
പാക്കിസ്ഥാന്‍ താലിബാന് എതിരെ നടത്തുന്ന ഏറ്റുമുട്ടലുകള്‍ വെറും പ്രഹസനം മാത്രം ആണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ സൈന്യം ദിവസേന പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസനീയം അല്ല എന്നാണ് യുദ്ധം വളരെ അടുത്തു നിന്നും നിരീക്ഷിക്കുന്ന അമേരിക്കന്‍ സൈനിക നിരീക്ഷകരും ഇന്റലിജന്‍സ് വൃത്തങ്ങളും പറയുന്നത്. നൂറ് കണക്കിന് താലിബാന്‍ ഭീകരര്‍ ദിവസേന കൊല്ലപ്പെടുന്നു എന്നൊക്കെ പാക്കിസ്ഥാന്‍ സൈന്യം പറയുന്നത് ഊതി വീര്‍പ്പിച്ച കണക്കുകള്‍ ആണെന്ന് ഇവര്‍ വെളിപ്പെടുത്തി. താലിബാന് എതിരെ തങ്ങള്‍ ഫലപ്രദം ആയി വിജയം കൊയ്യുന്നു എന്ന് ലോകത്തെ ധരിപ്പിക്കാന്‍ ഉള്ള അടവ് മാത്രം ആണിത്. പരമാവധി 7000 ഭീകരര്‍ സ്വാത് താഴ്വരയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരെ നേരിടാന്‍ സര്‍വ്വ വിധ സന്നാഹങ്ങളോടും കൂടെ 15000 പാക് സൈനികരാണ് ഇത്രയും നാള്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ സ്വാത് താഴ്വര ഇപ്പോഴും ഭീകരരുടെ കയ്യില്‍ തന്നെയാണ് എന്നത് പാക്കിസ്ഥാന്റെ അവകാശ വാദങ്ങള്‍ സത്യമല്ല എന്നാണ് കാണിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
താലിബാനെ തുരത്തി കൊണ്ട് സൈന്യം മുന്നേറുന്നു എന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്ന പല ഇടങ്ങളിലും സൈന്യം താലിബാന്റെ ആക്രമണത്തെ പ്രതിരോധിച്ച് നിര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ താലിബാന്‍ ആകട്ടെ ആക്രമണം നിര്‍ബാധം തുടരുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ദറാ അദം ഖേല്‍ എന്ന സ്ഥലത്തെ സൈനിക ചെക് പോസ്റ്റ് ആക്രമിച്ച താലിബാന്‍ ഭീകരര്‍ 13 പാക് പൌരന്മാരെയാണ് കൊലപ്പെടുത്തിയത്.
Labels: പാക്കിസ്ഥാന്‍, യുദ്ധം
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്