24 March 2009

സൌമ്യ കൊലക്കേസ് പ്രതികള്‍ പിടിയില്‍

മലയാളി മാധ്യമ പ്രവര്‍ത്തക സൌമ്യ വിശ്വനാഥ് കൊലക്കേസിന്റെ ചുരുളഴിഞ്ഞു. ദില്ലിയിലെ നെത്സണ്‍ മണ്ഡേലാ മാര്‍ഗില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് ഓഫീസില്‍ നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴി സൌമ്യ തന്റെ കാറില്‍ വെച്ചു തലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നേരത്തെ സി.എന്‍.എന്‍. ഐ.ബി.എന്‍ ഇല്‍ പ്രവര്‍ത്തിച്ചിരുന്ന സൌമ്യ കൊല്ലപ്പെടുമ്പോള്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്ലൈന്‍സ് ടുഡേയില്‍ ഒരു ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ആയിരുന്നു. ആദ്യം ഇതൊരു അപകട മരണമാണ് എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. വഴി തെറ്റി വന്ന ഒരു ബുള്ളറ്റ് കോണ്ടതാവും എന്നും പോലീസ് കരുതിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയില്‍ സൌമ്യയുടെ തലമുടിയും ശിരോചര്‍മവും പുറകിലത്തെ സീറ്റില്‍ കാണപ്പെട്ടു. അതോടെ ഇത് ഒരു കരുതി കൂട്ടിയുള്ള കൊലപാതകം ആണെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിനു പിന്നിലെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. സൌമ്യയുടെ അച്ചന്‍ എം. കെ. വിശ്വനാഥനും ഇതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.




മറ്റൊരു കൊലപാതക കേസിന്റെ അന്വേഷണത്തിലാണ് സൌമ്യയുടെ ഘാതകരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ആഴ്ച ദില്ലിയിലെ വസന്ത് വിഹാറില്‍ വെച്ചു കൊല്ലപ്പെട്ട ജിഗിഷാ ഘോഷിന്റെ ആക്രമിച്ചതിനു ശേഷം ഇവരുടെ എ.റ്റി.എം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍‌വലിച്ച ആക്രമികളുടെ ചിത്രം ബാങ്കിന്റെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.യില്‍ പതിഞ്ഞിരുന്നു. ഇതാണ് ഘാതകരെ പിടി കൂടാന്‍ പോലീസിനെ സഹായിച്ചത്.




അറസ്റ്റിലായ നാലു പേരെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ തന്നെയാണ് സൌമ്യയേയും കൊലപ്പെടുത്തിയത് എന്ന് മനസ്സിലായത്.




മലയാളിയായ സൌമ്യ വിശ്വനാഥന്‍ ജനിച്ചത് കേരളത്തിലാണെങ്കിലും വളര്‍ന്നത് ദില്ലിയിലാണ്. അഛന്‍ എം.കെ.വിശ്വനാഥന്‍ ദില്ലിയില്‍ വോള്‍ട്ടാസ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്