11 January 2009

അദ്വാനി - ബൂലോഗത്തിലെ പുതിയ താരോദയം

തന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ മുഹമ്മദലി ജിന്നയെ കുറിച്ചു നടത്തിയ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിക്കാന്‍ ഇന്റര്‍നെറ്റ് സങ്കേതമായ ബ്ലോഗ് ഉപയോഗിക്കുകയാണ് നേരത്തെ തന്നെ സ്വന്തമായ വെബ് സൈറ്റ് ഉള്ള ശ്രീ എല്‍. കെ. അദ്വാനി. മലയാളിയായ സ്വാമി രംഗനാഥാനന്ദയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകളെ കുറിച്ചാണ് പ്രസ്തുത ബ്ലോഗ് പോസ്റ്റ്. കറാച്ചിയിലെ രാമകൃഷ്ണ ആശ്രമത്തില്‍ സ്വാമി രംഗനാഥാനന്ദയുടെ ഗീതാ പ്രഭാഷണം കേള്‍ക്കുവാന്‍ എല്ലാ ഞായറാഴ്ചകളിലും പോകാറുണ്ടായിരുന്ന അദ്വാനിയുടെ ജീവിതത്തില്‍ ഇത് ഒരു വലിയ സ്വാധീനം സൃഷ്ടിച്ചു എന്ന് ബ്ലോഗില്‍ പറയുന്നു. കറാച്ചിയില്‍ രാമകൃഷ്ണ ആശ്രമത്തിന്റെ പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടു പോകുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ ആശ്രമം അടച്ച് പൂട്ടി സ്വാമി ഡല്‍ഹിയിലേക്ക് പോന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 2003ല്‍ സ്വാമിജിയെ അവസാനമായി കൊല്‍ക്കത്തയില്‍ വെച്ച് കണ്ടപ്പോള്‍ വിഭജനത്തെയും തുടര്‍ന്നുണ്ടായ ദുരന്തങ്ങളെ പറ്റിയും ഒക്കെ ഇരുവരും സംസാരിക്കു കയുണ്ടായി. ഈ അവസരത്തില്‍ സ്വാമിജി പാക്കിസ്ഥാന്‍ അസംബ്ലിയില്‍ 1947 ആഗസ്റ്റ് 11ന് ജിന്ന നടത്തിയ ഐതിഹാസികമായ പ്രസംഗത്തെ പ്രകീര്‍ത്തിച്ചു എന്നും അദ്വാനി എഴുതുന്നു. മതനിരപേക്ഷതയുടെ ശരിയായ വിവക്ഷ ഈ പ്രസംഗത്തില്‍ കാണാം എന്ന് സ്വാമിജി അഭിപ്രായപ്പെട്ടു എന്നും സ്വാമിജിയുമായി നടത്തിയ ഈ അവസാന കൂടിക്കാഴ്ചയിലെ സംഭാഷണം തന്റെ അബോധ മനസ്സില്‍ ഉണ്ടായിരുന്നത്, താന്‍ 2005 ജൂണില്‍ പാക്കിസ്ഥാനില്‍ വെച്ച് ജിന്നയെ അനുകൂലിച്ച് സംസാരിക്കുവാന്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടാവും എന്നും അദ്വാനി വിശദീകരിക്കുന്നു.








Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്