18 July 2008

കൈക്കൂലി - ഇന്ത്യാക്കാരന് ദുബായില്‍ ജയില്‍ ശിക്ഷ

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് ദുബായ് കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. പതിനൊന്ന് തവണ ഡ്രൈവിങ്ങ് ടെസ്റ്റ് തോറ്റ തന്റെ മകനെ ജയിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയിലെ ഉദ്യോഗസ്ഥന് 500 ദിര്‍ഹം കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച നന്ദപ്രസാദ് ആണ് ശിക്ഷിക്കപ്പെട്ടത്. 50 കാരനായ നന്ദപ്രസാദ് ദുബായില്‍ ആശാരി ആയിരുന്നു.




മെയ് 29ന് നടന്ന ഡ്രൈവിങ്ങ് ടെസ്റ്റിലും പ്രതിയുടെ മകന്‍ വിജയിച്ചില്ല എന്ന് RTA ഉദ്യോഗസ്ഥനായ താലെബ് മലെല്ല പറഞ്ഞു. ഇയാളോട് വീണ്ടും ശ്രമിയ്ക്കുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളുടെ അച്ഛന്‍ തനിക്ക് കൈക്കൂലി നല്‍കുവാന്‍ ശ്രമിച്ചത് എന്നും 38 കാരനായ താലെബ് അറിയിച്ചു.




സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും അനാസ്ഥയും മറ്റും അതീവ ഗൌരവത്തോടെയാണ് ദുബായ് ഭരണകൂടം വീക്ഷിയ്ക്കുന്നത്. അഴിമതി ഇല്ലാതാക്കുവാനും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ഏറ്റവും സൌഹൃദപരമായ് പെരുമാറുവാനും ഭരണാധികാരികള്‍ നേരിട്ട് തന്നെ ഇടപെടുന്ന കാഴ്ചയും ദുബായില്‍ സാധാരണം ആണ്.




ദുബായില്‍ വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ കര്‍ശനം ആക്കിയതിനാല്‍ ലൈസെന്‍സ് ലഭിക്കുക എന്നത് ഏറെ ശ്രമകരം ആയിട്ടുണ്ട്. ചെറുകിട സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളുകള്‍ നിര്‍ത്തല്‍ ആക്കിയതിനാല്‍ വന്‍ കിട ഡ്രൈവിങ്ങ് സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നത് ഡ്രൈവിങ്ങ് പഠന ചെലവ് ഏറെ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.




ജോലി സാദ്ധ്യതയ്ക്ക് അനിവാര്യമായ ഒരു യോഗ്യത ആണ് ദുബായില്‍ ഒരു ഡ്രൈവിങ്ങ് ലൈസെന്‍സ്. വര്‍ദ്ധിച്ച ജീവിത ചിലവു താങ്ങാനാവാതെ നട്ടം തിരിയുന്ന ഒരു ശരാശരി പ്രവാസിയ്ക്ക് താങ്ങാന്‍ ആവുന്നതിനും അപ്പുറമാണ് ഡ്രൈവിങ്ങ് പഠനത്തിന് വേണ്ടി വരുന്ന ചിലവ്.




അര മണിയ്ക്കൂര്‍ നേരത്തെ ഒരു ക്ലാസിന് 55 ദിര്‍ഹം ആണ് ഫീസ് ഈടാക്കുന്നത്. കുറഞ്ഞത് ഇരുപത് ക്ലാസ് എങ്കിലും കഴിഞ്ഞാല്‍ മാത്രമേ ടെസ്റ്റിന് അപേക്ഷിയ്ക്കാന്‍ ആവൂ. 80 ദിര്‍ഹം അടച്ച് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ ടെസ്റ്റ് തോറ്റാല്‍ വീണ്ടും ഏഴ് ക്ലാസിന് നിര്‍ബന്ധമായും പണം അടയ്ക്കണം. ഇതിനു ശേഷം മാത്രമേ അടുത്ത ടെസ്റ്റ് ലഭിക്കൂ. ആദ്യ ടെസ്റ്റിനു വിജയിയ്ക്കുന്നവര്‍ വിരളമാണ്. മൂന്നോ നാലോ തവണ തോല്‍ക്കുന്നത് സര്‍വ സാധാരണം. ഇത്രയും ആവുമ്പോഴേയ്ക്കും ഏതാണ്ട് 2500 ദിര്‍ഹം (ഇരുപത്തി എണ്ണായിരം രൂപ) ചിലവായിട്ടുണ്ടാവും. തങ്ങളുടെ ദൈനം ദിന ചിലവുകള്‍ക്ക് തന്നെ പണം തികയാതെ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് പണം അയച്ചു കൊടുക്കുവാന്‍ ബദ്ധപ്പെടുന്ന പ്രവാസികള്‍ പലരും ഒരു ലൈസെന്‍സ് സമ്പാദിയ്ക്കുക എന്ന ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിയ്ക്കുവാന്‍ നിര്‍ബന്ധിതര്‍ ആകുന്നതും ഇവിടെ പതിവാണ്.

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്