04 April 2010

മായാവതിയെ പ്രകോപിപ്പിച്ച കാര്‍ട്ടൂണ്‍ : ഖേദമില്ലെന്നു കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്

mayawati-crownedന്യൂഡല്‍ഹി : സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് മായാവതി സ്വന്തം പ്രതിമകള്‍ നാട് നീളെ സ്ഥാപിക്കുമ്പോള്‍, ഉത്തര്‍ പ്രദേശിലെ യുവതികള്‍ റോഡരികിലും തീവണ്ടി പാതയുടെ ഓരത്തും കുന്തിച്ചിരുന്നാണ് മല മൂത്ര വിസര്‍ജനം നടത്തുന്നത് എന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് പറഞ്ഞു. ഉത്തര്‍ പ്രദേശിലൂടെ ബസിലോ തീവണ്ടിയിലോ സഞ്ചരിച്ചാല്‍ ആയിരക്കണക്കിന് സ്ത്രീകളെ ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ നമുക്ക്‌ കാണാം. താന്‍ ഭരിക്കുന്ന ജനതയുടെ ദാരിദ്ര്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെയാണ് ഉത്തര്‍ പ്രദേശില്‍ സ്ഥാപിച്ചിരിക്കുന്ന മായാവതിയുടെ പ്രതിമകള്‍. ഒരു സ്ത്രീ മല മൂത്ര വിസര്‍ജനം നടത്തുന്ന രംഗം കാര്‍ട്ടൂണില്‍ ആവിഷ്കരിക്കേണ്ടി വന്നത് ഈ ഒരു സാഹചര്യത്തിലാണ്.
 
ഇന്ത്യയില്‍ ഏറ്റവും അധികം ദാരിദ്ര്യമുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്‌. ദാരിദ്ര്യം മൂലം സ്വന്തം ഭാര്യയേയും കുട്ടികളെയും വരെ വില്‍ക്കുന്നവരുടെ നാട്ടിലാണ് കോടികള്‍ ചിലവഴിച്ച് സ്വന്തം പ്രതിമകള്‍ സ്ഥാപിക്കുന്നതും, കോടികളുടെ നോട്ട് മാല അണിയിക്കുന്നതും, കോടികള്‍ ചിലവഴിച്ച് സ്വീകരണങ്ങള്‍ ഒരുക്കുന്നതും. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതിനെതിരെ പ്രതികരിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണ് എന്നും സുധീര്‍ നാഥ് അറിയിച്ചു.
 

mayawati-money-garland

മായാവതിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോട്ട് മാല അണിയിക്കുന്നു

 
സുധീര്‍ നാഥ് വരച്ച മായാവതിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തേജസ്‌ പത്രത്തിന്റെ തിരുവനന്തപുരം, പാലക്കാട്‌, കോഴിക്കോട് ഓഫീസുകള്‍ കഴിഞ്ഞ മാസം ബി. എസ്. പി. പ്രവര്‍ത്തകര്‍ ആക്രമിച്ചു തകര്‍ത്തിരുന്നു. തിരുവനന്തപുരത്ത് തേജസ്‌ പത്രത്തിന്റെ ഓഫീസിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനവും പാര്‍ട്ടിക്കാര്‍ നശിപ്പിച്ചു. ഇതിനെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്.
 

mayawati-cartoon

വിവാദമായ കാര്‍ട്ടൂണ്‍

 
ഏറ്റവും ഒടുവിലായി, ആറു കോടി രൂപ ചിലവഴിച്ച് മായാവതിയുടെ പ്രതിഷ്ഠയുമായി ഒരു അമ്പലം കൂടി ഉയര്‍ന്നു വരുന്നുണ്ട് ഉത്തര്‍ പ്രദേശില്‍. നോട്ട് മാല അണിഞ്ഞതിന്റെ പേരില്‍ ഉണ്ടായ കോലാഹലത്തിന് മറുപടി ആയിട്ടാണ് അമ്പലം നിര്‍മ്മിക്കുന്നത്. ശ്രീ ബുദ്ധനെ പോലെയാണ് മായാവതി എന്നാണ് അമ്പലത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദീകരണം. ആ നിലയ്ക്ക് മായാവതിക്കും ആവാം ഒരു അമ്പലം എന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ അമ്പലത്തില്‍ പ്രതിഷ്ഠയായി വെയ്ക്കുന്ന മായാവതിയുടെ പ്രതിമയില്‍ "ഭക്തര്‍ക്ക്‌" യഥേഷ്ടം നോട്ട് മാലകള്‍ സമര്‍പ്പിക്കാന്‍ കഴിയും എന്നാണ് ഈ അമ്പലം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമ പറയുന്നത്. നോട്ട് മാല അണിഞ്ഞ മായാവതിയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മനം നൊന്താണ് താന്‍ തന്റെ സ്ഥലത്ത് മായാവതിയ്ക്ക് ഒരു അമ്പലം പണിയാനുള്ള പദ്ധതി മുന്‍പോട്ട് വെച്ചത് എന്ന് സ്ഥലം ഉടമ കനയ്യാ ലാല്‍ പറയുന്നു.
 
പ്രശ്നം വഷളായതിനെ തുടര്‍ന്ന് തേജസ്‌ പത്രാധിപര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എന്ന് സുധീര്‍ നാഥ് അറിയിക്കുന്നു. മാത്രമല്ല, മായാവതിയുടെ പേരില്‍ ഉയര്‍ന്നു വരുന്ന അമ്പലത്തെ പറ്റിയാവും തന്റെ അടുത്ത കാര്‍ട്ടൂണ്‍ എന്നും അദ്ദേഹം പറഞ്ഞു.
 
കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും തേജസ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുമാണ് ശ്രീ സുധീര്‍നാഥ്.
 



Cartoon irks Mayawati - No regrets says cartoonist Sudheernath



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്