12 February 2009

ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ തമ്മില്‍ ഇടിച്ചു

മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ദിനം പ്രതി ബഹിരാകാശത്തില്‍ എത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടേയും ഗതാഗത കുരുക്ക് അനുഭവപ്പെടും എന്ന് കുറച്ചു നാളായി ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു. ഈ ആശങ്കകള്‍ അസ്ഥാനത്ത് ആല്ലായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് ചരിത്രത്തില്‍ ആദ്യമായി രണ്ട് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് തമ്മില്‍ ഇടിച്ച് തകര്‍ന്നിരിക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് സൈബീരിയയുടെ ഏതാണ്ട് അഞ്ഞൂറ് മൈല്‍ മുകളില്‍ വെച്ചാണ് ഒരു റഷ്യന്‍ ഉപഗ്രഹവും അമേരിക്കന്‍ ഉപഗ്രഹവും തമ്മില്‍ ഇടിച്ചു തകര്‍ന്ന് തരിപ്പണം ആയത്. ഇതിനെ തുടര്‍ന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ ഇവയുടെ ചുറ്റുമുള്ള ഭ്രമണ പഥങ്ങളിലൂടെ അതിവേഗം സഞ്ചരിക്കുന്നതായി റഡാറുകള്‍ കണ്ടെത്തി. ഇടി നടന്ന സ്ഥലത്തു നിന്നും കേവലം 215 മൈല്‍ മാത്രം മുകളില്‍ ഉള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഈ അവശിഷ്ടങ്ങള്‍ മൂലം ഭീഷണി ഉണ്ടാവും എന്ന് ശാസ്ത്ര ലോകം ആശങ്കപ്പെടുന്നു. ഈ നിലയത്തില്‍ ഇപ്പോള്‍ മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഉണ്ട്.




അമേരിക്കയിലെ ഇറിഡിയം കമ്പനിയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ആണ് ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്ത ഒരു റഷ്യന്‍ നിര്‍മ്മിത ഉപഗ്രഹവുമായി കൂട്ടി ഇടിച്ചത്. ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും ഫോണ്‍ ചെയ്യാന്‍ സൌകര്യം ഒരുക്കുന്ന ഇറിഡിയം മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തുന്ന കമ്പനിക്ക് ബഹിരാകാശത്ത് ഇത്തരം 66 ഉപഗ്രഹങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ അപകടം മൂലം തങ്ങളുടെ മൊബൈല്‍ ഫോണ്‍ സേവനത്തിന് തകരാറൊന്നും സംഭവിക്കില്ല എന്ന് കമ്പനി വ്യക്തമാക്കി.




ബഹിരാകാശത്ത് ഇത്തരം അപകടങ്ങള്‍ അപൂര്‍വ്വമല്ല. എന്നാല്‍ ഇത്രയും വലിയ രണ്ട് മനുഷ്യ നിര്‍മ്മിത ഉപഗ്രഹങ്ങള്‍ തമ്മില്‍ ഇടിക്കുന്നത് ഇതാദ്യമായാണ്. ഏതാണ്ട് 450 കിലോഗ്രാം ഭാരം ഉണ്ട് രണ്ട് ഉപഗ്രഹങ്ങള്‍ക്കും. ഇത് മൂലം ഉണ്ടാവുന്ന ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവും നശീകരണ ശേഷിയും വളരെ വലുതാണ് എന്നതാണ് ആശങ്കക്ക് വക നല്‍കുന്നത്. ഇതു പോലുള്ള ബാഹ്യ വസ്തുക്കളുടെ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാന്‍ പലപ്പോഴും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥത്തില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഇത്തരം മാറ്റം എന്തെങ്കിലും വരുത്തണമോ എന്നറിയാന്‍ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ചു വരികയാണ് ശാസ്ത്രജ്ഞര്‍.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്