്ലം ഡോഗ് മില്ല്യണയര്‍” എന്ന സിനിമയുടെ സംഗീതത്തിനാണ് റഹ്‌മാന് ഈ പുരസ്കാരം ലഭിച്ചത്. ഈ സിനിമ മികച്ച തിരക്കഥക്കും, മികച്ച സംവിധായകനും ഉള്ള പുരസ്കാരങ്ങളും നേടി. ഡ്രാമ വിഭാഗത്തില്‍ മികച്ച സിനിമക്കുള്ള പുരസ്കാരവും ഈ സിനിമക്കു തന്നെ ആണ് ലഭിച്ചത്. ഗുത്സാറിന്റെ വരികള്‍ക്ക് റഹ്‌മാന്‍ ഈണം പകര്‍ന്ന “ജെയ് ഹോ” എന്ന ഗാനത്തിന്റെ സംഗീത സംവിധാനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. ഇന്ത്യന്‍ നയതന്ത്രജ്ഞനായ വികാഷ് സ്വരൂപിന്റെ നോവലിനെ ആധാരമാക്കി അടുത്തതാണ് ഈ സിനിമ. മുംബൈയിലെ ചേരികളില്‍ നിന്നും ജമാല്‍ എന്നയാള്‍ ഒരു റിയാലിറ്റി ഷോയില്‍ വിജയി ആവുന്നതോടെ കോടീശ്വരന്‍ ആയി തീരുന്ന കഥ പറയുന്ന സിനിമയില്‍ അനില്‍ കപൂര്‍, ഇര്‍‌ഫാന്‍ ഖാന്‍ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



11 January 2009
രാഹുല്‍ ഗാന്ധിക്ക് അടുത്ത ഇന്ത്യന്‍ പ്രധാന മന്ത്രി ആവാം - പ്രണബ് മുഖര്‍ജി
ലോക് സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രി ആവാം എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. തന്റെ പിതാവിന്റെ കാല്‍ പാടുകള്‍ പിന്തുടര്‍ന്ന് ഇന്ത്യയുടെ പ്രധാന മന്ത്രിയായി രാഹുല്‍ സ്ഥാനം ഏല്‍ക്കുന്ന കാലം വിദൂരം അല്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോണ്‍ഗ്രസ് തിരികെ അധികാരത്തില്‍ വന്നാല്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി ആകാനുള്ള സാധ്യത തള്ളി കളയാന്‍ ആവില്ല എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ലുധിയാനയില്‍ അറിയിച്ചു.




എന്നാല്‍ ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത് സോണിയാ ഗാന്ധിയുടേയും മന്‍‌മോഹന്‍ സിംഗിന്റെയും നേതൃത്വത്തില്‍ ആയിരിക്കും. 38‍ാം വയസ്സില്‍ ഒമര്‍ അബ്ദുള്ളക്ക് കാശ്മീര്‍ പോലെ പ്രധാനമായ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും 40‍ാം വയസ്സില്‍ രാജീവ് ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാന മന്ത്രിയും ആകാം എങ്കില്‍ എന്തു കൊണ്ട് രാഹുല്‍ ഗാന്ധിക്ക് 38‍ാം വയസ്സില്‍ അടുത്ത പ്രധാന മന്ത്രി ആയിക്കൂടാ എന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു. മന്‍‌മോഹന്‍ സിംഗ് തന്റെ കര്‍ത്തവ്യം നന്നായി നിര്‍വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേതൃത്വം ഏറ്റെടുക്കണമോ എന്ന് രാഹുല്‍ തന്നെ തീരുമാനിക്കും എന്നും അറിയിച്ചു.




പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അടുത്ത വര്‍ഷം ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത് മന്‍‌മോഹന്‍ സിംഗ് തന്നെ ആയിരിക്കും എന്ന് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ സോണിയ പ്രസംഗിച്ചത് ആരും മറക്കരുത് എന്ന് മറ്റൊരു കോണ്‍ഗ്രസ് വക്താവ് ആയ ഷക്കീല്‍ അഹമ്മദ് കഴിഞ്ഞ ദിവസം ഓര്‍മ്മിപ്പിച്ചിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അദ്വാനി - ബൂലോഗത്തിലെ പുതിയ താരോദയം
തന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ മുഹമ്മദലി ജിന്നയെ കുറിച്ചു നടത്തിയ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിക്കാന്‍ ഇന്റര്‍നെറ്റ് സങ്കേതമായ ബ്ലോഗ് ഉപയോഗിക്കുകയാണ് നേരത്തെ തന്നെ സ്വന്തമായ വെബ് സൈറ്റ് ഉള്ള ശ്രീ എല്‍. കെ. അദ്വാനി. മലയാളിയായ സ്വാമി രംഗനാഥാനന്ദയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകളെ കുറിച്ചാണ് പ്രസ്തുത ബ്ലോഗ് പോസ്റ്റ്. കറാച്ചിയിലെ രാമകൃഷ്ണ ആശ്രമത്തില്‍ സ്വാമി രംഗനാഥാനന്ദയുടെ ഗീതാ പ്രഭാഷണം കേള്‍ക്കുവാന്‍ എല്ലാ ഞായറാഴ്ചകളിലും പോകാറുണ്ടായിരുന്ന അദ്വാനിയുടെ ജീവിതത്തില്‍ ഇത് ഒരു വലിയ സ്വാധീനം സൃഷ്ടിച്ചു എന്ന് ബ്ലോഗില്‍ പറയുന്നു. കറാച്ചിയില്‍ രാമകൃഷ്ണ ആശ്രമത്തിന്റെ പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടു പോകുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ ആശ്രമം അടച്ച് പൂട്ടി സ്വാമി ഡല്‍ഹിയിലേക്ക് പോന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 2003ല്‍ സ്വാമിജിയെ അവസാനമായി കൊല്‍ക്കത്തയില്‍ വെച്ച് കണ്ടപ്പോള്‍ വിഭജനത്തെയും തുടര്‍ന്നുണ്ടായ ദുരന്തങ്ങളെ പറ്റിയും ഒക്കെ ഇരുവരും സംസാരിക്കു കയുണ്ടായി. ഈ അവസരത്തില്‍ സ്വാമിജി പാക്കിസ്ഥാന്‍ അസംബ്ലിയില്‍ 1947 ആഗസ്റ്റ് 11ന് ജിന്ന നടത്തിയ ഐതിഹാസികമായ പ്രസംഗത്തെ പ്രകീര്‍ത്തിച്ചു എന്നും അദ്വാനി എഴുതുന്നു. മതനിരപേക്ഷതയുടെ ശരിയായ വിവക്ഷ ഈ പ്രസംഗത്തില്‍ കാണാം എന്ന് സ്വാമിജി അഭിപ്രായപ്പെട്ടു എന്നും സ്വാമിജിയുമായി നടത്തിയ ഈ അവസാന കൂടിക്കാഴ്ചയിലെ സംഭാഷണം തന്റെ അബോധ മനസ്സില്‍ ഉണ്ടായിരുന്നത്, താന്‍ 2005 ജൂണില്‍ പാക്കിസ്ഥാനില്‍ വെച്ച് ജിന്നയെ അനുകൂലിച്ച് സംസാരിക്കുവാന്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടാവും എന്നും അദ്വാനി വിശദീകരിക്കുന്നു.








Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



10 January 2009
ഗാസക്ക് യു.എ.ഇ. ജനതയുടെ ഐക്യ ദാര്‍ഡ്യം
ഇസ്രയേല്‍ ആക്രമണത്താല്‍ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു.എ.ഇ. യില്‍ വ്യാപകമായ പ്രകടനങ്ങള്‍ അരങ്ങേറി. വിവിധ എമിറേറ്റുകളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ ആയിര ക്കണക്കിന് യു.എ.ഇ. നിവാസികള്‍ പങ്കെടുത്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ ‍ഖൈമ എന്നിവിടങ്ങളില്‍ ജനം വെള്ളിയാഴ്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍ കൈകളില്‍ ഏന്തി നിരത്തില്‍ ഇറങ്ങി. ഇസ്രയേലിന്റെ സൈനിക അതിക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ അന്താരഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്ന ബോര്‍ഡുകളും പ്രകടനക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു. മുങ്ങി ചാകാന്‍ പോകുന്ന ഒരുവനെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് മാപ്പ് ഇല്ലാത്ത പാപമാണ് എന്നത് പോലെ ഗാസയില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതും ആവശ്യമാണ് എന്ന് പ്രകടനത്തില്‍ പങ്കെടുത്ത ഇസ്ലാമിക പണ്ഡിതന്‍ അഹമ്മദ് അല്‍ ഖുബൈസി ആഹ്വാനം ചെയ്തു. ഷാര്‍ജയില്‍ നടന്ന ഏറ്റവും വമ്പിച്ച പ്രകടനത്തില്‍ പതിനായിരത്തോളം പ്രകടനക്കാര്‍ വന്‍ പോലീസ് സാന്നിധ്യത്തില്‍ എമിറേറ്റിലെ വിവിധ മനുഷ്യാവകാശ സാമൂഹ്യ സംഘടനകളുടെ നേതാക്കള്‍ക്കൊപ്പം കോര്‍ണീഷിലൂടെ മാര്‍ച്ച് നടത്തി. അബുദാബിയില്‍ വ്യത്യസ്ത ടെലിവിഷന്‍ ചാനലുകളിലായി എട്ട് മണിക്കൂറോളം നീണ്ടു നിന്ന ഒരു ധന ശേഖരണ പരിപാടിയില്‍ ഗാസയിലെ ജനതക്ക് 85 മില്ല്യണ്‍ ഡോളറിന്റെ ധന സഹായം സ്വരൂപിക്കുവാന്‍ കഴിഞ്ഞതും ഇന്നലെ നടന്ന ഐക്യ ദാര്‍ഡ്യ പ്രകടനങ്ങളുടെ ഭാഗമാണ്. ഗാസയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കുവാന്‍ ഉള്ള അഭ്യര്‍ത്ഥനയുമായി യു.എ.ഇ. യിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



09 January 2009
അധ്യാപകന്‍ കണ്ണ് കുത്തി പൊട്ടിച്ചു
തന്റെ ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ കഴിയാഞ്ഞതില്‍ കുപിതനായ അധ്യാപകന്‍ എട്ടു വയസുകാരിയായ വിദ്യാര്‍ത്ഥിനിയുടെ കണ്ണില്‍ പിന്ന് കുത്തി കയറ്റി പൊട്ടിച്ചു. ശ്വേത എന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ വലത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബയില്‍ സരസ്വതി ശിശു മന്ദിര്‍ സ്കൂളില്‍ രണ്ടാം ക്ലാസ്സിലാണ് സംഭവം നടന്നത്. പരസ്‌രാം ഭൈന എന്ന അധ്യാപകനാണ് തന്റെ ചോദ്യത്തിന് മറുപടി നല്‍കാഞ്ഞ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും കോപം സഹിക്കാനാവതെ കയ്യില്‍ കിട്ടിയ ഒരു പിന്ന് കോണ്ട് കുട്ടിയുടെ കണ്ണ് കുത്തി പൊട്ടിക്കുകയും ചെയ്തത്. പോലീസ് കേസ് എടുത്തിട്ടുണ്ട്. അധ്യാപകന്‍ ഒളിവിലുമാണ്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഷിബു സോറന്‍ തോറ്റു
ജാര്‍ഖണ്ട് മുഖ്യ മന്ത്രിയായി നാലു മാസം ഭരിച്ച ശേഷം നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഷിബു സോറന്‍ തോറ്റു. ഇതോടെ ഭരണം പ്രതിസന്ധിയില്‍ ആയി. എന്നാല്‍ സോറന്‍ തന്റെ രാജി വൈകിക്കും എന്നാണ് സൂചന. ജാര്‍ഖണ്ട് പാര്‍ട്ടിയിലെ ഗോപാല്‍ കൃഷ്ണ പാ‍ട്ടാര്‍ ആണ് സോറനെ ഉപ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. തോറ്റു എങ്കിലും ഉടനെയൊന്നും താന്‍ രാജി വെക്കില്ല എന്നു തന്നെയാണ് സോറന്റെ നിലപാട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയില്‍ പോയി കേന്ദ്ര നേതൃത്വത്തെ കണ്ടതിനു ശേഷമേ താന്‍ തീരുമാനം എന്തെങ്കിലും എടുക്കൂ എന്ന് ഷിബു സോറന്‍ മാധ്യമങ്ങളെ അറിയിച്ചു. സോറന്‍ തോറ്റു എങ്കിലും യു.പി.എ. സര്‍ക്കാര്‍ തന്നെ സംസ്ഥാന ഭരണത്തില്‍ തുടരും എന്ന് ഉപ മുഖ്യ മന്ത്രി സുധീര്‍ മഹ്തോ അറിയിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



08 January 2009
വായനയുടെ റിപ്പബ്ലിക്
ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്പുസ്തക പ്രസിദ്ധീ കരണത്തിലും വിതരണത്തിലും നിലവിലുള്ള മാതൃകകള്‍ക്ക് ഒരു ബദല്‍ അന്വേഷി ക്കുകയാണ് ബുക്ക് റിപ്പബ്ലിക്ക് എന്ന സമാന്തര പുസ്തക - പ്രകാശന സംരംഭം. വായാനാ നുഭവങ്ങളെ കാലോ ചിതമായി എങ്ങനെ മാറ്റി മറിക്കാം എന്ന ലക്ഷ്യവു മായി മുന്നോട്ട് വന്നിരിക്കുന്ന ഒരു കൂട്ടം ബ്ലോഗേഴ്സ് ചേര്‍ന്ന് രൂപം നല്‍കിയ ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകമായ ടി. പി. വിനോദിന്റെ 'നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍ ' ജനുവരി 10 നു പ്രകാശനം ചെയ്യും.




പ്രസാധന - വിതരണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വികേന്ദ്രീ കൃതമാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബുക്ക് റിപ്പബ്ലിക് മൂല ധനം സമാഹരിച്ചത് അംഗങ്ങളില്‍ നിന്നും ചെറു തുകകളായാണ്. വിതരണവും പ്രധാനമായും അംഗങ്ങള്‍ വഴിയാണ് നടത്തുന്നത്. ഏറ്റവും പുതിയ വിതരണോ പാധിയായ ഓണ്‍ലൈന്‍ വില്‍പന മുതല്‍ പരമ്പരാഗത ശൈലിയായ വി. പി. പി. യിലൂടെ വരെ വായനയെ സ്നേഹിക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിക്കാന്‍ ബുക്ക് റിപ്പബ്ലിക് അംഗങ്ങള്‍ സജ്ജരാണ്.




ബ്ലോഗില്‍ ലാപുട എന്ന പേരില്‍ കവിതകള്‍ എഴുതുന്ന ടി. പി. വിനോദ് ആനുകാലി കങ്ങള്‍ക്ക് ഏറെ പരിചിതനാണ്. കണ്ണൂര്‍ സ്വദേശിയും കൊറിയയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ വിനോദിന്റെ അന്‍പതോളം കവിതകളുടെ സമാഹാരമാണ് ബുക്ക് റിപ്പബ്ലിക് ആദ്യമായി വായന ക്കാരിലെ ത്തിക്കുന്നത്.




ജനുവരി പത്തിനു വൈകീട്ട് ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് നടത്തുന്ന പ്രകാശന ചടങ്ങില്‍ പി. പി. രാമചന്ദ്രന്‍, അന്‍‌വര്‍ അലി, വി. എം. ഗിരിജ, ടി. കലധരന്‍, ജി. ഉഷാ കുമാരി, പി. എന്‍. ഗോപീ കൃഷ്ണന്‍, സെബാസ്റ്റ്യന്‍, അനിത തമ്പി, കവിത ബാല കൃഷ്ണന്‍, വിഷ്ണു പ്രസാദ്, ക്രിസ്പിന്‍ ജോസഫ്, സനല്‍ ശശിധരന്‍, എസ്. കണ്ണന്‍, വി. കെ. സുബൈദ, ബിനു പള്ളിപ്പാട്, ലതീഷ് മോഹന്‍, മനോജ് കുറൂര്‍, ശ്രീകുമാര്‍ കരിയാട്, അനീഷ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ബ്ലോഗില്‍ നിന്നുള്ള ആദ്യ ചലചിത്രമായ 'പരോള്‍' പ്രദശനവും വിനോദ് ശങ്കരന്‍ നടത്തുന്ന സിതാര്‍ കച്ചേരിയും ഉണ്ടായിരിക്കും.








Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



07 January 2009
വെനെസ്വേല ഇസ്രായേലി അംബാസഡറെ പുറത്താക്കി
ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വെനെസ്വേലാ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഇസ്രയേല്‍ അംബാസഡറെ പുറത്താക്കി. 600 ലേറെ പലസ്തീനികളാണ് ഇതു വരെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിദേശ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ കുറിപ്പിലാണ് ഇസ്രയേല്‍ അംബാസഡറേയും മറ്റ് ചില എംബസി ഉദ്യോഗസ്ഥരേയും പുറത്താക്കുന്നതായി അറിയിച്ചത്. ദക്ഷിണ ഇസ്രയേലില്‍ ഹമാസ് പോരാളികള്‍ നടത്തുന്ന റോക്കറ്റ് ആക്രമണം തടയുവാന്‍ വേണ്ടി കഴിഞ്ഞ മാസം 27 നാണ് ഇസ്രയേല്‍ സൈനിക നടപടികള്‍ തുടങ്ങിയത്. നേരത്തേ തന്നെ പലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിനെ ഷാവേസ് "കൊലപാതകികള്‍" എന്ന് വിളിച്ചിരുന്നു. വെനെസ്വേലയിലെ യഹൂദ ജനതയോട് ഇസ്രയേലിനെതിരെ നിലപാട് സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പാക്കിസ്ഥാനില്‍ ഇന്ത്യക്കെതിരെ ഫത്‌വ
ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ എല്ലാ പാക്കിസ്ഥാനി പൗരന്മാര്‍ക്കും ഇന്ത്യക്കെതിരെ ജിഹാദ് ബാധകമാക്കിയിരിക്കുന്നു എന്ന് പാക്കിസ്ഥാനിലെ മത നേതാക്കള്‍ ഫത്‌വ ഇറക്കി. ലാഹോറില്‍ തിങ്കളാഴ്ച നടന്ന മത നേതാക്കളുടെ സമ്മേളനത്തില്‍ ആണ് ഈ ഫത്‌വ പുറപ്പെടുവിച്ചത്. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുവാന്‍ ഇടയായാല്‍ ഉണ്ടാവുന്ന സുരക്ഷാ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി കേന്ദ്ര മന്ത്രി നൂറുള്‍ ഹഖ് ഖദ്രിയുടെ അധ്യക്ഷതയില്‍ ആണ് പ്രസ്തുത യോഗം നടന്നത്. പാക്കിസ്ഥാനെ കുറ്റവാളിയായി ചിത്രീകരിക്കുവാന്‍ ഇന്ത്യ നടത്തുന്ന ഗൂഢാലോചന ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടണം എന്നും സമ്മേളനത്തില്‍ മത നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ മുട്ട് മടക്കരുത്. പാക്കിസ്ഥാന്‍ ആണവ ശക്തി സംഭരിച്ചത് ഇത്തരം വിദേശ ആക്രമണത്തെ ചെറുക്കുവാന്‍ വേണ്ടി മാത്രമാണ്. മത നേതാക്കള്‍ക്ക് പുറമെ പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.




മുംബൈ ആക്രമണം ഈ പ്രദേശത്ത് തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി അമേരിക്കയും ഇന്ത്യയും ചേര്‍ന്നു നടത്തിയ നാടകമാണ് എന്ന് ജമാ അത്തെ ഇസ്ലാമി പാസ്സാക്കിയ പ്രമേയത്തില്‍ പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ കനത്ത നഷ്ടം നേരിടേണ്ടി വരും എന്ന് പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ പ്രദേശത്ത് ആണവ ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ ഇന്ത്യ കാരണക്കാരാവുകയും ചെയ്യും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധവും ഹീനവുമായ തന്ത്രങ്ങള്‍ പ്രയോഗിച്ച് ഹിന്ദു മുസ്ലീം വിഭാഗങ്ങളെ തമ്മില്‍ അടിപ്പിക്കുകയും മത വൈരം ആളി കത്തിക്കുകയും ചെയ്യുകയാണ് എന്നും പ്രമേയം കുറ്റപ്പെടുത്തി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



06 January 2009
യു.എ.ഇ. നാവിക സേനാ മേധാവി ഇന്ത്യയില്‍
ഇന്ത്യയുമായി ഉള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ. നാവിക സേനാ മേധാവി റിയര്‍ അഡ്മിറല്‍ അഹമ്മദ് മൊഹമ്മദ് അല്‍ സബാബ് ഇന്ത്യയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തി. ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുരീഷ് മേത്തയും കര സേനാ മേധാവി ജെനറല്‍ ദീപക് കപൂറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒന്നിച്ച് കൂടുതല്‍ സം‌യുക്ത നാവിക പരിശീലനം നടത്തുവാന്‍ യു.എ.ഇ. ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കടല്‍ കൊള്ളക്കാരെ നേരിടുന്നത് ഉള്‍പ്പടെ ഇരു രാജ്യങ്ങള്‍ക്കും താല്‍‌പര്യം ഉള്ള ഒട്ടനവധി കാര്യങ്ങളെ കുറിച്ച് ഇരു പക്ഷവും ചര്‍ച്ച നടത്തും. രസകരമായ ഒരു കാര്യം യു.എ.ഇ. നാവിക സേനാ മേധാവി തന്റെ നാവിക പരിട്ഠ്തിന്റെ ഏറിയ പങ്കും നടത്തിയത് പാക്കിസ്ഥാനിലാണ് എന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്റെ പരിശീലനം നടക്കുന്നത് മുംബായില്‍ ആണ്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കന്യാസ്ത്രീ പ്രതികളെ തിരിച്ചറിഞ്ഞു
വിശ്വ ഹിന്ദു പരിഷദ് നേതാവ് ലക്ഷ്മണാനന്ദ സരസ്വതി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒറീസ്സയില്‍ നടന്ന ബന്ദിനിടയില്‍ വര്‍ഗ്ഗീയ കലാപകാരികളാല്‍ മാന ഭംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. ഇരുപത്തി ഒന്‍പത് കാരിയായ കത്തോലിക്ക സന്യാസിനിയെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 നാണ് ഒറീസ്സയിലെ കന്ധമാലില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്തോളം പേര്‍ക്ക് പുറമെ എണ്‍പത് പേര്‍ വേറെയും ഉണ്ടായിരുന്നു പരേഡില്‍. ഇവരില്‍ നിന്നാണ് തന്നെ ആക്രമിച്ച രണ്ടു പേരെ ഇവര്‍ തിരിച്ചറിഞ്ഞത്. ശനിയാഴ്ച നടത്തുവാനിരുന്ന പരേഡ് മാധ്യമ ശ്രദ്ധ ഒഴിവാക്കുവാന്‍ വേണ്ടിയാണ് തിങ്കളാഴ്ച നടത്തിയത് എന്ന് പോലീസ് അറിയിച്ചു.

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



04 January 2009
ഇസ്രയേല്‍ സൈന്യം ഗാസയില്‍ കടന്നു
ഒരാഴ്ച നീണ്ടു നിന്ന വ്യോമ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ കര സേന ഗാസയില്‍ ആക്രമണം തുടങ്ങി. ഇതു വരെ പന്ത്രണ്ടോളം ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ലക്‌ഷ്യം എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യെഹൂദ് ബരാക് അറിയിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ദക്ഷിണ ഇസ്രയേലിലെ ജനം പൊറുതി മുട്ടിയിരിക്കുകയാണ്. എത്ര കഷ്ട്ടപ്പെട്ടായാലും തങ്ങള്‍ ഹമാസിന്റെ യുദ്ധ കേന്ദ്രങ്ങള്‍ തകര്‍ക്കുക തന്നെ ചെയ്യും. എത്ര സൈനികര്‍ ഈ യുദ്ധത്തില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടാലും ശരി തങ്ങളുടെ ലക്‌ഷ്യം കാണുന്നത് വരെ യുദ്ധം തുടരും. എന്നാലേ ദക്ഷിണ ഇസ്രയേലിലെ ജനങ്ങള്‍ക്ക് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ ആവൂ. എന്നാല്‍ ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ ശവ പറമ്പ് ആയിരിക്കും എന്ന് ഇതിന് മറുപടിയായി ഹമാസ് വക്താവ് അറിയിച്ചു. ഗാസ ഒരിക്കലും ഇസ്രായേലിനു പൂക്കള്‍ വിരിച്ച പരവതാനി ആയിരിക്കുകയില്ല. മറിച്ച് തീയും നരകവും ആയിരിക്കും എന്നും ഹമാസ് മുന്നറിയിപ്പ് നല്കി.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



03 January 2009
ഗാസയിലെ ജനതക്ക് ഇന്ത്യ ഒരു കോടി ഡോളര്‍ സഹായം നല്‍കും
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് ഇന്ത്യ ഒരു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തി വെച്ച് സമാധാന പ്രക്രിയ പുനരാരംഭിക്കണം എന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ നടത്തിയ അടിയന്തര സഹായ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യ ഒരു കോടി ഡോളറിന്റെ ധന സഹായം നല്‍കുന്നത്. ഈ തുക ആക്രമണത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം, ധന സഹായം, അത്യാവശ്യം വീട്ട് സാമഗ്രികള്‍ എന്നിവ വാങ്ങിക്കുവാന്‍ ഉപയോഗിക്കും. അടിയന്തിരമായി യുദ്ധം അവസാനിപ്പിച്ചു സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കണം. ഇത് സമാധാന പ്രക്രിയ പുനരാരംഭിക്കുവാന്‍ സഹായിക്കും. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിക്കുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



01 January 2009
ഗാസ - ഐക്യ രാഷ്ട്ര സഭയില്‍ തീരുമാനം ആയില്ല
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിന് എതിരെ ഐക്യ രാഷ്ട്ര സഭയില്‍ ചര്‍ച്ചക്ക് വന്ന ലിബിയന്‍ പ്രമേയത്തില്‍ തീരുമാനം ഒന്നും ആയില്ല. ഐക്യ രാഷ്ട്ര സഭ ഉടന്‍ പ്രദേശത്ത് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ ഈ പ്രമേയത്തില്‍ പലസ്തീന്‍ ഇസ്രായേലിനു നേരെ നടത്തുന്ന ആക്രമണത്തെ പറ്റി ഒന്നും പരാമര്‍ശിക്കുന്നില്ല എന്ന് അമേരിക്കയും ബ്രിട്ടനും അഭിപ്രായപ്പെട്ടു. ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുവാന്‍ വേണ്ടി 48 മണിക്കൂര്‍ വെടി നിര്‍ത്തല്‍ നടത്തുവാന്‍ ഇസ്രയേല്‍ പ്രധാന മന്ത്രി യെഹൂദ് ഓള്‍മെര്‍ട്ട് വിസമ്മതിച്ചു | വെടി നിര്‍ത്തല്‍ ഹമാസും ഇസ്രയെലും തമ്മില്‍ തീരുമാനിച്ചു നടപ്പിലാക്കേണ്ടതാണ് എന്നും ഇതില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടരുത് എന്നും അമേരിക്കന്‍ അംബാസ്സഡര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അഞ്ചു ദിവസമായി യുദ്ധം തുടരുന്ന പ്രദേശം താന്‍ ഉടന്‍ തന്നെ സന്ദര്‍ശിച്ചു പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായും എന്ന് ഫ്രെഞ്ച്‌ പ്രസിഡന്റ് സര്‍ക്കോസി പ്രസ്താവിച്ചു. തങ്ങള്‍ക്ക് നേരെയുള്ള ഭീഷണി ഒഴിവാകുന്നത് വരെ തങ്ങള്‍ സൈനിക നടപടിയുമായി മുന്‍പോട്ടു പോകുക തന്നെ ചെയ്യും എന്ന് ഇസ്രയേല്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്