13 June 2009

പന്നി പനി : ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ഔദ്യോഗിക ആഗോള പകര്‍ച്ചവ്യാധി

പന്നി പനിയെ ആഗോള പകര്‍ച്ചവ്യാധി ആയി പ്രഖ്യാപിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആദ്യമായാണ് ഒരു രോഗത്തെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച വ്യാധികളുടെ പട്ടികയില്‍ പെടുത്തുന്നത്. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഇന്ഫ്ലുവന്സ വൈറസ്‌ ആണ് ഇത്.
 
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിച്ചപ്പോള്‍ ആണ് ലോക ആരോഗ്യ സംഘടന പന്നി പനിയെ ആഗോള പകര്‍ച്ച വ്യാധി ആയി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി ഗതികള്‍ നിയന്ത്രണാതീതം ആണ് എന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമാനം.
 
HI NI വൈറസ്‌ ത്വരിത ഗതിയിലാണ് ലോകം എമ്പാടും വ്യാപിക്കുന്നത്. എന്നാല്‍ ഇതിനെ വളരെ തുടക്കത്തില്‍ തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും ആയി എന്ന് ലോക ആരോഗ്യ സംഘടനയുടെ മേധാവി ആയ ഡോ. മാര്‍ഗറെറ്റ് ചാന്‍ പറയുന്നു.
 
പന്നി പനി വൈറസിനെ ആദ്യം ആയി കണ്ടെത്തിയത്, ഏപ്രില്‍ മാസത്തില്‍ മെക്സിക്കോയില്‍ ആണ്. അതിനു ശേഷം ലോക വ്യാപകം ആയി 74 രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിക്കുക ആയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 30,000 ആളുകളെ പന്നി പനി വൈറസ്‌ പിടി കൂടി. 140 മരണങ്ങള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദിനം പ്രതി മരണ സംഖ്യ ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
 
ഇന്ത്യയില്‍ 15 പേര്‍ക്ക് പന്നി പനി പിടിപെട്ടു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദില്‍ ആണ് ഇത് ആദ്യം ആയി കണ്ടെത്തിയത്. അതില്‍ 7 പേര്‍ക്ക് പന്നി പനി തന്നെ എന്ന് ഉറപ്പായിട്ടുണ്ട്. കോയമ്പത്തൂര്‍, ഗോവ, ഡല്‍ഹി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പന്നി പനിയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉള്ള രോഗികളെയും കണ്ടെത്തിയിട്ടുണ്ട്.
 
പന്നി പനിയെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച പനി ആയി പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ അത്രയും വഷളായത് കൊണ്ടല്ല, പക്ഷേ ഇത് ലോകവ്യാപകം ആയി പടരുന്നതിനാല്‍ എല്ലാ രാജ്യങ്ങളും മതിയായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി ആണ് എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്.

Labels: ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്