26 January 2008

വിമാനം ഇറങ്ങാന്‍ വൈകി; കരിപ്പൂരില്‍ പ്രതിഷേധം

കൊണ്ടോട്ടി: പാര്‍ക്കിംഗ് ബേ നിറഞ്ഞ് നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതിനെതുടര്‍ന്ന് ആകാശത്ത് കറങ്ങിയ ഷാര്‍ജ വിമാനത്തിലെ യാത്രക്കാര്‍ കരിപ്പൂരില്‍ പ്രതിഷേധ സമരം നടത്തി.


ഇന്നലെ രാവിലെ എത്തിയ ഐ.സി 595 ഷാര്‍ജ വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധ ശബ്ദം ഉയര്‍ത്തിയത്. പത്ത് വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലമാണ് നിലവിലെ പാര്‍ക്കിംഗ്ബേയില്‍ ഉള്ളത്. ഇന്നലെ രാവിലെതന്നെ ഇവിടം നിറഞ്ഞിരുന്നു. കൃത്യസമയത്ത് കരിപ്പൂരിലെത്തിയ ഷാര്‍ജ വിമാനത്തിന് ഇക്കാരണത്താല്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല.


ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന ശേഷം ഇറങ്ങിയ വിമാനം റണ്‍വേയില്‍നിന്ന് മാറി ഐസൊലേഷന്‍ ബേയില്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശിച്ചു. അര മണിക്കൂറിലേറെ നേരം അവിടെ നിര്‍ത്തിയ ശേഷമാണ് ഏപ്രണിലേക്ക് കൊണ്ടുവന്നത്. ഇത് ഒരുപറ്റം യാത്രക്കാരെ ക്ഷുഭിതരാക്കി. ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ പ്രതിഷേധ ശബ്ദം ഉയര്‍ത്തി. 15 മിനിട്ടോളം പ്രതിഷേധ സമരം നീണ്ടുനിന്നു. എയര്‍പോര്‍ട്ട് അധികൃതര്‍ ഉണ്ടായ സാങ്കേതിക തടസ്സം യാത്രക്കാരെ ധരിപ്പിച്ചതിനുശേഷമാണ് രംഗം ശാന്തമായത്. കരിപ്പൂരില്‍ നിലവില്‍ പത്ത് വിമാനം നിര്‍ത്തിയിടാനുള്ള സ്ഥലസൌകര്യമേ ഉള്ളൂ.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്