18 April 2009

ഇറാന്‍ ആക്രമിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം സന്നദ്ധം ആണെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി ചുമതല ഏറ്റ സര്‍ക്കാര്‍ ആക്രമണ അനുമതി നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം ഈ ആക്രമണം ഇസ്രയേല്‍ സൈന്യം നടത്തും എന്നാണ് സൂചന. ഇത്തരം ഒരു ആക്രമണം അപകടകരമാണ് എന്ന് നിരീക്ഷകര്‍ കരുതുന്നു. ആക്രമണം കൃത്യമായി ലക്ഷ്യം കണ്ടെത്തണം എന്നത് തന്നെ കാരണം. എന്നാല്‍ ഇതിനായി ഇസ്രയേല്‍ കഴിഞ്ഞ് നാളുകളിലായി ഒട്ടേറെ പരിശീലനവും ഒരുക്കങ്ങളും പൂര്‍ത്തി ആക്കുകയുണ്ടായി.
 
മൂന്ന് “അവാക്” യുദ്ധ വിമാനങ്ങള്‍ ഈ ആവശ്യത്തിനായി ഇസ്രയേല്‍ സ്വന്തം ആക്കുകയുണ്ടായി. (AWAC - Airborne Warning and Control). 870 മൈല്‍ ദൂരമാണ് ഇത്തരം ഒരു ആക്രമണത്തിന് ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരിക. ഈ ദൂരം കഴിഞ്ഞ വര്‍ഷം നടത്തിയ പരിശീലന പറക്കലില്‍ ഇസ്രയേല്‍ വ്യോമ സേന സഞ്ചരിച്ചു കഴിഞ്ഞു. ജോര്‍ദാന്‍, ഇറാഖ് എന്നിങ്ങനെ അമേരിക്കന്‍ സൈനിക സാന്നിധ്യം ഉള്ള പ്രദേശങ്ങളിലൂടെ ആവും ഈ യുദ്ധത്തിന് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വരിക എന്നതും ഇസ്രയേലിന് അനുകൂലം ആവും.
 
ആക്രമണത്തെ തുടര്‍ന്ന് പ്രത്യാഘാതങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ദേശ വ്യാപകമായ ഒരു സൈനിക ഡ്രില്‍ ഇസ്രയേല്‍ നടത്തുകയുണ്ടായി.
 
1981ല്‍ ഇറാഖിന്റെ ആണവ സ്വപ്നങ്ങള്‍ തകര്‍ത്ത ഇസ്രയേല്‍ ആക്രമണത്തിന് സമാനം ആയ ഒരു ആക്രമണം ആവും ഇതെന്നാണ് കരുതപ്പെടുന്നത്. അന്ന് ബാഗ്ദാദിന് അടുത്തുള്ള ഒസിറാക് എന്ന ആണവ കേന്ദ്രം ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ വെറും നൂറ് സെക്കന്‍ഡുകള്‍ കൊണ്ടാണ് ആക്രമിച്ചു നശിപ്പിച്ചത്.
 
ഗാസയിലേക്ക് ആയുധവുമായി പോകുക ആയിരുന്ന ഒരു കപ്പല്‍ സുഡാനില്‍ വെച്ച് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ആക്രമിച്ചത് ഇത്തരം ഒരു യുദ്ധത്തിനുള്ള മുന്നൊരുക്കം ആയിരുന്നു എന്ന് കരുതപ്പെടുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്