13 January 2008

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ പത്തു മുതല്‍ 15 ശതമാനംവരെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം . ഈ വര്‍ഷാവസാനത്തോടെ ഇത് നടപ്പാക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേല്‍ അറിയിച്ചത് .

കമ്പനിയുടെ പ്രവര്‍ത്തന മൂലധനം വര്‍ധിപ്പിക്കുകയാണ് ഉദ്ദേശ്യം. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും തമ്മിലുള്ള ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഓഹരി വിറ്റഴിക്കാനുള്ള നടപടി തുടങ്ങും. ഇങ്ങനെ വില്‍ക്കുന്ന ഓഹരികളില്‍ ഒരു ഭാഗം കമ്പനി ജീവനക്കാര്‍ക്ക് തന്നെ നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട് .

എയര്‍ ഇന്ത്യ പുതുതായി 100 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ബോയിങ്, എയര്‍ ബസ് കമ്പനികളില്‍ നിന്ന് 111 വിമാനങ്ങള്‍ വാങ്ങാന്‍ നേരത്തേ തന്നെ എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട് .

വിമാന ഇന്ധനങ്ങളുടെ കസ്റ്റംസ് _ എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യം ധനമന്ത്രി പി. ചിദംബരവുമായി അടുത്തയാഴ്ച താന്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു . ലോകത്ത് വിമാന ഇന്ധനത്തിന്റെ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഇതിന്റെ വില്പനനികുതി കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോടും മന്ത്രി അഭ്യര്‍ഥിച്ചു .

വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 35_40 ശതമാനവും ഇന്ധനവിലയാണെന്ന് മന്ത്രി പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്