01 September 2009

പത്താം ക്ലാസ് പരീക്ഷ ഇനി വേണ്ട

cbseപത്താം ക്ലാസ് പരീക്ഷ ഇനി നിര്‍ബന്ധമായി എഴുതേണ്ടതില്ല. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഗ്രേഡിങ്ങ് സമ്പ്രദായത്തിലൂടെ ആയിരിക്കും ഇനി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം പരിശോധിക്കുക. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബാല്‍ അറിയിച്ചതാണ് ഈ കാര്യം.
 
വര്‍ഷാവസാനത്തിലെ പരീക്ഷ കുട്ടികളില്‍ ഉളവാക്കുന്ന മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും ഏറെ നാളായി ഇന്ത്യയില്‍ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ക്കും രക്ഷിതാക്കള്‍ക്കിടയിലും ചര്‍ച്ച നടന്നു വരികയായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറയുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതും മറ്റും ഉള്ള സംഭവങ്ങള്‍ ഇത്തരം ഒരു നീക്കത്തിലൂടെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ. ഇന്ത്യ ഒട്ടാകെ നടന്ന ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയമാണിതെന്ന് മന്ത്രി അറിയിച്ചു. സി. ബി. എസ്. ഇ. സ്ക്കൂളുകളിലാണ് തല്‍ക്കാലം ഗ്രേഡിങ്ങ് സമ്പ്രദായം നടപ്പിലാക്കുക. A+, A, B, C, D, E എന്നീ ഗ്രേഡുകളാവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.
 
പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പരീക്ഷ എഴുതാതെ തന്നെ പത്താം ക്ലാസില്‍ നിന്നും പതിനൊന്നാം ക്ലാസിലേക്ക് പ്രവേശിക്കാം. എന്നാല്‍ പത്താം ക്ലാസ് വരെ മാത്രമുള്ള സ്ക്കൂളുകള്‍ക്ക് പരീക്ഷ നടത്താം എന്നും മന്ത്രി വിശദീകരിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്