24 July 2009

വര്‍ണ്ണ വ്യത്യാസം അമേരിക്കയില്‍ ഇപ്പോഴും പ്രസക്തം - ഒബാമ

Henry-Louis-Gatesവര്‍ണ്ണ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ അമേരിക്ക നേടിയ പുരോഗതിയുടെ തെളിവാണ് താന്‍ എന്ന് ഒബാമ പ്രസ്താവിച്ചു. എന്നിരുന്നാലും അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോഴും വര്‍ണ്ണ വ്യത്യാസങ്ങള്‍ പ്രസക്തമാണ്. അതിന്റെ ഉദാഹരണമാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ ഹെന്‍‌റി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ അറസ്റ്റ്. എന്നാല്‍ ഇത് അമേരിക്ക ഈ വിഷയത്തില്‍ കൈവരിച്ച പുരോഗതിയെ കുറച്ചു കാണുകയല്ല എന്ന് അമേരിക്കയിലെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
 
തെറ്റിദ്ധാരണകളുടെ പുറത്തുണ്ടാവുന്ന അറസ്റ്റുകള്‍ സാധാരണമാണ്. എന്നാല്‍ അകാരണമായി പോലീസിന്റെ പിടിയില്‍ ആവുന്നവരില്‍ കൂടുതലും കറുത്തവരാണ് എന്നത് തീര്‍ച്ചയായും സംശയത്തിന് ഇട നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ മാത്രമെ കൂടുതല്‍ സുരക്ഷിതമായ ഒരു സാമൂഹിക സാഹചര്യം സൃഷ്ടിക്കാനാവൂ എന്നും ഒബാമ പറഞ്ഞു.
 
പോലീസിനോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് ഗേറ്റ്സിനെ കാംബ്രിഡ്ജിലെ സ്വവസതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
 
ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ പ്രൊഫസ്സര്‍ തന്റെ വീട്ടിലെ മുന്‍ വാതിലിന്റെ പൂട്ട് തുറക്കാന്‍ ആവാതെ പിന്‍ വാതിലിലൂടെ വീടിനകത്ത് കടന്നു. അതിനു ശേഷം അകത്തു നിന്നും മുന്‍ വാതില്‍ തുറക്കുവാന്‍ ശ്രമിച്ചു എങ്കിലും പൂട്ട് കേടായതിനാല്‍ തുറക്കുവാന്‍ കഴിഞ്ഞില്ല. വീണ്ടും വീടിനു മുന്‍പില്‍ എത്തി തന്റെ ഡ്രൈവറുടെ സഹായത്തോടെ മുന്‍ വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ പോലീസ് വീട്ടിലെത്തി. പോലീസ് ഓഫീസര്‍ ജെയിംസ് ക്രൌളി പ്രൊഫസ്സറോട് വീടിനു വെളിയില്‍ ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു. ഇത് തന്റെ വീടാണെന്ന് പറഞ്ഞ പ്രൊഫസ്സര്‍ തന്റെ ഡ്രൈവിംഗ് ലൈസന്‍സും ഹാര്‍വാര്‍ഡ് സര്‍വകലാശാല തിരിച്ചറിയല്‍ കാര്‍ഡും പോലീസുകാരന് കാണിച്ചു കൊടുത്തു. എന്നാല്‍ ഇത് വക വെക്കാതെ ഉദ്യോഗസ്ഥന്‍ വീട്ടില്‍ കയറി ചെന്നു. തന്റെ വീട്ടില്‍ കയറി വന്നു തന്നെ ചോദ്യം ചെയ്യുന്നതില്‍ അസ്വസ്ഥനായ പ്രൊഫസ്സര്‍ ഉദ്യോഗസ്ഥനോട് പേരും അയാളുടെ ബാഡ്ജ് നമ്പരും ചോദിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്. നാല് മണിക്കൂറോളം പ്രൊഫസ്സര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞു എന്ന് പ്രൊഫസ്സറുടെ സഹ പ്രവര്‍ത്തകനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസ്സറും ഇപ്പോള്‍ ഗേറ്റ്സിന്റെ അഭിഭാഷകനുമായ ചാള്‍സ് ഓഗ്‌ള്‍ട്രീ അറിയിച്ചു.
 
ഈ കേസ് ഇനി അന്വേഷിക്കേണ്ടതില്ല എന്നാണ് പോലീസിന്റെ തീരുമാനം. പ്രൊഫസ്സറുടെ പേരിലുള്ള കേസ് പ്രോസിക്യൂഷന്‍ പിന്‍‌വലിക്കുകയും ചെയ്തിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്