18 June 2008
യു.എ.ഇ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം
യു.എ.ഇ.യില്‍ താമസിക്കുന്ന തങ്ങളുടെ പൌരന്മാരുടെ സുരക്ഷയ്ക്കായി ബ്രിട്ടീഷ് എംബസ്സി പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പില്‍ യു.എ.ഇ.യില്‍ അടുത്തു തന്നെ ഭീകര ആക്രമണത്തിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പു നല്‍കുന്നു. ബ്രിട്ടീഷ് എംബസ്സിയുടെ വെബ്സൈറ്റിലാണ് ഈ മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വെബ്സൈറ്റിലെ ഈ പേജ് താല്‍ക്കാലികമായി ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ യു.എ.ഇ.യിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൌരന്മാര്‍ക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബ്രിട്ടന്റെ ഫോറിന്‍ ആന്‍ഡ് കോമണ്‍ വെല്‍ത്ത് ഓഫീസിന്റെ വെബ്സൈറ്റില്‍ ഈ മുന്നറിയിപ്പ് ലഭ്യമാണ്.
സൌദി അറേബ്യ അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ 2003 മുതല്‍ അല്‍ ഖൈദയുടെ ആക്രമണങ്ങള്‍ക്ക് നിരവധി തവണ വിധേയം ആയിട്ടുള്ളതാണ്. ഖത്തറില്‍ ഒരു ബ്രിട്ടീഷ് സ്കൂളിനടുത്ത് നടന്ന അല്‍ ഖൈദ ആക്രമണത്തില്‍ ഒരു ബ്രിട്ടീഷുകാരന്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ജനസംഖ്യയില്‍ 80 ശതമാനത്തോളം വിദേശികളുള്ള യു.എ.ഇ. അല്‍ ഖൈദയുടെ ലക്ഷ്യമാവാന്‍ സ്വാഭാവികമായും സാധ്യത ഉണ്ട് താനും. എന്നാല്‍ എംബസ്സിയുടെ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും ഒരു പ്രത്യേക ആക്രമണത്തിന്റെ സൂചന ഇല്ല. സാധാരണ ഇത്തരം ഘട്ടങ്ങളില്‍ ചെയ്യാറുള്ളത് പോലെ എംബസ്സി ഒഴിയുകയോ, സ്ഥലം മാറ്റുകയോ, അടച്ചിടുകയോ ഒന്നും ചെയ്തിട്ടുമില്ല. ബ്രിട്ടന്റെ സുരക്ഷാ മുന്നറിയിപ്പിനു പിന്നാലെ അമേരിക്കയും കഴിഞ്ഞ ദിവസം ഇങ്ങനെയൊരു മുന്നറിയിപ്പ് പുറപ്പെടുവിക്കയുണ്ടായി. ഇത്തരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിന് പകരം യു.എ.ഇ. അധികൃതരുമായി പങ്ക് വെച്ച് സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി അവരെ സജ്ജരാക്കുകയായിരുന്നു ബ്രിട്ടീഷ്, അമേരിക്കന്‍ അധികൃതര്‍ ചെയ്യേണ്ടിയിരുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും ഇത്തരം യാതൊരു സുരക്ഷാ പ്രശ്നങ്ങളും നിലവിലില്ലെന്നും യു.എ.ഇ. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്നും അധികൃതര്‍ ജനങ്ങളെ സമാശ്വസിപ്പിക്കുന്നു. പൌരത്വം ഏതായാലും തങ്ങളുടെ സുരക്ഷയ്ക്ക് ഇവിടത്തെ ഭരണകൂടം എന്നും കൊടുത്തിട്ടുള്ള പരമമായ പ്രാധാന്യവും പ്രശംസനീയമായ ശുഷ്കാന്തിയും വര്‍ഷങ്ങളോളം ഈ രാജ്യത്ത് താമസിച്ച ഏതൊരു പ്രവാസിയ്ക്കും അനുഭവമുള്ളതാണ്. Labels: അമേരിക്ക, തീവ്രവാദം, ബ്രിട്ടന്, യു.എ.ഇ.
- JS
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്