30 April 2009
ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കും - ജയലളിത
ലോക സഭ തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ഇഷ്ടത്തിനുള്ള സര്‍ക്കാരാണ് അധികാരം ഏല്‍ക്കുന്നത് എങ്കില്‍ ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കും എന്ന് എ. ഐ. എ. ഡി. എം. കെ. നേതാവ് ജയലളിത പ്രഖ്യാപിച്ചു. സൈന്യത്തെ അയക്കുക മാത്രമല്ല തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ ഒരു പ്രത്യേക പ്രദേശം രൂപീകരിക്കാനുള്ള നടപടികളും താന്‍ സ്വീകരിക്കും എന്ന് അവര്‍ പറഞ്ഞു. തനിക്ക് അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും അറിയില്ല എന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശം അവര്‍ തള്ളി കളഞ്ഞു. ബംഗ്ലാദേശ് രൂപീകരണത്തിന് ഇന്ത്യന്‍ സേനയെ അയച്ച ഇന്ദിരാ ഗാന്ധിയേയും ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സമാധാന സേനയെ നിയോഗിച്ച രാജീവ് ഗാന്ധിയേയും കോണ്‍ഗ്രസ് ഇതേ പോലെ വിമര്‍ശിക്കുമോ എന്നു ജയലളിത ചോദിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



28 April 2009
പലസ്തീന്‍ വെനസ്വേലയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു
palestine-venezuela-flagsതെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ പലസ്തീന്‍ തങ്ങളുടെ നയതന്ത്ര കാര്യാലയം സ്ഥാപിച്ചു കൊണ്ട് തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഔദ്യോഗികമാക്കി. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണ വേളയില്‍ തങ്ങള്‍ക്ക് വെനസ്വേല നല്‍കിയ പിന്തുണക്ക് പലസ്തീന്‍ വിദേശ കാര്യ മന്ത്രി റിയാദ് അല്‍ മല്‍കി വനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന് നന്ദി പറഞ്ഞു. ഗാസാ ആക്രമണത്തില്‍ പ്രതിഷേധിച്ച് വെനസ്വേല ഇസ്രയേലുമായി ഉള്ള നയതന്ത്ര ബന്ധങ്ങള്‍ വേര്‍പെടുത്തി പലസ്തീന്‍ ജനതയുമായി തങ്ങളുടെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചത് ഷാവേസിനെ അറബ് ലോകത്തിന്റെ പ്രിയങ്കരന്‍ ആക്കി മാറ്റിയിരുന്നു. പലസ്തീന്‍ പ്രശ്നം തങ്ങളുടെ സ്വന്തം പ്രശ്നം ആണെന്ന് വെനസ്വേലന്‍ വിദേശ കാര്യ മന്ത്രി നിക്കോളാസ് മടൂറോ പറഞ്ഞതിന് മറുപടിയായി ഷാവേസ് അറബ് ലോകത്തിന്റെ ഏറ്റവും ജനപ്രീതി നേടിയ നേതാവാണ് എന്ന് അല്‍ മല്‍കി പ്രശംസിച്ചു. കറാകാസ്സില്‍ തിങ്കളാഴ്ച്ച വൈകീട്ട് പലസ്തീന്‍ എംബസ്സി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇരുവരും.
 





 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



“പേശാമടന്ത” പ്രകാശനം
jyothibai-pariyadathജ്യോതി ബായ്‌ പരിയാടത്തിന്റെ കവിതാ സമാഹാരം 'പേശാമടന്ത' പ്രകാശിതമാവുന്നു. മെയ് 1 ന് പാലക്കാട്‌ ആലോചനാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. കഥാകൃത്ത്‌ സുഭാഷ് ചന്ദ്രന്‍ പുസ്തകം ഏറ്റു വാങ്ങും.
 
പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജ്‌ എം. ഡി. രാമനാഥന്‍ ഹാളില്‍ വൈകുന്നേരം 5 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക.
 
എഴുത്തു കാരനും മാതൃഭൂമി പാലക്കാട്‌ പബ്ളിക്‌ റിലേഷന്‍സ്‌ മാനേജരുമായ പ്രൊഫ. പി. എ. വാസു ദേവന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേരള കലാ മണ്ഡലം മുന്‍ സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ പുസ്തക പരിചയം നിര്‍വഹിക്കുന്നു.
 





 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



27 April 2009
പന്നി പനി പടരുന്നു
പന്നി പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനാണ് ഇത്തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗ ഭീഷണി വര്‍ധിച്ചു എന്ന് ഇതിന് അര്‍ഥമില്ല എന്നും ഇത്തരം ഒരു പ്രഖ്യാപനം രോഗത്തെ നേരിടുന്നതിന് ഭരണ സംവിധാനത്തിന് കൂടുതല്‍ അധികാരങ്ങളും സ്വാതന്ത്ര്യവും നല്‍കും എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെക്സിക്കോവില്‍ നിന്നും ഉല്‍ഭവിച്ച ഈ പകര്‍ച്ച വ്യാധി ന്യൂയോര്‍ക്ക് വരെ എത്തി എന്നാണ് സൂചന. അമേരിക്കയില്‍ ഇതിനോടകം 20 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. പകര്‍ച്ച വ്യാധി വരുത്താവുന്ന വിപത്തിന്റെ അളവ് എത്രയാവും എന്ന് അറിയാത്ത നിലക്ക് അതിനുള്ള മുന്‍‌കരുതല്‍ ആയിട്ടാണ് ഇത്തരം ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു.
 


മുന്‍‌കരുതല്‍ : മെക്സിക്കോയില്‍ മുഖം മൂടി അണിഞ്ഞ് ചുംബിക്കുന്ന ദൃശ്യം

 
ഇതിനിടയില്‍ ആസ്ത്രേലിയയും ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വയറസ് ന്യൂസീലാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണിത്. മെക്സിക്കോയില്‍ നിന്നും അമേരിക്കയിലും ബ്രിട്ടനിലും വയറസ് എത്തിയിട്ടുണ്ട്. മെക്സിക്കോയില്‍ നിന്നും വന്ന ഒരു ഇരുപത്തഞ്ച് അംഗ സംഘമാണ് പനി ന്യൂസീലാന്‍ഡില്‍ കൊണ്ടു വന്നത് എന്നാണ് ന്യൂസീലാന്‍ഡ് അധികൃതര്‍ പറയുന്നത്.
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



26 April 2009
പാക്കിസ്ഥാനില്‍ ഇടപെടും : അമേരിക്ക
US will attack pakistan talibanതാലിബാന്‍ ഭീകരരെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ സ്വാത് താഴ്വര ആക്രമിക്കും എന്ന് അമേരിക്ക വ്യക്തമാക്കി. ബൂണര്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയപ്പോള്‍ ഒബാമ ഭരണകൂടം തങ്ങളെ ബന്ധപ്പെടുകയും ഈ കാര്യം അറിയിക്കുകയും ചെയ്തു എന്ന് ഒരു മുതിര്‍ന്ന പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനും അല്‍ഖൈദക്കും എതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആണവ രാഷ്ട്രമായ പാക്കിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ ആവുന്നത് അമേരിക്കയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ. താലിബാനോട് ബൂണറില്‍ നിന്നും പിന്‍‌വാങ്ങാന്‍ ആവശ്യപ്പെട്ടത് എന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ താലിബാന്റെ പിന്മാറ്റം പൂര്‍ണ്ണമല്ല എന്ന് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടത്തെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും താലിബാന്‍ നടപ്പിലാക്കിയ തങ്ങളുടെ രീതിയിലുള്ള ഇസ്ലാമിക നിയമത്തിന്റേയും താലിബാന്‍ ഭീകരരുടേയും ദയയില്‍ ആണ് കഴിയുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



പനി തടയാന്‍ കൈ കഴുകുക
മെക്സിക്കോയില്‍ പടര്‍ന്നു പിടിക്കുന്ന പന്നി പനി ഒരു ആഗോള പകര്‍ച്ച വ്യാധിയായി മാറുമോ എന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും പ്രാദേശികമായി ഇത് പകരുക തന്നെ ചെയ്യും. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഈ വൈറസിന്റെ ശേഷി തന്നെയാണ് ഇതിനെ ഏറ്റവും അപകടകാരി ആക്കുന്നത്. എന്നാല്‍ ഇത്തരം പനികള്‍ക്ക് എതിരെ നമുക്ക് സ്വീകരിക്കാവുന്ന ചില മുന്‍‌കരുതലുകള്‍ ഉണ്ട്. അമേരിക്കയിലെ പ്രസിദ്ധമായ സി.ഡി.സി. (സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍) യുടെ സ്ഥാപക ലക്ഷ്യം തന്നെ ഇത്തരം പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുക എന്നതാണ്. സി.ഡി.സി. യുടെ ഡയറക്ടര്‍ ഡോ. റിച്ചാര്‍ഡ് ബെസ്സര്‍ പറയുന്നത് ചില പ്രാഥമിക മുന്‍ കരുതലുകള്‍ സ്വീകരിച്ചാല്‍ ഓരോ വ്യക്തിക്കും തനിക്ക് പനി വരാതെ സൂക്ഷിക്കാന്‍ ആവും എന്നാണ്. ഇതില്‍ ഏറ്റവും പ്രധാനം വ്യക്തിപരമായ ശുചിത്വം തന്നെ. ആഹാരം കഴിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും കൈ കഴുകണം. നന്നായി സോപ്പിട്ടോ അല്ലെങ്കില്‍ പ്രത്യേകം അണുനാശിനികള്‍ ഉപയോഗിച്ചോ കൈ കഴുകുന്നത് ആണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പ്രബലം ആയി നില്‍ക്കുന്ന അവസരത്തില്‍ ഉത്തമം. വെള്ളം ലഭ്യമല്ലാത്ത അവസരത്തില്‍ കൈ ശുചിയാക്കാന്‍ ഉള്ള ആല്‍ക്കഹോള്‍ അധിഷ്ഠിതം ആയ ജെലുകളോ ഫോമുകളോ ഉപയോഗിക്കാവുന്നതാണ്.
 
ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടി വെക്കുക. ഇത് അണുക്കള്‍ പരക്കുന്നതിനെ ഒരു പരിധി വരെ തടയും. തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്ത് വരുന്ന കണികകള്‍ മേശ പുറത്തും പാത്രങ്ങളുടെ പുറത്തും ഫോണിലും ഒക്കെ ഒട്ടി പിടിച്ച് ഇരിക്കുന്നു. ഇത് പിന്നീട് കൈ വിരലുകളിലൂടെ വായിലും മൂക്കിലും കണ്ണിലും എത്തുന്നു. ഇതാണ് പനി ഏറ്റവും അധികം വ്യാപകമായി പകരുന്ന രീതി. ഇത് തടയുവാന്‍ ഇടക്കിടക്ക് കൈ കഴുകുന്നത് സഹായകരമാവും.
 
ശരീര വേദന, തുമ്മല്‍, ചുമ, പനി എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജോലിക്കും മറ്റും പോകാതെ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണം. പൊതു സ്ഥലങ്ങളില്‍ സമയം ചിലവഴിക്കുകയോ പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുകയോ അരുത്.
 
നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ പനി പടരുന്ന പക്ഷം കഴിയുന്നതും വീടിനു വെളിയില്‍ ഇറങ്ങാതിരിക്കുക. ജോലിക്ക് പോകുകയാണെങ്കില്‍ കഴിയുന്നത്ര മറ്റുള്ളവരുമായി കൂടുതല്‍ ശാരീരിക സാമീപ്യം ഒഴിവാക്കുക.
 
ഇത്തരം ലളിതമായ മുന്‍‌കരുതലുകള്‍ക്ക് നിങ്ങളെ പകര്‍ച്ച വ്യാധിയില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.
 





 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



25 April 2009
മെക്സിക്കോയില്‍ പന്നി പനി
swine flu outbreak in mexicoഇന്നു വരെ കാണാത്ത ഒരു പുതിയ തരം വൈറസ് മെക്സിക്കോയില്‍ പടര്‍ന്ന് പിടിക്കുന്നു. ഇത് അമേരിക്കയിലേക്കും പകര്‍ന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ ഇതിനോടകം തന്നെ പലരേയും വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരെല്ലാവരും തന്നെ സുഖം പ്രാപിച്ചു വരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ മെക്സിക്കോവില്‍ വ്യാപകമായി പടര്‍ന്ന വൈറസ് ബാധ മൂലം 61 പേര്‍ എങ്കിലും മരണമടഞ്ഞു എന്ന് മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു.
 
സ്വൈന്‍ ഫ്ലു എന്ന ഒരു തരം പന്നി പനി ആണ് ഈ വൈറസ് പരത്തുന്നത്.
 
മെക്സിക്കോവിലെ സ്ക്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാ പൊതു ചടങ്ങുകളും മാറ്റി വെച്ചിട്ടുണ്ട്. 1000 പേര്‍ക്ക് എങ്കിലും പനി ബാധിച്ചിട്ടുണ്ട് എന്നാണ് നിഗമനം. പന്നിയില്‍ നിന്നും മനുഷ്യനില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള വൈറസിന്റെ ഒരു സങ്കര ജന്മമാണ് ഈ പുതിയ വൈറസ് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഇതിന്റെ ശേഷിയാണ് ഇതിനെ അത്യന്തം അപകടകാരി ആക്കുന്നത്.
 
ഒരു ആഗോള പകര്‍ച്ച വ്യാധി ആയി ഇത് മാറുമോ എന്ന ആശങ്ക വ്യാപകം ആണെങ്കിലും ഇതു വരെയുള്ള വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നു മില്ലാത്തതിനാല്‍ ഇത്തരം ഒരു സാധ്യത ശാസ്ത്രജ്ഞര്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല.
 
ലോകമെമ്പാടും ഒരു വര്‍ഷം പനി മൂലം 2.5 ലക്ഷം മുതല്‍ 5 ലക്ഷം പേര്‍ മരിക്കുന്നു. എന്നാല്‍ ഇത് ഇത് കാലികമായ ഒരു പ്രതിഭാസം മാത്രമാണ്. 2003ല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട പക്ഷി പനിയും ഒരു കാലിക പ്രതിഭാസം ആയിരുന്നു എങ്കിലും ഈ വൈറസിന്റെ സ്വഭാവത്തില്‍ ചില ഭേദഗതികള്‍ വന്നാല്‍ ഇതിന് ഒരു ആഗോള പകര്‍ച്ച വ്യാധിയായി രൂപം മാറുവാന്‍ ഉള്ള ശേഷി ഉള്ളതായി ശാസ്ത്ര ലോകം ഭയത്തോടെ കണ്ടെത്തിയിരുന്നു. ഇനിയും ഇത്തരം ഒരു ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. ഇതിനു മുന്‍പ് മനുഷ്യ ചരിത്രത്തില്‍ ഇത്തരം ഒരു ആഗോള പകര്‍ച്ച വ്യാധി 1968ല്‍ പത്ത് ലക്ഷത്തിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഹോങ്‌കോങ് പനി മൂലം ആയിരുന്നു ഉണ്ടായത്.
 





 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



24 April 2009
പാക്കിസ്ഥാന്‍ നിലം‌പതിക്കുമോ?
പാക്കിസ്ഥാന്‍ തലസ്ഥാനത്തേക്ക് താലിബാന്‍ മുന്നേറി കൊണ്ടിരിക്കുന്നത് ലോകം ആശങ്കയോടെ ഉറ്റു നോക്കുന്നു. ഇസ്ലാമാബാദിന് തൊട്ടടുത്തുള്ള ഒരു പ്രവിശ്യ താലിബാന്‍ ഭീകരരുടെ കൈയ്യില്‍ ആവാതിരിക്കാന്‍ വേണ്ടി അവിടേക്ക് അയച്ച ഒരു സൈനിക വ്യൂഹം താലിബാന്‍ ഭീകരര്‍ ഇന്നലെ ആക്രമിച്ചു നശിപ്പിച്ചതോടെ ഈ ആശങ്ക പ്രബലപ്പെട്ടു. ഇസ്ലാമാബാദില്‍ നിന്നും വെറും നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ബുണര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. ബുണറിലെ നിയമ വ്യവസ്ഥ അനിശ്ചിതത്വത്തിലാണ്. ഇവിടത്തെ ആറ് ന്യായാധിപന്മാരും അടിയന്തര അവധി എടുത്ത് ഇവിടെ നിന്നും സ്ഥലം വിട്ടിരിക്കുന്നു. ഇവിടെ നിന്നും വന്‍ തോതില്‍ യുവാക്കളെ താലിബാന്‍ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഇവിടെ നിന്നും താലിബാനെ പുറം തള്ളുക എന്നത് അസാധ്യം ആവും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



23 April 2009
പുലി പ്രമുഖര്‍ പിടിയില്‍
അവസാന ഘട്ട ആക്രമണത്തിന് ശ്രീലങ്കന്‍ സൈന്യം ഒരുങ്ങുന്നതിനിടയില്‍ ഇന്നലെ രണ്ട് പ്രമുഖ പുലി നേതാക്കള്‍ കൂടി പിടിയില്‍ ആയി. ഇവര്‍ കീഴടങ്ങിയതാണ് എന്ന് ശ്രീലങ്കന്‍ സൈന്യം പറയുന്നുണ്ടെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇവരെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുക ആയിരുന്നു എന്ന് പുലികള്‍ അറിയിച്ചു. പിടിയില്‍ ആവുമെന്ന് ഉറപ്പായാല്‍ പുലികള്‍ കഴുത്തില്‍ അണിയുന്ന സയനൈഡ് കാപ്സ്യൂള്‍ കഴിച്ച് സ്വയം മരണം വരിക്കുകയാണ് പതിവ്.
 
എല്‍.ടി.ടി.ഇ. യുടെ മാധ്യമ കോര്‍ഡിനേറ്റര്‍ ആയിരുന്ന ദയാ മാസ്റ്റര്‍ എന്ന് അറിയപ്പെടുന്ന വേലായുതം ദയാനിധി, പുലികളുടെ രാഷ്ട്രീയ വിഭാഗം തലവന്‍ ആയിരുന്ന വധിക്കപ്പെട്ട തമിള്‍ ചെല്‍‌വന്റെ വളരെ അടുത്ത അനുയായി ആയിരുന്ന ജോര്‍ജ്ജ് എന്നിവരാണ് ഇപ്പോള്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ പിടിയില്‍ ഉള്ള പ്രമുഖര്‍.
 


യുദ്ധ ഭൂമിയില്‍ നിന്നും പലായനം ചെയ്യുന്ന തമിഴ് വംശജര്‍

 
പുലി തലവന്‍ പ്രഭാകരന്‍ ഇനിയും ശേഷിക്കുന്ന ആറ് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. എന്നാല്‍ കീഴടങ്ങാന്‍ നല്‍കിയ അവസരം തള്ളി കളഞ്ഞ സ്ഥിതിക്ക് പിടിക്കപ്പെട്ടാല്‍ പ്രഭാകരന് മാപ്പ് നല്‍കില്ല എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്സ വ്യക്തമാക്കി.
 
 

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



മാവോയിസ്റ്റുകള്‍ ആഞ്ഞടിക്കുന്നു
ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുവാന്‍ ഉള്ള ശ്രമത്തില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ ആഞ്ഞടിക്കുന്നു. ജാര്‍ഖണ്ട്, ആന്ധ്ര പ്രദേശ്, ബീഹാര്‍, ഒറീസ്സ, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ അഴിച്ചു വിട്ട ആസൂത്രിതമായ ആക്രമണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും, സുരക്ഷാ ഉദ്യോഗസ്ഥരേയും വോട്ടര്‍മാരേയും ഭീതിയില്‍ ആഴ്ത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ഉള്ള തങ്ങളുടെ ആഹ്വാനം ചെവി കൊള്ളാതിരുന്നാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ഇവരുടെ താക്കീത്. ഇരുന്നൂറ്റി അമ്പതോളം വരുന്ന നക്സലുകള്‍ കഴിഞ്ഞ ദിവസം അഞ്ഞൂറോളം പേര്‍ യാത്ര ചെയ്തിരുന്ന ഒരു പാസഞ്ചര്‍ തീവണ്ടി റാഞ്ച്ചി എടുത്തെങ്കിലും പിന്നീട് ആര്‍ക്കും അപായമില്ലാതെ ഇവരെ വിട്ടയച്ചു. ജയ്പൂര്‍, ഡല്‍ഹി, മുംബായ് എന്നിവിടങ്ങളില്‍ നടന്ന ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന്റെ ഭീഷണിയേക്കാള്‍ ഗുരുതരം ആയിരിക്കുന്നു ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി.
 
1967ല്‍ വെസ്റ്റ് ബംഗാളില്‍ നടന്ന ആദ്യ നക്സല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ 6,000 പേരോളം ഇതിനോടകം കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തുന്നു. 650 പോലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ആക്രമണത്തെ തുടര്‍ന്ന് ജീവന്‍ വെടിഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



22 April 2009
അമേരിക്കയുടെ മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ
protest against missile shield plan in pragueഅമേരിക്ക പാശ്ചാത്യ സഖ്യ കക്ഷികളുടെ സഹകരണത്തോടെ യൂറോപ്പില്‍ നടപ്പിലാക്കുന്ന മിസൈല്‍ പദ്ധതിക്കെതിരെ റഷ്യ ശക്തമായ താക്കീത് നല്‍കി. പരിപാടിയുടെ മൂന്നാം ഘട്ടം യൂറോപ്പില്‍ സ്ഥാപിക്കുന്ന പക്ഷം തങ്ങളുടെ “ഇസ്കന്ദര്‍” മിസൈലുകള്‍ പോളണ്ടിനും ലിത്വാനിയക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന കലിന്‍‌ഗ്രാഡ് പ്രദേശത്ത് സ്ഥാപിക്കും എന്ന് റഷ്യ മുന്നറിയിപ്പു നല്‍കി. ഇത് ചെയ്യണം എന്ന് തങ്ങള്‍ക്ക് ഒട്ടും താല്പര്യമില്ല. എന്നാല്‍ അമേരിക്കന്‍ ആയുധ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് ഇത്തരം ഒരു നടപടി സ്വീകരിക്കേണ്ടി വന്നാല്‍ തങ്ങള്‍ ഇത് ചെയ്യാന്‍ മടിക്കില്ല എന്നും റഷ്യ അറിയിച്ചു. മിസൈല്‍ വേധ സംവിധാനം പോളണ്ടിലും ചെക്കോസ്ലോവാക്യയിലും സ്ഥാപിക്കുന്നത് ഇറാന്റെ ഭീഷണിയെ ചെറുക്കാന്‍ ആണെന്നാണ് അമേരിക്കയുടെ പക്ഷം. റഷ്യക്ക് ഇത് ഒരു ഭീഷണിയാവില്ല എന്നും വാഷിങ്ടണ്‍ ആവര്‍ത്തിക്കുന്നു. ജോര്‍ജ്ജ് ബുഷ് തുടങ്ങി വെച്ച ഈ ആയുധ പന്തയം ഒബാമ ഭരണകൂടം തുടരില്ല എന്നായിരുന്നു പ്രതീക്ഷ. ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിന് മുന്‍പ് സാധ്യതാ പഠനം നടത്തും എന്നും മറ്റും പുതിയ അമേരിക്കന്‍ ഭരണകൂടം പറഞ്ഞിരുന്നതുമാണ്. എന്നാല്‍ ഈ മാസം ആദ്യം തന്റെ പ്രേഗ് സന്ദര്‍ശന വേളയില്‍ പദ്ധതിക്ക് അനുകൂലം ആയി ഒബാമ സംസാരിച്ചത് ആണ് റഷ്യക്ക് വീണ്ടും തലവേദന ഉണ്ടാക്കിയിരിക്കുന്നത്.
 
(ചെക്കോസ്ലോവാക്യയിലെ പ്രേഗില്‍ അമേരിക്കന്‍ മിസൈല്‍ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനം ആണ് ഫോട്ടോയില്‍ കാണുന്നത്.)

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



20 April 2009
ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന് പലസ്തീന്‍
ഇസ്രയേലിനെ യഹൂദന്മാരുടെ രാഷ്ട്രമായി അംഗീകരിക്കണം എന്ന ഇസ്രയേല്‍ പ്രധാന മന്ത്രി ബിന്യാമീന്‍ നെതന്യാഹുവിന്റെ ആവശ്യം പലസ്തീന്‍ അധികൃതരും ഹമാസും നിരസിച്ചു. ഇരു വിഭാഗവും തമ്മില്‍ ഉള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഈ ആവശ്യം ഒരു ഉപാധിയായി ഇസ്രയേല്‍ പ്രധാന മന്ത്രി മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജോര്‍ജ്ജ് മിഷെലുമായി നറ്റത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് മിഷെല്‍ വെള്ളിയാഴ്ച പലസ്തീന്‍ അതോറിറ്റി പ്രസിഡണ്ട് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയും ഇസ്രയേലിന്റെ ആവശ്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങള്‍ എന്ന പലസ്തീന്റെ കാഴ്ചപ്പാട് ഇസ്രയേലിനെ കൊണ്ട് അംഗീകരിപ്പിക്കണം എന്നായിരുന്നു പലസ്തീന്‍ പ്രതിനിധികളുടെ നിലപാട്. മാത്രമല്ല, ഇസ്രയേലുമായി നേരത്തെ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ കരാറുകളും ഇസ്രയേല്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



19 April 2009
പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം
പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്ത് ഇന്നലെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഉന്നത താലിബാന്‍ നേതാവ് ഏറ്റെടുത്തു. പാക്കിസ്ഥാന്റെ ഗ്രാമീണ പ്രദേശങ്ങളില്‍ അമേരിക്ക ആക്രമണം തുടരുന്ന പക്ഷം ഇത്തരം ആക്രമണങ്ങളും തുടരും എന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ ഉടനീളം താലിബാന്റെ നേതൃത്വത്തില്‍ ഇത്തരം ആക്രമണങ്ങള്‍ പെരുകുന്നുണ്ടെങ്കിലും അല്‍ ക്വൈദ ഭീകരര്‍ ഒളിച്ചിരിക്കുന്ന അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആണ് ആക്രമണങ്ങള്‍ ഏറെയും നടക്കുന്നത്. ഈ പ്രദേശത്താണ് ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിക്കുന്നതായി കരുതപ്പെടുന്നത്. ശനിയാഴ്ച നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ ഒരു പോലീസ് സ്റ്റേഷനും പന്ത്രണ്ടോളം സൈനിക വാഹനങ്ങളും നശിച്ചു. 25 സുരക്ഷാ ഭടന്മാരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. സ്ഥലം പോലീസ് മേധാവി അടക്കം അറുപതോളം പേര്‍ക്ക് പരിക്കുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ഉണ്ണിക്കും ടോംസിനും പുരസ്ക്കാരം
മലയാളത്തിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ഉണ്ണിക്കും ടോംസിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റിന്റെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നല്‍കുന്നു. മെയ് 18ന് ബാംഗളൂരില്‍ വെച്ച് നടക്കുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ ദേശീയ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും ഇവര്‍ക്ക് ഈ ബഹുമതി സമ്മാനിക്കുന്നത്. ഇവരോടൊപ്പം ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള ശ്രീ കാക്ക്, മഹാരാഷ്ട്രയില്‍ നിന്നും വസന്ത് സാര്‍വതെ, ആന്ധ്രയില്‍ നിന്നും ടി. വെങ്കട്ട റാവു, കര്‍ണ്ണാടകത്തില്‍ നിന്നും ശ്രീ പ്രഭാകര്‍ റാഒബൈല്‍, തമിഴ് നാട്ടില്‍ നിന്നും ശ്രീ മദന്‍ എന്നിവര്‍ക്കും ഈ ബഹുമതി സമ്മാനിക്കും എന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി അഭിമാന പുരസ്സരം അറിയിക്കുന്നു.
 
- സുധീര്‍നാഥ് (സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി)

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



18 April 2009
ഇറാന്‍ ആക്രമിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നു
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം സന്നദ്ധം ആണെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി ചുമതല ഏറ്റ സര്‍ക്കാര്‍ ആക്രമണ അനുമതി നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം ഈ ആക്രമണം ഇസ്രയേല്‍ സൈന്യം നടത്തും എന്നാണ് സൂചന. ഇത്തരം ഒരു ആക്രമണം അപകടകരമാണ് എന്ന് നിരീക്ഷകര്‍ കരുതുന്നു. ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടെത്തണം എന്നത് തന്നെ കാരണം. എന്നാല്‍ ഇതിനായി ഇസ്രയേല്‍ കഴിഞ്ഞ് നാളുകളിലായി ഒട്ടേറെ പരിശീലനവും ഒരുക്കങ്ങളും പൂര്‍ത്തി ആക്കുകയുണ്ടായി.
 
മൂന്ന് “അവാക്” യുദ്ധ വിമാനങ്ങള്‍ ഈ ആവശ്യത്തിനായി ഇസ്രയേല്‍ സ്വന്തം ആക്കുകയുണ്ടായി. (AWAC - Airborne Warning and Control). 870 മൈല്‍ ദൂരമാണ് ഇത്തരം ഒരു ആക്രമണത്തിന് ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരിക. ഈ ദൂരം കഴിഞ്ഞ വര്‍ഷം നടത്തിയ പരിശീലന പറക്കലില്‍ ഇസ്രയേല്‍ വ്യോമ സേന സഞ്ചരിച്ചു കഴിഞ്ഞു. ജോര്‍ദാന്‍, ഇറാഖ് എന്നിങ്ങനെ അമേരിക്കന്‍ സൈനിക സാന്നിധ്യം ഉള്ള പ്രദേശങ്ങളിലൂടെ ആവും ഈ യുദ്ധത്തിന് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരിക എന്നതും ഇസ്രയേലിന് അനുകൂലം ആവും.
 
ആക്രമണത്തെ തുടര്‍ന്ന് പ്രത്യാഘാതങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ദേശ വ്യാപകമായ ഒരു സൈനിക ഡ്രില്‍ ഇസ്രയേല്‍ നടത്തുകയുണ്ടായി.
 
1981ല്‍ ഇറാഖിന്റെ ആണവ സ്വപ്നങ്ങള്‍ തകര്‍ത്ത ഇസ്രയേല്‍ ആക്രമണത്തിന് സമാനം ആയ ഒരു ആക്രമണം ആവും ഇതെന്നാണ് കരുതപ്പെടുന്നത്. അന്ന് ബാഗ്ദാദിന് അടുത്തുള്ള ഒസിറാക് എന്ന ആണവ കേന്ദ്രം ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ വെറും നൂറ് സെക്കന്‍ഡുകള്‍ കൊണ്ടാണ് ആക്രമിച്ചു നശിപ്പിച്ചത്.
 
ഗാസയിലേക്ക് ആയുധവുമായി പോകുക ആയിരുന്ന ഒരു കപ്പല്‍ സുഡാനില്‍ വെച്ച് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ആക്രമിച്ചത് ഇത്തരം ഒരു യുദ്ധത്തിനുള്ള മുന്നൊരുക്കം ആയിരുന്നു എന്ന് കരുതപ്പെടുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



17 April 2009
ബുഷിന്റെ മര്‍ദ്ദന മുറകള്‍ ഒബാമ വെളിപ്പെടുത്തി
ജോര്‍ജ്ജ് ബുഷിന്റെ ഭരണ കാലത്ത് അമേരിക്കന്‍ സര്‍ക്കാര്‍ തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ട തടവുകാര്‍ക്ക് നേരെ പ്രയോഗിച്ച മര്‍ദ്ദന മുറകളെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് ഒബാമ പ്രസിദ്ധപ്പെടുത്തി. ഒരു കുടുസ്സു മുറിയില്‍ പ്രാണികളോടൊപ്പം പൂട്ടിയിടുക, മതിലിലേക്ക് വലിച്ചെറിയുക, മുഖത്ത് അടിക്കുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, ശാരീരിക ചലനങ്ങള്‍ സാധ്യമല്ലാത്ത വിധം ചെറുതായ മനുഷ്യ കൂടുകളില്‍ ചങ്ങലക്കിടുക എന്നിങ്ങനെ അനേകം മര്‍ദ്ദന മുറകളെ പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.
 
ഇതില്‍ ഏറ്റവും പ്രസിദ്ധമായ വിദ്യ “വാട്ടര്‍ ബോഡിങ്” എന്നാണ് അറിയപ്പെടുന്നത്. ഒരു വീതി കുറഞ്ഞ ബെഞ്ചില്‍ തടവുകാരനെ കെട്ടി ഇട്ട് ബെഞ്ചടക്കം ഇയാളെ തല കീഴായി ബെഞ്ച് ഉയര്‍ത്തി നിര്‍ത്തും. ഇയാളുടെ മുഖം ഒരു തുണി വെച്ച് മൂടിയതിനു ശേഷം തുണിയില്‍ കുറേശ്ശെ വെള്ളമൊഴിക്കും. ഇതോടെ ഇരയുടെ മനസ്സില്‍ എന്തോ അത്യാപത്ത് വരുന്ന പ്രതീതി ജനിക്കും. ഒപ്പം ശ്വാസം മുട്ടുന്നതായും അനുഭവപ്പെടും.
 
മറ്റൊരു കുപ്രസിദ്ധമായ വിദ്യക്ക് ഇവര്‍ “വാളിങ്ങ്” എന്നാണ് പേര്‍ നല്‍കിയിരിക്കുന്നത്. കഴുത്തില്‍ ഒരു പ്ലാസ്റ്റിക് പട്ട വഴി ബന്ധിപ്പിച്ച തടവുകാരനെ ഒരു പ്രത്യേകമായി നിര്‍മ്മിച്ച മതിലിലേക്ക് വലിച്ചെറിയും. മതിലില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന ശബ്ദത്തെ പ്രത്യേക സംവിധാനം വഴി ഉച്ചത്തിലാക്കി കേള്‍പ്പിക്കുന്നതോടെ തനിക്ക് വന്‍ ആഘാതമാണ് ലഭിച്ചത് എന്ന് ഇരക്ക് തോന്നും. ഇവരുടെ മറ്റൊരു പ്രിയപ്പെട്ട വിനോദം തടവുകാരെ പട്ടിണിക്ക് ഇടുക എന്നതായിരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
 
ഇതൊന്നും മര്‍ദ്ദനമല്ല എന്നായിരുന്നു ബുഷ് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ ഇതെല്ലാം മര്‍ദ്ദനം തന്നെ എന്ന് ഒബാമ ഉറപ്പിച്ചു വ്യക്തമാക്കുകയും അമെരിക്കന്‍ ചാര സംഘടനയായ സി.ഐ.എ. യുടെ ഇത്തരം രഹസ്യ മര്‍ദ്ദന സങ്കേതങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ് ഇടുകയും ചെയ്തു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



16 April 2009
ഗ്വാണ്ടാണമോയില്‍ ഒന്നും മാറിയിട്ടില്ല
ബറക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് ആവുന്നതിന് മുന്‍പും ശേഷവും തനിക്ക് ദിവസേന കിട്ടുന്ന മര്‍ദ്ദനം അതേ പോലെ തുടരുന്നു എന്ന് കുപ്രസിദ്ധമായ ഈ അമേരിക്കന്‍ തടവറയില്‍ നിന്നും ഫോണില്‍ സംസാരിച്ച ഒരു തടവുകാരന്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഷാഡ് എന്ന രാജ്യത്തില്‍ നിന്നുമുള്ള മുഹമ്മദ് അല്‍ ഖുറാനി എന്ന തടവുകാരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
 
തീവ്രവാദ കുറ്റത്തില്‍ നിന്നും വിമുക്തമാക്കിയ തടവുകാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഒരു ബന്ധുവിനെ ഫോണില്‍ വിളിക്കുവാന്‍ ഇവിടെ അനുവാദം ഉണ്ട്. ഇങ്ങനെ ഫോണില്‍ ബന്ധുവുമായി സംസാരിക്കുന്നതിന് ഇടയില്‍ ബന്ധു ഫോണ്‍ അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയും അങ്ങനെ ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് വെളിപ്പെടുകയും ആണ് ഉണ്ടായത്.
 



 
കുറ്റവിമുക്തം ആക്കപ്പെട്ടതിനു ശേഷവും തന്നെ നടക്കുവാനോ സാധാരണ ഭക്ഷണം കഴിക്കുവാനോ അനുവദിക്കാഞ്ഞതില്‍ താന്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ആറ് പട്ടാളക്കാര്‍ സുരക്ഷാ കവചങ്ങളും മുഖം മൂടികളും ഒക്കെ ധരിച്ച് തന്റെ മുറിയില്‍ കയറി വന്ന് രണ്ട് കാന്‍ കണ്ണീര്‍ വാതകം പൊട്ടിച്ചു. വാതകം അറയില്‍ നിറഞ്ഞപ്പോള്‍ തനിക്ക് ശബ്ദിക്കുവാനോ കണ്ണ് തുറന്നു പിടിക്കുവാനോ കഴിയാതെ ആയി. ഇരു കണ്ണുകളില്‍ നിന്നും കണ്ണീര്‍ വരുവാനും തുടങ്ങി. തുടര്‍ന്ന് റബ്ബര്‍ ദണ്ട് കോണ്ട് തനിക്ക് പൊതിരെ തല്ല് കിട്ടി. ഒരാള്‍ തന്റെ തല പിടിച്ച് തറയില്‍ ഇടിച്ചു കൊണ്ടിരുന്നു. താന്‍ അലറി കരഞ്ഞു കോണ്ട് പട്ടാളക്കാരുടെ നേതാവിനോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ പ്രതികരണം എന്നും ഖുറാനി പറയുന്നു.
 



 
ഏതാണ്ട് 240 തടവുകാരാണ് ഇപ്പോള്‍ ഈ തടവറയില്‍ കഴിയുന്നത്. ഇതില്‍ പലരും കുറ്റം പോലും ചുമത്തപ്പെടാതെയാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ അകപ്പെട്ടിരിക്കുന്നത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിക ഭീകരര്‍ക്ക് എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിച്ച സന്ധിയില്ലാ യുദ്ധത്തിന്റെ ഭാഗം ആയാണ് ക്യൂബയിലെ അമേരിക്കന്‍ പട്ടാള ക്യാമ്പില്‍ ഈ തടവറ നിര്‍മ്മിക്കപ്പെട്ടത്. സ്ഥാനമേറ്റ ഉടന്‍ ഇവിടത്തെ ഓരോ തടവുകാരന്റേയും കേസ് വിശദമായി പരിശോധിക്കും എന്നും 2010 ഓടെ ഈ തടവറ അടച്ചു പൂട്ടും എന്നും ഒബാമ പ്രഖ്യാപിച്ചിരുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



14 April 2009
സര്‍ദാരി വഴങ്ങി - താലിബാന് ജയം
താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കി കൊണ്ടുള്ള നിയമത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പു വെച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സര്‍ദാരി ഈ നിയമത്തില്‍ ഒപ്പു വെച്ചത്. സ്വാത് താഴ്വരയില്‍ സമാധാനം പൂര്‍ണമായി പുനഃ സ്ഥാപിക്കപ്പെടുന്നതു വരെ ശരിയത്ത് നിയമം നടപ്പിലാക്കില്ല എന്നായിരുന്നു നേരത്തെ സര്‍ദാരിയുടെ നിലപാട്. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഈ കാര്യത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. താഴ്വരയില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിന് പകരമായി ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്വരയില്‍ താലിബാന്‍ നിയമത്തിന്റെ പിന്‍ബലത്തോടെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ജന ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണം ആകുകയും ചെയ്തതായി താഴ്വരയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ യൂ ട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയും ഉണ്ടായി.
 




 
 

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



13 April 2009
പി.വി. കൃഷ്ണന് കെ.എസ്. പിള്ള കാര്‍ട്ടൂണ്‍ പുരസ്കാരം
കൊച്ചി : കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മികച്ച ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റിനുള്ള 2009ലെ കെ. എസ്. പിള്ള സ്മാരക കാര്‍ട്ടൂണ്‍ പുരസ്കാരം പ്രഖ്യാപിച്ചു. കാര്‍ട്ടൂണിസ്റ്റ് പി. വി. കൃഷ്ണനാണ് പുരസ്കാരം. മലയാള രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്തെ ആചാര്യ സ്ഥാനീയനായ കെ. എസ്. പിള്ളയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ശിഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഏര്‍പ്പെടുത്തിയതാണ് കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം.
 
സാക്ഷി എന്ന പംക്തിയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പി.വി.കൃഷ്ണന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചീഫ് ആര്‍ട്ടിസ്റ്റായിരുന്നു. മികച്ച ഫോട്ടോഗ്രാഫറും ചിത്രകാരനുമായ കൃഷ്ണന്‍ കേരള ലളിത കലാ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മെയ് 14ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍ നാഥ് എന്നിവര്‍ അറിയിച്ചു.
 
- കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കപ്പിത്താനെ രക്ഷപ്പെടുത്തി
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ബന്ദി ആക്കിയിരുന്ന അമേരിക്കന്‍ കപ്പിത്താനെ അമേരിക്കന്‍ നാവിക സേന രക്ഷപ്പെടുത്തി. കപ്പിത്താനെ ബന്ദി ആക്കിയിരുന്ന കൊള്ളക്കാരെ അമേരിക്കന്‍ സൈന്യം അകലെ നിന്നും വെടി വെച്ചിടുകയായിരുന്നു. കപ്പിത്താന്റെ ജീവന്‍ അപകടത്തില്‍ ആവുന്ന പക്ഷം കൊള്ളക്കാരെ ആക്രമിക്കാന്‍ നേരത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ നാവിക സേനക്ക് അനുവാദം നല്‍കിയിരുന്നു. കൊള്ളക്കാരുമായും സോമാലിയയിലെ മുതിര്‍ന്നവരുമായും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ കൊള്ളക്കാര്‍ തങ്ങളുടെ യന്ത്ര തോക്കുകള്‍ കപ്പിത്താന് നേരെ ചൂണ്ടിയതോടെ സൈന്യത്തിലെ വിദഗ്ദ്ധരായ തോക്കു ധാരികള്‍ കൊള്ളക്കാരെ ദൂരെ നിന്നു തന്നെ ഉന്നം വെച്ചു വീഴ്ത്തുകയായിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ശ്രീലങ്കയില്‍ വെടി നിര്‍ത്തി
യുദ്ധ ഭൂമിയില്‍ കുടുങ്ങി പോയ ജനത്തിന് അവിടെ നിന്നും ഒഴിഞ്ഞു പോകുവാന്‍ സമയം അനുവദിച്ച് കൊണ്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ രണ്ട് ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതിനിടയില്‍ ഇവിടെ നിന്നും ജനത്തിനെ ഒഴിഞ്ഞു പോകുവാന്‍ അനുവദിക്കും എന്ന് പുലി തലവന്‍ പ്രഭാകരന്‍ അറിയിച്ചു. പുതുകുടിയിരുപ്പ് പ്രദേശത്തെ തമിഴ് പുലികളുടെ നേതാക്കള്‍ എല്ലാം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇവിടത്തെ യുദ്ധം മുന്നോട്ട് കൊണ്ട് പോവുന്നത് പ്രായോഗികമല്ല എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പ്രഭാകരന്‍ ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് സൂചന. ഇന്നലെ അര്‍ധ രാത്രിയോടെ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. 48 മണിക്കൂര്‍ നേരത്തേക്കാവും വെടി നിര്‍ത്തല്‍. ശ്രീലങ്കയിലെ പുതു വത്സരം പ്രമാണിച്ചാണ് ഇന്നലെ തന്നെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



12 April 2009
കൊള്ളക്കാര്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ വെടി തുടങ്ങി
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തടവില്‍ ആക്കിയ അമേരിക്കന്‍ കപ്പിത്താന്‍ റിച്ചാര്‍ഡ് ഫിലിപ്സിനെ മോചിപ്പിക്കാന്‍ അമേരിക്കന്‍ നാവിക സേന നടത്തിയ ശ്രമം വീണ്ടും പാഴായി. നാവിക സേനയുടെ ബോട്ടിനു നേരെ കൊള്ളക്കാര്‍ വെടി വെക്കുകയാണ് ഉണ്ടായത്. നാവിക സേനയുടെ സംഘം സഞ്ചരിച്ച റബ്ബര്‍ ബോട്ട് ഇപ്പോഴും അവിടെ തന്നെ ചുറ്റി തിരിയുകയാണ്. കപ്പിത്താനെ മോചിപ്പിക്കാനുള്ള ശ്രമം തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ കപ്പിത്താന്‍ ഇപ്പോഴും സുരക്ഷിതനാണോ എന്ന് തങ്ങള്‍ക്ക് ഉറപ്പില്ല എന്നാണ് സൈന്യം പറയുന്നത്.
 
അമേരിക്കന്‍ നാവിക സേനയുടെ രണ്ട് യുദ്ധ കപ്പലുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. മൂന്നാമത്തെ കപ്പല്‍ ഉടന്‍ എത്തിച്ചേരും. കൊള്ളക്കാര്‍ കപ്പിത്താനെ ബന്ദിയാക്കി വെച്ചിരിക്കുന്ന ലൈഫ് ബോട്ട് സോമാലിയന്‍ തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഇത് തടയുക എന്നതാണ് യുദ്ധ കപ്പലുകളുടെ പ്രാഥമികമായ ലക്ഷ്യം. കടല്‍ കൊള്ളക്കാരുടെ ബോട്ട് തീരത്ത് എത്തിയാല്‍ കപ്പിത്താനെ കൊള്ളക്കാര്‍ അവരുടെ താവളത്തിലേക്ക് കൊണ്ടു പോകും. പിന്നീട് ഇവരുടെ താവളം കണ്ടെത്തി കപ്പിത്താനെ മോചിപ്പിക്കുക എന്നത് അത്യന്തം ദുഷ്കരം ആയിരിക്കും.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



10 April 2009
സൊമാലിയന്‍ കൊള്ളക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു
കടല്‍ കൊള്ളക്കാര്‍ ബന്ദിയാക്കിയ കപ്പലിന്റെ കപ്പിത്താനെ രക്ഷപ്പെടുത്തുവാന്‍ ഉള്ള അമേരിക്കന്‍ നാവിക സേനയുടെ ശ്രമങ്ങള്‍ തുടരുന്നുവെങ്കിലും ഇത്രത്തോളം ആയിട്ടും കൊള്ളക്കാര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത് സൈന്യത്തെ കുഴക്കുകയാണ്. കൊള്ളക്കാരുമായി മധ്യസ്ഥത പറയാന്‍ അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ സംഘടനയിലെ വിദഗ്ദ്ധരായ നെഗോഷിയേറ്റര്‍മാരെ തന്നെ സേന രംഗത്തിറക്കിയിട്ടുണ്ട്. മര്‍സ്ക് അലബാമ എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കഴിഞ്ഞ ബുധനാഴ്ച പിടിച്ചടക്കിയതിനെ തുടര്‍ന്ന് കപ്പലിലെ ഇരുപതോളം വരുന്ന അമേരിക്കന്‍ ജീവനക്കാര്‍ കപ്പലിന്റെ നിയന്ത്രണം ബല പ്രയോഗത്തിലൂടെ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ തന്റെ കീഴ് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയ കപ്പലിന്റെ കപ്പിത്താന്‍ ഈ തന്ത്രം വിജയിക്കുന്നതിനായി സ്വയം നാല് കൊള്ളക്കാരുടെ കൂടെ ഒരു ലൈഫ് ബോട്ടില്‍ കയറുവാന്‍ തയ്യറാവുകയായിരുന്നു. കപ്പലിന്റെ നിയന്ത്രണം ജീവനക്കാര്‍ക്ക് തിരികെ ലഭിച്ചെങ്കിലും കപ്പിഥാന്‍ ഇപ്പോള്‍ ഈ നാല് കൊള്ളക്കാരുടെ തടവില്‍ ലൈഫ് ബോട്ടില്‍ ആണ് ഉള്ളത്. ലൈഫ് ബോട്ട് ആണെങ്കില്‍ കപ്പലില്‍ നിന്നും അകന്ന് പോയി കൊണ്ടിരിക്കുകയുമാണ്.
 
ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. കപ്പിത്താനെ വിട്ടാല്‍ തങ്ങളെ അറസ്റ്റ് ചെയ്യും എന്ന് കൊള്ളക്കാര്‍ വിശ്വസിക്കുന്നു. ഇവരെ സഹായിക്കാന്‍ രണ്ട് ബോട്ടുകളിലായി കൂടുതല്‍ കൊള്ളക്കാര്‍ തിരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പണം ലഭിച്ചാല്‍ മാത്രമേ കപ്പിത്താനെ തങ്ങള്‍ വിട്ടയക്കൂ എന്നാണ് കൊള്ളക്കാരുടെ നിലപാട്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വീണ്ടും ചെരിപ്പേറ്
ചെരിപ്പേറ് രാഷ്ട്രീയം തുടര്‍ കഥയാവുന്നു. ഇത്തവണ ജനത്തിന്റെ ചെരിപ്പേറ് കിട്ടിയത് കുരുക്ഷേത്രം ലോക സഭാ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗമായ നവീന്‍ ജിന്‍ഡാലിനാണ്. തന്റെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് ഇടയിലാണ് ഇദ്ദേഹത്തിനെ ഒരാള്‍ ചെരിപ്പ് കൊണ്ട് എറിഞ്ഞത്. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. കുരുക്ഷേത്രത്തിലെ ഒരു റിട്ടയേര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണ് ജിന്‍ഡാലിനു നേരെ തന്റെ ചെരിപ്പ് വലിച്ച് എറിഞ്ഞത്. ഇതിനു പിന്നിലെ കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല.





 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



09 April 2009
ഇറ്റലിയില്‍ വീണ്ടും ഭൂകമ്പം
ഭൂമി കുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 272 എത്തി നില്‍ക്കേ ഇന്ന് രാവിലെ ഇറ്റലിയില്‍ വീണ്ടും ഭൂമി കുലുങ്ങി. തിങ്കളാഴ്ച ഇറ്റലിയെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തിന്റെ അളവ് റിക്റ്റര്‍ സ്കെയിലില്‍ 6.3 ആയിരുന്നു. ഇന്ന് രാവിലെ അനുഭവപ്പെട്ട കുലുക്കം 5.2 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് അടുപ്പിച്ച് നടന്ന ഈ കുലുക്കം നേരത്തെ നടന്ന ഭൂകമ്പത്തിന്റെ തുടര്‍ പ്രകമ്പനം ആണ്. ഇത് നൂറ് കിലോമീറ്റര്‍ അകലെ ഉള്ള റോമില്‍ വരെ അനുഭവപ്പെട്ടു. ഈ പ്രകമ്പനം കൂടുതല്‍ നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നത് ഇനിയും അറിവായിട്ടില്ല.
 
കഴിഞ്ഞ ദിവസം നടന്ന ഭൂകമ്പത്തില്‍ 28,000 പേര്‍ക്കാണ് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെട്ടത്. 17,000 പേരോളം ഇപ്പോഴും കൊടും തണുപ്പ് സഹിച്ച് കൊണ്ട് ടെന്റുകളിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ ബന്ധുക്കളുടെ വീടുകളിലും സൌജന്യമായി ലഭ്യമാക്കിയ ഹോട്ടല്‍ മുറികളിലും അഭയം പ്രാപിച്ചിട്ടുണ്ട്.
 


 
മരിച്ചവരുടെ ശവസംസ്ക്കാരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ദുഃഖ വെള്ളിയാഴ്ച മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാവും എന്ന് വത്തിക്കാന്‍ അറിയിച്ചു.
 
മാര്‍പാപ്പ അടുത്തു തന്നെ സംഭവ സ്ഥലം സന്ദര്‍ശിക്കും എന്നും അറിയിച്ചിട്ടുണ്ട്.
 




Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



08 April 2009
തൊഴില്‍ അന്വേഷകര്‍ക്ക് സഹായവുമായി e പത്രം തൊഴില്‍ പംക്തി
ആഗോള സാമ്പത്തിക മാന്ദ്യം നമ്മുടെ എല്ലാം ജീവിതത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. നമുക്കു ചുറ്റും പലര്‍ക്കും ജോലി നഷ്ടപ്പെട്ടു, ഇനിയും നഷ്ടപ്പെടും എന്നൊക്കെയാണ് പറഞ്ഞു കേള്‍ക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ നാം എല്ലാവരും ഒരുമിച്ചു നിന്നാല്‍ നമുക്ക് അന്യോന്യം സഹായിക്കാന്‍ കഴിഞ്ഞേക്കും. നമ്മുടെ ശ്രദ്ധയില്‍ പെടുന്ന ജോലി ഒഴിവുകള്‍ നമുക്ക് പരസ്പരം പങ്കു വെക്കാം. അങ്ങനെ നമുക്ക് ചുറ്റും ഉള്ളവരെ നമുക്ക് സഹായിക്കാം. അതിനൊരു വേദി ഒരുക്കുകയാണ് e പത്രം തൊഴില്‍. ഇതൊരു സൌജന്യ സേവനമാണ്. തൊഴില്‍ ഒഴിവുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ കൈമാറുക എന്നത് മാത്രമാണ് ഇതിന്റെ പ്രവര്‍ത്തന രീതി. നിങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ എല്ലാവരുടേയും ഉപയോഗത്തിനായി ഇവിടെ പ്രസിദ്ധപ്പെടുത്താം. അങ്ങനെ ഒത്തൊരുമിച്ചു നിന്ന് നമുക്ക് ഈ പ്രതിസന്ധി തരണം ചെയ്യാം.
 
e പത്രം തൊഴില്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
 

We all have started feeling the ill effects of the global economic recession in our day to day life as we see lost jobs, terminations, long vacations, held up projects, bounced cheques, extending deadlines, cancelled contracts, re-tendered projects etc all around us.
 
ePathram Jobs is an effort to help each other in these difficult times. This can be used as an effective forum to share information about job vacancies that we may come across which may not be suitable for us, but may be useful for someone we might not know in person, but someone who might be in a dire need of one.
 
Please use this forum to post information on job vacancies and with our combined effort let us get through the global slowdown, trying to help each other as much as we can.
 
Together, we stand.
 
Click here to visit ePathram Jobs.

 
 
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



ശ്രീലങ്കയില്‍ അന്തിമ യുദ്ധം - ഐക്യ രാഷ്ട്ര സഭ ഇടപെട്ടേക്കും
Tamil Civilian Exodus From War Zoneശ്രീലങ്കയിലെ യുദ്ധ ഭൂമിയില്‍ ഒരു ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ് എന്ന് ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. ഇവിടെ ശ്രീലങ്കന്‍ സൈന്യം അവസാന ഘട്ട ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ്. സംഘര്‍ഷ പ്രദേശത്ത് കുടുങ്ങി പോയ തമിഴ് വംശജരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക ഐക്യ രാഷ്ട്ര സഭയുടെ ഒരു സമുന്നത ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. ശ്രീലങ്കന്‍ സൈന്യം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യുദ്ധ നിരോധിത മേഖലയെ മാനിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
യുദ്ധം മുറുകിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിച്ച യുദ്ധ നിരോധിത മേഖലയായ, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന, വാന്നി എന്ന സ്ഥലത്തേക്ക് പുലികള്‍ പിന്‍‌വാങ്ങിയിരുന്നു. ഇവിടമാണ് ഇപ്പോള്‍ സൈന്യം വളഞ്ഞിരിക്കുന്നത്. വെറും പതിനാല് ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള ഈ പ്രദേശത്ത് ഒരു ലക്ഷത്തോള സാധാരണ ജനമാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്.
 

Sreelankan Soldiers
 
യുദ്ധ ഭൂമിയില്‍ റോന്ത് ചുറ്റുന്ന ശ്രീലങ്കന്‍ സൈനികര്‍

 
കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. തങ്ങള്‍ക്ക് നേരെ, ഭൂരിപക്ഷമായ സിന്‍‌ഹള വംശജരുടെ നേതൃത്വത്തില്‍ നടക്കുന്ന വംശീയമായ വിവേചനത്തിന് എതിരെ തമിഴ് വംശജര്‍ കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷമായി നടത്തുന്ന ഈ സംഘര്‍ഷത്തില്‍ ഇതിനോടകം എഴുപതിനായിരത്തിലേറെ ജീവനാണ് പൊലിഞ്ഞത്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



07 April 2009
ചിദംബരത്തിനും ഷൂ കൊണ്ടേറ്
കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനു നേരെ ഒരു സിക്ക് മാധ്യമ പ്രവര്‍ത്തകന്‍ പത്ര സമ്മേളനത്തിനിടെ ഷൂ വലിച്ചെറിഞ്ഞു. 1984ല്‍ നൂറ് കണക്കിന് സിക്കുകാരെ കശാപ്പ് ചെയ്ത കലാപം സൂത്രധാരണം ചെയ്തു എന്ന് ആരോപിക്കപ്പെട്ടിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജഗ്‌ദീഷ് ടൈറ്റ്‌ലറെ സി.ബി.ഐ. കുറ്റവിമുക്തം ആക്കിയ നടപടിയെ കുറിച്ച് താന്‍ ചോദിച്ച ചോദ്യത്തിന് മന്ത്രി നല്‍കിയ ഉത്തരത്തില്‍ കുപിതനായാണ് ഒരു ഹിന്ദി ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആയ ജര്‍ണൈല്‍ സിങ് ചിദംബരത്തിനു നേരെ തന്റെ ഷൂ ഏറിഞ്ഞത്. എന്നാല്‍, തന്റെ നേരെ ഷൂ പറന്നു വരുന്നത് കണ്ട് ഒഴിഞ്ഞു മാറിയതിനാല്‍ മന്ത്രിക്ക് ഏറ് കൊണ്ടില്ല. ഇയാളെ പിടിച്ച് പുറത്ത് കൊണ്ട് പോകൂ എന്ന് ആവശ്യപ്പെട്ട മന്ത്രി പക്ഷെ ഇയാളെ പതുക്കെ കൈകാര്യം ചെയ്യണം എന്ന് പോലീസിനോട് ആവശ്യപ്പെട്ടു. താന്‍ ഇയാളോട് ക്ഷമിച്ചു എന്ന് പിന്നീട് ചിദംബരം അറിയിച്ച പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.
 
ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയെ അവരുടെ രണ്ട് സിക്ക് മതക്കാരായ അംഗ രക്ഷകര്‍ വെടി വെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാക്കളുടെ നേതൃത്വത്തില്‍ സിക്ക് മതക്കാരെ തെരഞ്ഞു പിടിച്ച് കശാപ്പ് ചെയ്ത സംഭവം ഇന്ത്യന്‍ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്.




Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



അമേരിക്ക ഇസ്ലാമിന് എതിരല്ല : ഒബാമ
അമേരിക്ക ഒരു കാലത്തും ഇസ്ലാമിന് എതിരെ യുദ്ധത്തില്‍ ആയിരുന്നില്ല എന്ന് ബറക്ക് ഒബാമ പ്രസ്താവിച്ചു. തുര്‍ക്കിയില്‍ സന്ദര്‍ശനത്തിന് എത്തിയ ഒബാമ തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇത് ആദ്യമായാണ് ഒബാമ ഒരു മുസ്ലിം രാഷ്ട്രം സന്ദര്‍ശിക്കുന്നത്. മുസ്ലിം സമുദായവും മുസ്ലിം ലോക രാഷ്ട്രങ്ങളും തമ്മിലുള്ള അമേരിക്കയുടെ ബന്ധം ഭീകരതക്ക് എതിരെ ഉള്ള നിലപാടുകളില്‍ അധിഷ്ഠിതം ആവില്ല എന്ന് ഒബാമ പ്രഖ്യാപിച്ചു. പരസ്പര സഹകരണവും ബഹുമാനവും താല്പര്യങ്ങളും ആയിരിക്കും അമേരിക്കയുടെ നിലപാടുകളുടെ അടിസ്ഥാനം. മുസ്ലിം അമേരിക്കക്കാര്‍ എന്നും അമേരിക്കക്ക് ഒരു സമ്പത്തായിരുന്നു. പല അമേരിക്കന്‍ കുടുംബങ്ങളിലും മുസ്ലിമുകള്‍ ഉണ്ട്. പലരും മുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിച്ചവരും ആണ്. എനിക്കറിയാം, കാരണം ഞാനും ഇവരില്‍ ഒരാളാണ് - ഒബാമ പറഞ്ഞു.
 
പൊതുവെ ദ്രുത ഗതിയില്‍ സംസാരിച്ചു നീങ്ങാറുള്ള ഒബാമ ഈ വാചകത്തിനു ശേഷം അല്‍പ്പ നിമിഷം മൌനം പാലിച്ചു. തന്റെ തര്‍ജ്ജമക്കാരന്‍ പറഞ്ഞു തീരുവാനും തുടര്‍ന്ന് ഉയര്‍ന്നു വന്ന ഹര്‍ഷാരവം ഏറ്റുവാങ്ങാനും ആയിരുന്നു ഈ മൌനം.
 
വലതു പക്ഷ തീവ്ര സംഘങ്ങള്‍ ഒബാമ ഒരു മുസ്ലിം ആണ് എന്ന് ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കു ന്നതിനിടയില്‍ ഒബാമയുടെ ഈ പ്രസംഗം ശ്രദ്ധേയം ആവും. തന്റെ ബാല്യത്തിന്റെ ഏറിയ പങ്കും ഒബാമ മുസ്ലിം ഭൂരിപക്ഷമുള്ള ഇന്‍ഡൊനേഷ്യയില്‍ ആണ് കഴിച്ചു കൂട്ടിയത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആകാന്‍ വെബ് സൈറ്റ്
ലോക സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിച്ച് കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ജനത്തിനു മുന്‍പില്‍ പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയില്‍ ആക്കി പ്രകടന പത്രികകള്‍ പുറത്തിറക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുന്നത് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം എല്ലാവരും മനഃപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. സ്വന്തം ജീവനും, കുടുംബത്തിന്റെ സുരക്ഷിതത്വവും ചോദ്യ ചിഹ്നമായി മുന്‍പില്‍ നില്‍ക്കുന്ന ചിലരെങ്കിലും വഴി ഒന്നും കാണാതെ ആത്മഹത്യ തെരഞ്ഞെടുത്തതും തീവ്രവാദം തൊഴിലായി സ്വീകരിച്ചതും എല്ലാം അടുത്ത കാലത്ത് നാം കണ്ടു. ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം രാമ ക്ഷേത്രമോ രണ്ട് രൂപയുടെ അരിയെന്ന നടക്കാത്ത സ്വപ്നമോ അല്ല.
 
ഇവിടെയാണ് വിവര സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനത്തിന്റെ ആവശ്യം അടുത്ത സര്‍ക്കാരിനെ അറിയിക്കുക എന്ന നൂതന ആശയവുമായി “സുസ്ഥിര ഇന്ത്യ (stableindia.com)” എന്ന ഒരു പുതിയ വെബ് സൈറ്റിന് പ്രവാസികളായ ചില ധിഷണാ ശാലികള്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ വെബ് സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തിനുള്ള നിങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം.
 
ഈ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് ഇത് അടുത്ത സര്‍ക്കാര്‍ രൂപീകൃതം ആവുന്ന വേളയില്‍ പുതിയ ഭരണകൂടത്തിന്റെ സാരഥികള്‍ക്ക് കൈമാറുന്നതാണ്.
 
545 ലോക സഭാ മണ്ഡലങ്ങളില്‍ നിന്നും ഉള്ള നവീന ആ‍ശയങ്ങള്‍ ക്രോഡീകരിച്ച് 28 സംസ്ഥാന പദ്ധതികള്‍ക്ക് രൂപം നല്‍കും. ഈ പദ്ധതികള്‍ക്ക് പണം മുടക്കാന്‍ ലോകമെമ്പാടും നിന്ന് സുസ്ഥിര ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ സന്നദ്ധരായ യുവ വ്യവസായ സംരംഭകരെ കണ്ടെത്തി പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ട തുടര്‍ നടപടികളും സ്വീകരിക്കും. തെരഞ്ഞെടുപ്പിനു ശേഷവും ഈ വെബ് സൈറ്റ് പ്രവര്‍ത്തന നിരതം ആയിരിക്കും. തുടര്‍ന്നും ജനത്തിനു മുന്‍പില്‍ ആശയ സമാഹരണത്തിനുള്ള ഒരു സ്ഥിരം ഉപാധിയായി ഇത് പ്രവര്‍ത്തിക്കും.
 
ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് എന്ന സംരംഭത്തിന്റെ ശില്‍പ്പികള്‍ തന്നെയാണ് ഈ നൂതന ആശയത്തിനും പുറകില്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടിവ് ബാച്ചലേഴ്സ്, പ്രവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച സേവനങ്ങള്‍ അവയുടെ പുതുമയും വ്യത്യസ്തതയും ഉപയോഗവും കൊണ്ട് ഏറെ ഉപകാരപ്രദം ആവുകയായിരുന്നു.
 
വിവിധ രാഷ്ട്രീയ മുന്നണികളുടെ അംഗീകാരത്തിനായി വെബ് സൈറ്റ് ഇതിനകം തന്നെ സമര്‍പ്പിച്ചിട്ടുണ്ട് എന്നും അനുകൂലമായ പ്രതികരണവും താല്പര്യവും പ്രമുഖ ദേശീയ മുന്നണികള്‍ പ്രകടിപ്പിച്ചിട്ടുമുണ്ട് എന്ന് എക്സിക്യൂട്ടിവ് ബാച്ചലേഴ്സ് അറിയിക്കുന്നു. താമസിയാതെ തന്നെ ഈ മുന്നണികളുടെ വെബ് സൈറ്റുകളില്‍ “സ്റ്റേബിള്‍ ഇന്‍ഡ്യ” സ്ഥാനം പിടിക്കും എന്നും അറിയിച്ചിട്ടുണ്ട്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



03 April 2009
താലിബാന്റെ അടിയേറ്റ് പുളയുന്ന പാക്കിസ്ഥാന്‍
താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.
 
മൂന്നു പുരുഷന്മാര്‍ ബലമായി ഈ പെണ്‍‌കുട്ടിയെ തറയില്‍ കമിഴ്ത്തി കിടത്തിയിട്ടാണ് പുറത്ത് അടിക്കുന്നത്. ഓരോ അടിയും കോണ്ട് വേദന കൊണ്ട് പുളയുന്ന പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. എന്നെ നിങ്ങള്‍ വേണമെങ്കില്‍ കൊന്നോളൂ. പക്ഷെ ഈ അടി ഒന്ന് അവസനിപ്പിക്കൂ എന്ന് കുട്ടി കരഞ്ഞു പറയുന്നതും കേള്‍ക്കാം.
 



 
ചുറ്റും കൂടി നില്‍ക്കുന്ന പുരുഷാരം എല്ലാം നിശബ്ദമായി നോക്കി കാണുന്നതും കാണാം.
 
ഇസ്ലാമിക് നിയമം ലംഘിച്ചതിനാണ് ഈ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കിയത് എന്ന് താലിബാന്‍ വക്താവ് മുസ്ലിം ഖാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഭര്‍ത്താവല്ലാത്ത ഒരു പുരുഷനോടൊപ്പം ഈ പെണ്‍കുട്ടി വീടിനു വെളിയില്‍ ഇറങ്ങി. ഇത് ഇസ്ലാമിനു വിരുദ്ധമാണ്. അതു കൊണ്ടാണ് ഈ ശിക്ഷ നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മാന്യമല്ലാതെ വസ്ത്ര ധാരണം ചെയ്ത് വരുന്ന സ്ത്രീകളെ താലിബാന് ശിക്ഷിക്കാന്‍ അധികാരം ഉണ്ട് എന്നും ഇയാള്‍ അറിയിച്ചു.
 
ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ താലിബാന്‍ തന്നെയാണ് എന്ന് പറയപ്പെടുന്നു. തങ്ങളുമായി സന്ധിയില്‍ ഏര്‍പ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള അധികാരങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കി അവരെ അടക്കി നിര്‍ത്തുക എന്നത് തന്നെയാണ് ഇതിന്റെ ഉദ്ദേശം.
 
ഈ സന്ധി നിലവില്‍ വന്നതിനു ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഭീകരമായ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളെ ആക്രമിക്കുന്നതും മറ്റും സാധാരണ സംഭവമാണ് എന്ന് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ പെണ്‍കുട്ടികളുടെ സ്കൂളുകള്‍ അടച്ചു പൂട്ടി. ബാക്കി ഉണ്ടായിരുന്ന സ്കൂളുകള്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു.
 
താലിബാന്റെ നേതൃത്വത്തില്‍ ശരിയത്ത് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട താലിബാന്‍ നേതാവ് സൂഫി മുഹമ്മദ് ഈ പെണ്‍കുട്ടിയുടെ ശിക്ഷ ശരി വക്കുന്നു. ഇനിയും ഇത് പോലുള്ള ശിക്ഷാ വിധികള്‍ ഇവിടെ പ്രതീക്ഷിക്കാം എന്നും ഇയാള്‍ ഉറപ്പ് തരുന്നു. സദാചാര വിരുദ്ധമായ പെരുമാറ്റം, മദ്യപാനം എന്നിവക്ക് ഏറ്റവും അനുയോജ്യമായ ശിക്ഷ ഇത്തരം അടി തന്നെയാണ്. കള്ളന്മാരുടെ കൈ വെട്ടണം. വ്യഭിചാരത്തിന്റെ ശിക്ഷ കല്ലെറിഞ്ഞ് കൊല്ലുക എന്നത് തന്നെ. ഈ ശിക്ഷകള്‍ ഇസ്ലാം വിധിച്ചതാണ്. ഇത് ആര്‍ക്കും തടയാന്‍ ആവില്ല. ഇത് ദൈവത്തിന്റെ നിയമമാണ് എന്നും സൂഫി പറയുന്നു.
 


(സ്വാത് വാലിയിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍)


ഫോട്ടോ കടപ്പാട് : അസോഷ്യേറ്റഡ് പ്രസ്

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)



01 April 2009
പുതിയ വനിതാ നിയമം താലിബാനേക്കാള്‍ കഷ്ടം
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തിരക്കിട്ട് നടപ്പിലാക്കിയ പുതിയ വനിതാ നിയമം അഫ്ഗാനിലെ സ്ത്രീകളുടെ നില താലിബാന്‍ ഭരണത്തിനു കീഴില്‍ ഉണ്ടായതിനേക്കാള്‍ പരിതാപകരം ആക്കിയിരിക്കുന്നു. ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഈ നിയമം ഐക്യ രാഷ്ട്ര സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അഫ്ഗാന്‍ ഭരണ ഘടനക്കും വിരുദ്ധം ആണെന്ന് പറയുന്നു. അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിലെ വനിതാ അംഗങ്ങളും ഈ നിയമത്തിന് എതിരെ ശക്തമായ് രംഗത്ത് വന്നിട്ടുണ്ട്. ശരിയാം വണ്ണം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെ തിരക്കിട്ട് ഈ നിയമം പാസ്സാക്കി എടുക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
 
പുതിയ വനിതാ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരം അല്ല. അത്തരം ബലാല്‍ക്കാരം നടത്താനുള്ള അധികാരം പുരുഷന് നിയമം അനുവദിച്ചു കൊടുക്കുന്നു. ഇതിനെതിരെ സ്ത്രീക്ക് യാതൊരു വിധ നിയമ സംരക്ഷണവും ഈ നിയമത്തില്‍ ലഭിക്കുന്നില്ല. ഭര്‍ത്താവിന്റെ അനുവാദം ഇല്ലാതെ ഭാര്യക്ക് വീടിനു വെളിയില്‍ ഇറങ്ങാനാവില്ല. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കും ഭര്‍ത്താവിന്റെ അനുവാദം കൂടിയേ തീരൂ. ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോകുവാന്‍ പോലും ഭര്‍ത്താവിന്റെ അനുമതിയോടെ മാത്രമെ ഇനി ഒരു അഫ്ഗാന്‍ വനിതക്ക് കഴിയൂ.
 
ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന ഷിയ വിഭാഗത്തിന്റെ വ്യക്തമായ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ആണ് ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്. അഫ്ഗാന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള ഹസാര എന്ന ന്യൂന പക്ഷ കക്ഷിയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യവും ഈ നിയമത്തിനുണ്ട്.
 
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഉള്ള നീരസം കര്‍സായിയെ അറിയിച്ചു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതില്‍ നിന്നും പുറകോട്ട് പോകുന്നതില്‍ അമേരിക്കക്ക് എതിര്‍പ്പുണ്ട്. സ്ത്രീകളുടെ അവകാശ സംരക്ഷണം ഒബാമയുടെ വിദേശ നയത്തിന്റെ ഒരു പ്രധാന ഘടകം ആണെന്നു ചര്‍ച്ചക്ക് ശേഷം ക്ലിന്റണ്‍ അറിയിച്ചു.
 
അഫ്ഗാനിസ്ഥാന് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ തങ്ങളുടെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അധികാരം ഉണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നേരെ താലിബാന്റെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ആയിരുന്നു അന്താരാഷ്ട്ര സമൂഹത്തെ അഫ്ഗാന്‍ പ്രശ്നത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം. ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ സൈന്യ ബലം വിനിയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി നിലവില്‍ വന്ന പുതിയ ഭരണ കൂടവും പഴയ പാത പിന്തുടരുന്നത് ഇപ്പോള്‍ പുതിയ ഉല്‍ക്കണ്ഠക്ക് കാരണം ആയിരിക്കുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്