20 September 2008

ഡല്‍ഹി ഏറ്റുമുട്ടല്‍ : പോലീസ് ഓഫീസര്‍ മരണപ്പെട്ടു

ഇന്ന് രാവിലെ ഡല്‍ഹിയില്‍ പോലീസും തീവ്രവാദികളും തമ്മില്‍ നടന്ന വെടി വെപ്പിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പോലീസ് ഓഫീസര്‍ വൈകീട്ട് ഏഴ് മണിയോട് കൂടി മരണപ്പെട്ടു. ഏഴ് ധീരതാ മെഡലുകള്‍ കരസ്ഥമാക്കിയ ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യാണ് എട്ട് മണിക്കൂറുകളോളം മരണവുമായി മല്ലിട്ടതിനു ശേഷം തന്റെ പരിക്കുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.




രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തവണ വെടിയേറ്റ് രക്തം വാര്‍ന്ന ഇദ്ദേഹത്തിനെ തൊട്ടടുത്തുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയം ആക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തില്‍ ചികിത്സിച്ചു വരികയായിരുന്നു. എട്ടു മണിക്കൂറോളം അത്യാസന്ന നിലയില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വൈകീട്ട് ഏഴു മണിയ്ക്ക് ജീവന്‍ വെടിഞ്ഞതായ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.




തങ്ങളുടെ ഒരു മികച്ച ഉദ്യോഗസ്ഥനെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്ന് ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ജോയന്റ് കമ്മീഷണര്‍ കര്‍ണാല്‍ സിംഗ് അഭിപ്രായപ്പെട്ടു.




1989ല്‍ പോലീസ് സേനയില്‍ സബ് ഇന്‍സ്പെക്ടറായി ചേര്‍ന്ന ഇദ്ദേഹം മുപ്പത്തി അഞ്ചോളം തീവ്ര വാദികളെ വക വരുത്തുകയും എണ്‍പതോളം തീവ്ര വാദികളെ പിടി കൂടുകയും ചെയ്തിട്ടുണ്ടത്രെ.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്