30 June 2008

തെരുവ് നാടക യാത്ര കാസര്‍ക്കോഡ് മുതല്‍ തിരുവനന്തപുരം വരെ

“ആര്‍ക്കും ആരോടും ഉത്തരവാദിത്തം ഇല്ലാത്ത പുതിയ കാലം. ഒരു സ്വപ്നം പോലും കാണാതെ തണുക്കാതെ, വിയര്‍ക്കാതെ, നനയാതെ പാഴായി പോവുന്ന നമ്മുടെ യൌവ്വനം. കമ്പോളത്തിന്റെ നീതികളില്‍ കുരുങ്ങി പിടയുന്ന സഹ ജീവികളുടെ ദുരിതത്തില്‍ നമുക്ക് ആഘോഷിയ്ക്കാം. നമ്മള്‍ എങ്ങനെ ഇങ്ങനെ ആയി? വില കൊടുത്ത് വാങ്ങി, ഉപയോഗിച്ച്, വലിച്ചെറിയുന്ന ബന്ധങ്ങള്‍, പ്രണയം, സൌഹൃദം, രാഷ്ട്രീയം, സിനിമ, നാടകം, കവിത എല്ലാം...എല്ലാം...




അരാഷ്ട്രീയതയുടെ തീമഴയില്‍ എല്ലാ ആര്‍ദ്രതയും വരണ്ട് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട വര്‍ത്തമാന കലാലയത്തിന്റെ ഇടനാഴിയിലേക്ക്... പ്രതിരോധത്തിന്റെ ഒരു ചെറു തിരിയുമായി ഞങ്ങള്‍ പറന്നിറങ്ങുന്നു... വരൂ നമുക്കീ തീ ആളിപ്പടര്‍ത്താം... അഗ്നിക്കിരയാക്കാം...തണുത്ത് ഉറഞ്ഞു പോയ തലച്ചോറുകളെ, പഴുത്ത് നാറുന്ന വ്യവസ്ഥയെ, വ്യവസ്ഥാപിത നിയമങ്ങളെ...”




നന്മയുടെ വറ്റാത്ത ഉറവുകള്‍ തേടാനും, നാടകം കളിയ്ക്കാനും, നേരുകള്‍ ഉറക്കെ പറയാനും, നാടകത്തെയും രാഷ്ടീയ ബോധത്തെയും നെഞ്ചോട്‌ ചേര്‍ത്ത ഒരു പറ്റം യുവാക്കളുടെ ഒരു കൂട്ടായ ശ്രമമാണ് “തെരുവരങ്ങ് The Other Theatre” എന്ന നാടകസംഘം. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കലാകാരന്മാരും വിദ്യാര്‍ത്ഥികളും അടങ്ങിയതാണ് ഈ കൂട്ടായ്മ.




എന്നും നിശ്ശബ്ദമായിരിക്കാന്‍ ആഗ്രഹിക്കുന്ന പുതു തലമുറയോട്‌ കലഹത്തിന്റെ, കലാപത്തിന്റെ, പ്രതിഷേധത്തിന്റെ സംവാദത്തിന്‌ തെരുവരങ്ങ്‌ തുടക്കം കുറിച്ചിരിക്കുന്നു. അരാഷ്ടിയതയുടെ ജീര്‍ണത ബാധിച്ച തെരുവുകളെ രാഷ്ടിയ പ്രക്ഷുബ്ധമാക്കി കൊണ്ട്‌ വീണ്ടും തെരുവ്‌ നാടക വേദി സജീവമാവുകയാണ്‌.




ജൂണ്‍ 25ന് കാസര്‍ക്കോഡ് നിന്നും തുടങ്ങി ജൂലൈ എട്ടിന് തിരുവനന്തപുരത്ത് എത്തുന്ന ഈ തെരുവ് നാടക സംരംഭത്തിന് സുഹൃത്തുക്കളുടെ സഹായമാണ്‌ ഇത്‌ വരെ ആശ്വാസമായത്‌.




പതിനഞ്ചു പേരുള്‍പ്പെടുന്ന നാടക സംഘത്തിന്റ യാത്ര കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്കുള്ളില്‍ ഇത്‌ വരെ നിലനിര്‍ത്തിയത് സുഹൃത്തുക്കളുടെ രാഷ്ടീയ പിന്തുണയും സാമ്പത്തിക സഹായവുമാണ്‌.




തെരുവരങ്ങിനെ മുന്നോട്ട്‌ നയിക്കാന്‍ നിങ്ങളുടെയും സുഹൃത്തുകളുടെയും ആത്മാര്‍ത്ഥമായ സഹായം ഇവര്‍ പ്രതീക്ഷിക്കുന്നു.




കൂടുതല്‍ വിവരങ്ങള്‍ക്ക്‌: theruvarang@gmail.com, josephjohnm@gmail.com എന്നീ ഈമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുകയോ ഈ നമ്പരുകളില്‍ വിളിയ്ക്കുകയോ ചെയ്യുക: 9387127712, 09745504604

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്