16 October 2009
പട്ടിണി മാറ്റാത്ത സ്വതന്ത്ര വിപണി![]() പട്ടിണി അകറ്റാനുള്ള ശ്രമത്തിന്റെ വിജയം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സൂചനയല്ല എന്നതാണ് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന വസ്തുത. ചില ദരിദ്ര രാജ്യങ്ങള്‍ ഈ രംഗത്ത് എടുത്തു പറയാവുന്ന പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാല്‍ വ്യാവസായിക വികസനത്തിന്റെ കാര്യത്തില്‍ ഏറെ പുരോഗതി കാണിക്കുന്ന ഇന്ത്യ ഈ പട്ടികയില്‍ എത്യോപ്യയുടെയും കംബോഡിയയുടെയും പുറകിലാണ്. നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാള്‍ മുന്‍പിലാണ്. ബ്രസീലാണ് ഒന്നാമത്. തൊട്ടു പുറകില്‍ ചൈനയുമുണ്ട്. ![]() വികസ്വര രാജ്യങ്ങളുടെ റിപ്പോര്‍ട്ട് ഭക്ഷണ ബാങ്കുകള്‍, സമൂഹ അടുക്കളകള്‍ എന്നിവ സ്ഥാപിക്കുക, സ്ക്കൂളുകളില്‍ ഭക്ഷണം വിതരണം ചെയ്യുക, ചെറു കിട കര്‍ഷകരെ പിന്തുണക്കുക എന്നിവയാണ് ഈ രംഗത്ത് ഒന്നാമതാവാന്‍ ബ്രസീലിനെ സഹായിച്ചത്. കൃഷി സ്ഥലം എല്ലാവര്‍ക്കുമായി വിതരണം ചെയ്ത്, ദരിദ്ര കര്‍ഷകരെ സഹായിക്കുക വഴി ചൈന 58 മില്യണ്‍ ആളുകളെ പട്ടിണിയില്‍ നിന്നും മോചിപ്പിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് നല്‍കി വന്ന പിന്തുണയും ഭക്‌ഷ്യ സുരക്ഷയെ ദേശീയ നയമായി കാണുകയും ചെയ്ത ഘാന, ഒരു ദരിദ്ര രാജ്യമായിരുന്നിട്ടും മൂന്നാം സ്ഥാനത്തെത്തി. ഭൂ പരിഷ്കരണവും ചെറുകിട കര്‍ഷകരെ സഹായിക്കുന്ന ശക്തമായ നയങ്ങളുമാണ് പട്ടിണിക്കാരുടെ എണ്ണം പകുതിയായി കുറക്കാന്‍ വിയറ്റ്നാമിനെ സഹായിച്ചത്. എച്. ഐ. വി. യുടെ കെടുതികളാല്‍ ഏറെ കഷ്‌ട്ടപ്പെടുന്ന, ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ ഒന്നായ മലാവി, മൂന്ന് വര്‍ഷം കൊണ്ട് പട്ടിണി അകറ്റുന്നതില്‍ കൈവരിച്ച നേട്ടത്തിന്, ചെറുകിട കര്‍ഷകര്‍ക്ക് നല്‍കിയ ശക്തമായ പിന്തുണയാണ് കാരണമായത്. വ്യത്യസ്തമായ സാഹചര്യങ്ങള്‍ നില നില്‍ക്കുന്ന ഈ അഞ്ചു രാജ്യങ്ങളുടെയും നേട്ടങ്ങള്‍ക്ക് സഹായിച്ച ചില പൊതുവായ വസ്തുതള്‍ ഇവയാണ് :
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയല്ല, മറിച്ച് സര്‍ക്കാരുകളുടെ പങ്കാണ് പട്ടിണി നിവാരണം സാധ്യമാക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ട് പരാമര്‍ശിച്ചു കൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ ആക്ഷന്‍ എയ്ഡ് ഡയറക്ടര്‍ ആന്‍ ജെലെമ അറിയിച്ചു. ആറ് സെക്കന്‍ഡില്‍ ഒരു കുഞ്ഞ് വീതം പട്ടിണി മൂലം ഇന്ന് മരണമടയുന്നുണ്ട്. സര്‍ക്കാരുകള്‍ മനസ്സു വെച്ചാല്‍ ഇത് തടയാവുന്നതേയുള്ളൂ. ജനസംഖ്യയുടെ 35 ശതമാനം പേര്‍ ഇന്ത്യയില്‍ പട്ടിണി അനുഭവിക്കുന്നു എന്നാണ് കണക്ക്. 90 ശതമാനം ഗര്‍ഭിണികളായ സ്ത്രീകളും, 70 ശതമാനം കുട്ടികളും ഇന്ത്യയില്‍ പോഷകാഹാര കുറവ് അനുഭവിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം അവസാനിച്ചാലും, പോഷകാഹാര കുറവ് അനുഭവിച്ച് വളരുന്ന അടുത്ത തലമുറയുടെ ആരോഗ്യ നില ആപല്‍ക്കരമായ അവസ്ഥയിലായിരിക്കും എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാ ണിക്കുന്നു. ഇത് നേരിടാന്‍ നാം ഇനിയും ഉപേക്ഷ കാണിക്കരുത്. ചന്ദ്രനില്‍ വെള്ളം നമുക്ക് കണ്ടെത്താം. സ്വന്തം ദാരിദ്ര്യം ഉയര്‍ത്തിക്കാട്ടി ഓസ്ക്കാറും നമുക്ക് നേടാം. എന്നാല്‍ നമ്മുടെ ഏറ്റവും വലിയ സമ്പത്തായ ഭാവി തലമുറയുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാളെ നമുക്കാവില്ല. അത് നാം ഇന്നു തന്നെ ഉറപ്പാക്കിയേ മതിയാവൂ.
World Food Day - India high on the hunger map Labels: ഇന്ത്യ, കുട്ടികള്‍
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്