26 October 2008

സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ - മന്‍ മോഹന്‍ സിംഗ്

ഇപ്പോള്‍ ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനു മൂല കാരണം സമ്പന്ന രാഷ്ട്രങ്ങളുടെ അശ്രദ്ധയാണെന്ന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. ബെയ്ജിങില്‍ നടക്കുന്ന ഏഷ്യ - യൂറോപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിയ്ക്കു കയായിരുന്നു അദ്ദേഹം. വിപണി തകരുമ്പോള്‍ സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണം. വികസിത രാജ്യങ്ങള്‍ ഇത്തരത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ ഇടപാടുകള്‍ ശരിയായി മേല്‍നോട്ടം വഹിയ്ക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇത്തരം ഒരു അവസ്ഥ സംജാതം ആവുകയില്ലായിരുന്നു. വിപണിയില്‍ അച്ചടക്കം നിലനിര്‍ത്തുക വഴി തകര്‍ച്ചയുടെ സാധ്യത കുറയ്ക്കാമായിരുന്നു.




ഇന്ത്യയടക്കം ഉള്ള വികസ്വര രാജ്യങ്ങള്‍ക്കും ഈ ആഗോള സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാണ്. വിദേശ നിക്ഷേപക സ്ഥാ‍പനങ്ങള്‍ വന്‍ തോതില്‍ മൂലധനം പിന്‍ വലിയ്ക്കുന്നത് നമ്മുടെ വിപണിയേയും രൂപയുടെ വിനിമയ നിരക്കിനേയും പ്രതികൂലമായി ബാധിച്ചു. ഈ പ്രതിസന്ധിയില്‍ നിന്നും വികസ്വര രാഷ്ട്രങ്ങള്‍ക്ക് കര കയറാന്‍ ഇനി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിയ്ക്കുക മാത്രം ആണ് ഒരു പോംവഴി. അതിനായി ഐ. എം. എഫ്. പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ വികസ്വര രാഷ്ട്രങ്ങളെ ഉദാരമായി സഹായിയ്ക്കണം എന്നും മന്‍ മോഹന്‍ സിംഗ് പറഞ്ഞു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്