18 March 2009

മുഖ്തരണ്‍ മായി വിവാഹിതയായി

തനിക്കു നേരെ നടന്ന അനീതിക്കെതിരെ നിരന്തരമായി പോരാടി പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ അന്താരാഷ്ട്ര പ്രതീകമായി മാറിയ മുഖ്തരണ്‍ മായ് വിവാഹിതയായി. 43 കാരിയായ മായി നസീര്‍ അബ്ബാസ് എന്ന ഒരു പോലീസുകാരനെയാണ് ഞായറാഴ്ച മുസ്സഫര്‍ഗര്‍ ജില്ലയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചു വിവാഹം ചെയ്തത്. നസീര്‍ അബ്ബാസിന്റെ രണ്ടാം വിവാഹം ആണിത്.




പൊതു സ്ഥലത്ത് വെച്ച് നാട്ട് കൂട്ടത്തിന്റെ ശിക്ഷാ വിധി പ്രകാരം തന്നെ കൂട്ട ബലാത്സംഗം ചെയ്ത നാലു പേരേയും അതിന് കൂട്ടു നിന്ന മറ്റുള്ളവരേയും നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും അന്നോളം പാക്കിസ്ഥാനില്‍ കേട്ടു കേള്‍വി ഇല്ലാത്ത വണ്ണം നിയമ യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു മായി. കോടതി കുറ്റക്കാര്‍ക്ക് വധ ശിക്ഷ വിധിച്ചതോടെ മായി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായി.




സര്‍ക്കാരില്‍ നിന്നും തനിക്ക് ലഭിച്ച നഷ്ട പരിഹാര തുക വിനിയോഗിച്ചു മായി സ്കൂളുകളും പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായി മുഖ്തര്‍ മായി വനിതാ ക്ഷേമ സംഘടന എന്നൊരു പ്രസ്ഥാനവും ആരംഭിച്ചു.




അമേരിക്കയിലെ ഗ്ലാമര്‍ മാസികയുടെ “വുമണ്‍ ഓഫ് ദ ഇയര്‍” ആയി മായി തെരഞ്ഞെടുക്കപ്പെട്ടതോടെ പുരസ്കാരം വാങ്ങാനായി അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്നും മായിയെ തടയാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഈ തടസ്സങ്ങളേയും മായി അതിജീവിച്ചു. മായിയെ തടയാനാവാത്ത വിധം മായി അപ്പോഴേക്കും പ്രശസ്തയായി കഴിഞ്ഞിരുന്നു.




2006 മെയില്‍ ന്യൂ യോര്‍ക്കില്‍ ഐക്യ രാഷ്ട്ര സഭയെ അഭിസംബോധന ചെയ്തു സംസാരിച്ച മായിയെ അന്നത്തെ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയ ശശി തരൂര്‍ സ്വീകരിച്ചു പറഞ്ഞത് “തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തന്നെ പോലുള്ള മറ്റുള്ളവരുടെ രക്ഷക്കായുള്ള ആയുധമായി ഇത്രയും കരുത്തോടെ ഉപയോഗിച്ച മുഖ്തരണ്‍ മായി ഒരു വീര വനിതയും നമ്മുടെയൊക്കെ ആദരവിനും ആരാധനക്കും പാത്രവുമാണ്” എന്നാണ്.




Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്