25 April 2009

മെക്സിക്കോയില്‍ പന്നി പനി

swine flu outbreak in mexicoഇന്നു വരെ കാണാത്ത ഒരു പുതിയ തരം വൈറസ് മെക്സിക്കോയില്‍ പടര്‍ന്ന് പിടിക്കുന്നു. ഇത് അമേരിക്കയിലേക്കും പകര്‍ന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ ഇതിനോടകം തന്നെ പലരേയും വൈറസ് ബാധിച്ചിട്ടുണ്ടെങ്കിലും ഇവരെല്ലാവരും തന്നെ സുഖം പ്രാപിച്ചു വരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ മെക്സിക്കോവില്‍ വ്യാപകമായി പടര്‍ന്ന വൈറസ് ബാധ മൂലം 61 പേര്‍ എങ്കിലും മരണമടഞ്ഞു എന്ന് മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു.
 
സ്വൈന്‍ ഫ്ലു എന്ന ഒരു തരം പന്നി പനി ആണ് ഈ വൈറസ് പരത്തുന്നത്.
 
മെക്സിക്കോവിലെ സ്ക്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാ പൊതു ചടങ്ങുകളും മാറ്റി വെച്ചിട്ടുണ്ട്. 1000 പേര്‍ക്ക് എങ്കിലും പനി ബാധിച്ചിട്ടുണ്ട് എന്നാണ് നിഗമനം. പന്നിയില്‍ നിന്നും മനുഷ്യനില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള വൈറസിന്റെ ഒരു സങ്കര ജന്മമാണ് ഈ പുതിയ വൈറസ് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുവാനുള്ള ഇതിന്റെ ശേഷിയാണ് ഇതിനെ അത്യന്തം അപകടകാരി ആക്കുന്നത്.
 
ഒരു ആഗോള പകര്‍ച്ച വ്യാധി ആയി ഇത് മാറുമോ എന്ന ആശങ്ക വ്യാപകം ആണെങ്കിലും ഇതു വരെയുള്ള വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നു മില്ലാത്തതിനാല്‍ ഇത്തരം ഒരു സാധ്യത ശാസ്ത്രജ്ഞര്‍ ഇതു വരെ അംഗീകരിച്ചിട്ടില്ല.
 
ലോകമെമ്പാടും ഒരു വര്‍ഷം പനി മൂലം 2.5 ലക്ഷം മുതല്‍ 5 ലക്ഷം പേര്‍ മരിക്കുന്നു. എന്നാല്‍ ഇത് ഇത് കാലികമായ ഒരു പ്രതിഭാസം മാത്രമാണ്. 2003ല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട പക്ഷി പനിയും ഒരു കാലിക പ്രതിഭാസം ആയിരുന്നു എങ്കിലും ഈ വൈറസിന്റെ സ്വഭാവത്തില്‍ ചില ഭേദഗതികള്‍ വന്നാല്‍ ഇതിന് ഒരു ആഗോള പകര്‍ച്ച വ്യാധിയായി രൂപം മാറുവാന്‍ ഉള്ള ശേഷി ഉള്ളതായി ശാസ്ത്ര ലോകം ഭയത്തോടെ കണ്ടെത്തിയിരുന്നു. ഇനിയും ഇത്തരം ഒരു ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. ഇതിനു മുന്‍പ് മനുഷ്യ ചരിത്രത്തില്‍ ഇത്തരം ഒരു ആഗോള പകര്‍ച്ച വ്യാധി 1968ല്‍ പത്ത് ലക്ഷത്തിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഹോങ്‌കോങ് പനി മൂലം ആയിരുന്നു ഉണ്ടായത്.
 





 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്