30 January 2009

ഐസ് ലാന്‍ഡില്‍ ലോകത്തെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രി

ലോകത്തിലെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രിയായി ഐസ് ലാന്‍ഡിലെ ജോഹന്ന സിഗുവദര്‍ദോട്ടിര്‍ സ്ഥാനമേറ്റു. മെയ് മാസം തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഇവര്‍ പ്രധാന മന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് ഭരണത്തില്‍ ഇരുന്ന സര്‍ക്കാര്‍ രാജി വെച്ച സാഹചര്യത്തില്‍ ആണ് ഐസ് ലാന്‍ഡിലെ ഏറ്റവും കൂടുതല്‍ കാലം പാര്‍‌ലമെന്റ് അംഗം ആയിരുന്ന ഇവര്‍ പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുത്തറ്റ്. നേരത്തെ ഇവര്‍ സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ആയിരുന്നു. സ്വവര്‍ഗ്ഗ രതിക്ക് തുറന്ന പിന്തുണ നല്‍കുന്ന, സ്വവര്‍ഗ്ഗ രതിക്കാരിയാണ് താന്‍ എന്ന് തുറന്നു സമ്മതിക്കുന്ന ഇവര്‍ അധികാരത്തില്‍ എത്തുന്നതിനെ ബ്രിട്ടനിലെ സ്വവര്‍ഗ്ഗ രതിക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ അധികാരത്തില്‍ ഏറിയ അവസരത്തില്‍ ഇങ്ങനെ ഒരു കാര്യം ഇവിടെ സംഭവിച്ചത് ശുഭ സൂചകം ആണ് എന്നാണ് ഇവരുടെ അഭിപ്രായം.




ഒരു എയര്‍ ഹോസ്റ്റസ്സ് ആയി ജീവിതം തുടങ്ങിയ ജോഹന്ന പിന്നീട് എയര്‍ ഹോസ്റ്റസ്സുമാരുടെ യൂണിയന്റെ നേതാവുമായി. യൂണിയന്‍ പ്രവര്‍ത്തനത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ എത്തിയ ഇവര്‍ 1978ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെ പാര്‍‌ലമെന്റ് അംഗമായി. 1987ല്‍ മന്ത്രിയായ ഇവര്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും ആയി. പാര്‍ട്ടിയുടെ ഉയരങ്ങളില്‍ എത്തിപ്പെടാന്‍ ഉള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ “എന്റെ സമയവും വരും” എന്ന് പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി വിട്ടു 1995ല്‍ സ്വന്തം പാര്‍ട്ടിക്ക് രൂപം നല്‍കി. ഈ പ്രഖ്യാപനം അതോടെ ഐസ് ലാന്‍ഡിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ എന്നെന്നേക്കുമായി ഇടം പിടിക്കുകയും ചെയ്തു. എന്നാല്‍ 2000ല്‍ ഇവര്‍ വീണ്ടും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2007ല്‍ സാമൂഹ്യ സുരക്ഷാ മന്ത്രിയുമായി.




നേരത്തെ ഒരു ബാങ്കറെ വിവാഹം ചെയ്ത ഇവര്‍ക്ക് രണ്ട് മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഉണ്ട്. ഇവര്‍ പാര്‍ലമെന്റില്‍ എത്തിയ ഉടന്‍ തന്നെ സ്വവര്‍ഗ്ഗ രതിക്കാരുടെ ദേശീയ സംഘടന നിലവില്‍ വരികയുണ്ടായി. സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് എതിരെ നിലവില്‍ ഉണ്ടായിരുന്ന വിവേചനവും അനീതിയും അവസാനിപ്പിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച സംഘടനയുടെ ശ്രമ ഫലം ആയി 1996ല്‍ ഐസ് ലാന്‍ഡ് സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കി. 2002ല്‍ തന്റെ അറുപതാം വയസ്സില്‍ ജോഹന്ന ജോനിന എന്ന ഒരു മാധ്യമ പ്രവര്‍ത്തകയെ സിവില്‍ വിവാഹം ചെയ്തു ഇവരോടൊപ്പം തന്റെ ആദ്യ വിവാഹത്തിലെ രണ്ട് മക്കളുമായി ഇപ്പോള്‍ ജീവിക്കുന്നു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്