15 January 2009

ഗാസയെ സ്മരിച്ചു കൊണ്ട് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി

ഇന്ന് തുടങ്ങുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ തുടക്കം കുറിക്കാന്‍ ഇസ്രായേലിന്‍റെ ആക്രമണത്തിന് ഇരയാകുന്ന ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളും ആഘോഷ പരിപാടികളും ഇല്ല. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആണ് ഇത്തവണത്തെ ഷോപ്പിങ്ങ് മഹോത്സവത്തിന്റെ തുടക്കത്തിന് പ്രത്യേക ആഘോഷങ്ങള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് എന്ന് ദുബായ് എയര്‍പോര്‍ട്ട്സ്, എമിറേറ്റ്സ് എയര്‍ലൈന്‍സ്, ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഓഫീസ് സുപ്രീം കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍ ആയ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം അറിയിച്ചു.




നാല്‍പ്പതോളം ഷോപ്പിങ്ങ് മാളുകളും ആറായിരത്തോളം വ്യാപാര സ്ഥാപനങ്ങളും ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.
എല്ലാ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഏറ്റവും കൂടിയ ഇളവുകളും സമ്മാനങ്ങളും പ്രഖ്യാപിക്കുന്ന ഈ ഷോപ്പിങ്ങ് മാമാങ്കം ഇനിയുള്ള മുപ്പത്തി രണ്ട് ദിവസങ്ങള്‍ ദുബായിലെ രാത്രികളെ സജീവമാക്കും. ലോകോത്തര നിലവാരം ഉള്ള നൂറ്റി അന്‍പതോളം വിനോദ പരിപാടികളും കോടി കണക്കിന് രൂപയുടെ സമ്മാന പദ്ധതികളും ഷോപ്പിങ്ങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളിലായി അരങ്ങേറും. ഇതിനിടെ, അറബ് ലോകത്തിന്റെ പ്രിയ ഗായകനായ താമര്‍ ഹോസ്നി നാളെ രാത്രി ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടത്തുന്ന സംഗീത വിരുന്നില്‍ നിന്നും ലഭിക്കുന്ന തന്റെ പ്രതിഫല തുക ഗാസയിലെ ജനതക്ക് നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്