01 April 2010

വിധിയുമായി വീണ്ടും മുഖാമുഖം : വിദ്യാഭ്യാസം ഇന്ന് മുതല്‍ മൌലികാവകാശം

right-to-educationന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇന്ന് മുതല്‍ വിദ്യാഭാസം കുട്ടികളുടെ മൌലികാവകാശമാകും. ആറു വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൌലികാവകാശം ആക്കുന്ന നിയമം ഇന്ന് (ഏപ്രില്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂളില്‍ പോകാന്‍ നിവൃത്തിയില്ലാത്ത ഒരു കോടിയോളം കുട്ടികള്‍ക്ക്‌ ഇതോടെ വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആവും. ഇവരെ സ്കൂളില്‍ അയക്കാനുള്ള ബാധ്യത ഇനി സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാകും. കുട്ടികളാണ് രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നത് എന്നും അതിനാല്‍ ഈ നിയമം ചരിത്രപരമായി സുപ്രധാനമായ ഒന്നാണെന്നും നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്‌ പറഞ്ഞു. വിദ്യാഭാസ രംഗത്ത്‌ രാഷ്ട്രത്തിനു ഇത് വീണ്ടും വിധിയുമായി ഒരു മുഖാമുഖമാണ് എന്ന് 1947 ഓഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയെ തുടര്‍ന്ന് ജവഹര്‍ ലാല്‍ നെഹ്‌റു നടത്തിയ പ്രശസ്തമായ വരികള്‍ കടമെടുത്ത്‌ കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്