07 June 2008
വിസ തട്ടിപ്പിനിരയായ മലയാളികള്‍ അമേരിക്കയില്‍ നിരാഹാര സത്യഗ്രഹം തുടങ്ങി
അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡും കുടുംബ സമേതം താമസിച്ച് ജോലി ചെയ്യുവാനുള്ള അവസരവും വാഗ്ദാനം ചെയ്ത് ഗള്‍ഫില്‍ നിന്നും ഇന്ത്യയില്‍ നിന്നും കോണ്ടു വന്ന മലയാളികള്‍ വിസ തട്ടിപ്പിനിരയായി. ഗള്‍ഫിലും ഇന്ത്യയിലുമുള്ള പ്രമുഖ പത്രങ്ങളില്‍ മുംബായിലെ ഒരു റിക്രൂട്ട്മെന്റ് കമ്പനി നല്‍കിയ പരസ്യം കണ്ട് ജോലിയ്ക്ക് അപേക്ഷിച്ചവരാണ് തട്ടിപ്പിന് ഇരയായത്. ഫാമിലി വിസ ഇല്ലാതെ ഗള്‍ഫില്‍ ജോലി ചെയ്തു വന്ന ഇവര്‍ കുടുംബ സമേതം അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡോടു കൂടി ജോലി ചെയ്യാം എന്ന കമ്പനിയുടെ വാഗ്ദാനം കണ്ടാണ് തങ്ങളുടെ ജോലികള്‍ കളഞ്ഞ് അമേരിക്കയിലേക്കുള്ള വിസയ്ക്ക് അപേക്ഷിച്ചത്.
സച്ചിന്‍ ദേവന്‍ എന്ന മുംബായിലെ ഏജന്റ് ഇവരുടെ പക്കല്‍ നിന്നും വിസയ്ക്കായി രണ്ട് ലക്ഷം രൂപ വീതം വാങ്ങിയത്രെ. എന്നാല്‍ ഇവരെ അമേരിക്കയിലേക്ക് കൊണ്ട് വന്നത് H-2B എന്ന താല്‍ക്കാലിക വിസയിലായിരുന്നു. മിസ്സിസിപ്പിയിലേയും ടെക്സാസിലേയും കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്ത ഇവരുടെ ജീവിത സാഹചര്യങ്ങള്‍ ദയനീയമായിരുന്നു. ഇടുങ്ങിയ ലേബര്‍ ക്യാമ്പുകളില്‍ 24 പേരെ ഒരു മുറിയില്‍ കുത്തിനിറച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് ക്യാമ്പ് വിട്ട് പുറത്തിറങ്ങുവാനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ഇവരുടെ ശമ്പളത്തില്‍ നിന്നും മാസം പ്രതി 1050 ഡോളര്‍ കമ്പനി ഇവരുടെ ചിലവിന് എന്ന് പറഞ്ഞ് കുറയ്ക്കുകയും ചെയ്തു. തങ്ങള്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് വാഷിങ്ടണിലെ എംബസ്സി റോയില്‍ പൊതു സ്ഥലത്ത് നിരാഹാര സത്യഗ്രഹം തുടങ്ങി. ഏറ്റവും കൂടുതല്‍ നാള്‍, അതായത് 23 ദിവസം നിരാഹാരമിരുന്ന മലയാളിയായ പോള്‍ കോണാര്‍ (54) ഇതിനിടെ അവശനിലയില്‍ ആശുപത്രിയിലുമായി. ഇദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച വിട്ടയച്ചു. തങ്ങളുടെ കമ്പനിയ്ക്കും, റിക്രൂട്ട്മെന്റ് ഏജന്‍സിയ്ക്കും എതിരേ ഇവര്‍ കേസ് കൊടുത്തിട്ടുമുണ്ട്. എന്നാല്‍ ജോലി ഉപേക്ഷിച്ചതോടെ താല്‍ക്കാലിക വിസയിലായിരുന്ന ഇവര്‍ക്ക് അമേരിക്കയില്‍ നില്‍ക്കാനുള്ള നിയമസാധുത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ കേസ് നടത്തുവാനും ബുദ്ധിമുട്ടാകും എന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ തൊഴിലാളികളുടെ കഷ്ട സ്ഥിതി കണ്ട് അന്വേഷണം നടത്തുവാനും കേസ് നടക്കുന്ന കാലയളവില്‍ ഇവര്‍ക്ക് നിയമ സംരക്ഷണം നല്‍കുവാനും ഹൌസ് ഓഫ് റെപ്രസെന്റേറ്റിവ്സിലെ മൂന്ന് ഉന്നത ഡെമോക്രാറ്റുകള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു. വാര്‍ത്തയ്ക്ക് കടപ്പാട്: The New York Times Labels: അമേരിക്ക, തട്ടിപ്പ്, തൊഴില്‍ നിയമം, പ്രവാസി, മനുഷ്യാവകാശം
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്