10 April 2009

സൊമാലിയന്‍ കൊള്ളക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു

കടല്‍ കൊള്ളക്കാര്‍ ബന്ദിയാക്കിയ കപ്പലിന്റെ കപ്പിത്താനെ രക്ഷപ്പെടുത്തുവാന്‍ ഉള്ള അമേരിക്കന്‍ നാവിക സേനയുടെ ശ്രമങ്ങള്‍ തുടരുന്നുവെങ്കിലും ഇത്രത്തോളം ആയിട്ടും കൊള്ളക്കാര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത് സൈന്യത്തെ കുഴക്കുകയാണ്. കൊള്ളക്കാരുമായി മധ്യസ്ഥത പറയാന്‍ അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ സംഘടനയിലെ വിദഗ്ദ്ധരായ നെഗോഷിയേറ്റര്‍മാരെ തന്നെ സേന രംഗത്തിറക്കിയിട്ടുണ്ട്. മര്‍സ്ക് അലബാമ എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കഴിഞ്ഞ ബുധനാഴ്ച പിടിച്ചടക്കിയതിനെ തുടര്‍ന്ന് കപ്പലിലെ ഇരുപതോളം വരുന്ന അമേരിക്കന്‍ ജീവനക്കാര്‍ കപ്പലിന്റെ നിയന്ത്രണം ബല പ്രയോഗത്തിലൂടെ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ തന്റെ കീഴ് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയ കപ്പലിന്റെ കപ്പിത്താന്‍ ഈ തന്ത്രം വിജയിക്കുന്നതിനായി സ്വയം നാല് കൊള്ളക്കാരുടെ കൂടെ ഒരു ലൈഫ് ബോട്ടില്‍ കയറുവാന്‍ തയ്യറാവുകയായിരുന്നു. കപ്പലിന്റെ നിയന്ത്രണം ജീവനക്കാര്‍ക്ക് തിരികെ ലഭിച്ചെങ്കിലും കപ്പിഥാന്‍ ഇപ്പോള്‍ ഈ നാല് കൊള്ളക്കാരുടെ തടവില്‍ ലൈഫ് ബോട്ടില്‍ ആണ് ഉള്ളത്. ലൈഫ് ബോട്ട് ആണെങ്കില്‍ കപ്പലില്‍ നിന്നും അകന്ന് പോയി കൊണ്ടിരിക്കുകയുമാണ്.
 
ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. കപ്പിത്താനെ വിട്ടാല്‍ തങ്ങളെ അറസ്റ്റ് ചെയ്യും എന്ന് കൊള്ളക്കാര്‍ വിശ്വസിക്കുന്നു. ഇവരെ സഹായിക്കാന്‍ രണ്ട് ബോട്ടുകളിലായി കൂടുതല്‍ കൊള്ളക്കാര്‍ തിരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പണം ലഭിച്ചാല്‍ മാത്രമേ കപ്പിത്താനെ തങ്ങള്‍ വിട്ടയക്കൂ എന്നാണ് കൊള്ളക്കാരുടെ നിലപാട്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്