ശനി 3rd മെയ് 2025

28 May 2009

വംശീയ ആക്രമണം : ഇന്ത്യന്‍ വിദ്യാര്‍ത്ഥി അത്യാസന്ന നിലയില്‍

racist-australia-attacks-indian-studentsഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥി ആയിരുന്ന ആന്ധ്രാ പ്രദേശ് സ്വദേശി വംശീയ ആക്രമണത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആണെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനിതാ നായര്‍ അറിയിച്ചു. 25 കാരനായ ശ്രാവണ്‍ കുമാര്‍ ആണ് ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായി ഇപ്പോള്‍ മെല്‍ബണിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരവും ആശങ്കാ ജനകവും ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ അവസരത്തില്‍ ഇയാളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ആവുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ എന്ന പ്രതീക്ഷയില്‍ തന്നെ ഏവരും കാത്തിരിക്കുകയാണ് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നു രണ്ട് ദിവസത്തിനകം വ്യക്തം ആയ ഒരു ചിത്രം ലഭിക്കും എന്നാണ് പ്രതീക്ഷ. തങ്ങള്‍ ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് എന്നും അനിത പറഞ്ഞു.
 
ശ്രാവണ്‍ കുമാര്‍ അടക്കം നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആണ് കഴിഞ്ഞ ദിവസം മെല്‍ബണില്‍ ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായത്. ക്രൂരമായി മര്‍ദ്ദിച്ച ഇവരെ ആക്രമികള്‍ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു.
 
ആക്രമണത്തില്‍ വിദേശ കാര്യ മന്ത്രി എസ്. എം കൃഷ്ണ ഞെട്ടല്‍ രേഖപ്പെടുത്തി. തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം എന്ന് ഇന്ത്യ ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിച്ച ഇന്ത്യ അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു.
 




Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...