21 November 2008

ആര്‍.എസ്.എസ്. കുട്ടികളില്‍ വിഷം കുത്തി വെക്കുന്നു : പസ്വാന്‍

ആര്‍. എസ്. എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങളില്‍ ചരിത്രം വളച്ചൊടിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാന്‍ ആരോപിച്ചു. മാനവ വിഭവ ശേഷി മന്ത്രി അര്‍ജുന്‍ സിംഗിന് എഴുതിയ കത്തിലാണ് പസ്വാന്‍ ഈ ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പുറമെയുള്ള വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങള്‍ പരിശോധിക്കുവാനും അവക്ക് അംഗീകാരം നല്‍കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംവിധാനം ഏര്‍പ്പെടുത്തണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്‍. സി. ഇ. ആര്‍. ടി. യുടെ ഉപദേശം ആരാഞ്ഞിട്ടുണ്ട് എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഒരു ദേശീയ പാഠ പുസ്തക കൌണ്‍സില്‍ രൂപികരിക്കുവാനും സാധ്യത ഉണ്ട്. കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി 2005ല്‍ തന്നെ ഇത്തരം ഒരു കൌണ്‍സില്‍ രൂപീകരിക്കുന്നതിനായി സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതു വരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.




കുട്ടികളില്‍ മറ്റ് മതങ്ങളോടും വിശ്വാസങ്ങളോടും കടുത്ത വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്ന വിഷം കുത്തി വെക്കുന്ന കേന്ദ്രങ്ങള്‍ ആയാണ് ഇത്തരം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പസ്വാന്‍ അവകാശപ്പെട്ടു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്