28 July 2009

സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ വാല്‍‌വ് കച്ചവടം

heart-valveതിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നു വന്ന കൃത്രിമ ഹൃദയ വാല്‍‌വ് കച്ചവടത്തിന്റെ കഥ പുറത്തു വന്നു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് ലഭിക്കുന്ന സൌജന്യ ഹൃദയ വാല്‍‌വ് മറിച്ച് വില്‍ക്കുന്ന സംഘത്തിലെ ഒരു കണ്ണിയായ നെയ്യാറ്റിന്‍‌കര പ്രേമ ചന്ദ്രന്റെ അറസ്റ്റോടെ ആണ് ഈ ഞെട്ടിക്കുന്ന കഥ പുറത്തായത്. ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ രണ്ട് സ്ത്രീകളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച പോലീസ് പ്രേമ ചന്ദ്രനെ പിടി കൂടിയത്. വാല്‍‌വ് കച്ചവട സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രേമ ചന്ദ്രന്‍ എന്ന് പോലീസ് അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലായ ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ എടുക്കും എന്ന് പോലീസ് അറിയിച്ചു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള ഹൃദ്‌രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നും കൃത്രിമ വാല്‍‌വ് സൌജന്യമായി ലഭിക്കും. ഇതിനായി പേര് റെജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും ആശുപത്രി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വാല്‍‌വ് കൈവശപ്പെടുത്തി ഇത് വന്‍ തുകകള്‍ക്ക് മറ്റ് ആവശ്യക്കാര്‍ക്ക് മറിച്ച് വില്‍ക്കുക ആയിരുന്നു ഇവരുടെ രീതി. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
 
സംഭവത്തെ പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അടങ്ങുന്ന ഒരു സംഘം ഉടന്‍ രൂപീകരിക്കും എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്