25 May 2009

വെടിയേറ്റ സിഖ് ഗുരു മരണമടഞ്ഞു

sant-rama-nandവിയന്നയില്‍ രണ്ട് സിഖ് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷം അക്രമാസക്തമായതിനെ തുടര്‍ന്ന് ആക്രമണത്തില്‍ പരിക്കേറ്റ സിഖ് ഗുരു ഇന്നലെ അര്‍ധ രാത്രി ആശുപത്രിയില്‍ വെച്ച് ജീവന്‍ വെടിഞ്ഞു. വിയന്നയിലെ 15‍ാം ജില്ലയിലെ ഒരു ഗുരുദ്വാരയില്‍ ആണ് ഇന്നലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കം ഉണ്ടായത്. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് ആയുധമെടുത്ത സിഖുകാര്‍ പരസ്പരം ആക്രമിക്കുകയും ആക്രമണത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഠാരയും തോക്കും ഉപയോഗിച്ചായിരുന്നു ഇവരുടെ പോരാട്ടം എന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിനിടയില്‍ 57 കാരനായ ഗുരു സന്ത് രാമാനന്ദിന് വെടി ഏല്‍ക്കുകയാണ് ഉണ്ടായത്. ഇദ്ദേഹത്തോടൊപ്പം വിയന്നയില്‍ സന്ദര്‍ശനത്തിന് എത്തിയ ഗുരു സന്ത് നിരഞ്ജന്‍ ദാസിനും വെടി ഏറ്റു എങ്കിലും ഒരു അടിയന്തര ശസ്ത്രക്രിയയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു വരികയാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 
ഓസ്ട്രിയയില്‍ ഏതാണ്ട് മൂവായിരത്തോളം സിഖുകാര്‍ താമസിക്കുന്നുണ്ട്.
 
വിയന്നയില്‍ നടന്ന കലാപത്തിന്റെ അലയടികള്‍ ഇന്ത്യയിലും അനുഭവപ്പെടുകയുണ്ടായി. പഞ്ചാബിലെ ജലന്ധറില്‍ ഇന്നലെ രാത്രി അക്രമം പൊട്ടിപ്പുറപ്പെടുകയും വ്യാപകമായ കൊള്ളിവെപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും പട്ടാളം രംഗത്തിറങ്ങുകയും ചെയ്തു. ജലന്ധറില്‍ ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്