ശനി 26th ഏപ്രില്‍ 2025

23 February 2009

കേരളത്തിന് ഓസ്കര്‍

മികച്ച ശബ്ദ മിശ്രണത്തിനുള്ള ഈ വര്‍ഷത്തെ ഓസ്കര്‍ മലയാളിയായ റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു. കൊല്ലം ജില്ലയിലെ വിളക്കുപാറ എന്ന ഗ്രാമത്തില്‍ നിന്നാണ് റസൂല്‍ പൂകുട്ടി ഓസ്കര്‍ അവാര്‍ഡ് ജേതാവ് എന്ന നിലയിലേക്കുള്ള തന്റെ വളര്‍ച്ച ആരംഭിക്കുന്നത്. വൈദ്യുതി എത്താത്ത ഈ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നത് കൊണ്ടാകാം റസൂല്‍ ദൃശ്യങ്ങളേക്കാള്‍ ശബ്ദത്തെ സ്നേഹിച്ചത്. പി. ടി. പൂകുട്ടി - നബീസ ദമ്പതികളുടെ എട്ടാമത്തെ മകനായ റസൂല്‍ ദാരിദ്ര്യത്തിനിടയില്‍ ഏറെ കഷ്ടപ്പെട്ടാണ് 1995ല്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വണ്ടി കയറിയത്. 1997ല്‍ രജത് കപൂറിന്റെ പ്രൈവറ്റ് ഡിറ്റക്ടീവ് ആയിരുന്നു റസൂലിന്റെ ആദ്യ ചിത്രം. വികലമായ ശബ്ദ മിശ്രണം സിനിമയുടെ ശാപം ആണെന്ന് തിരിച്ചറിഞ്ഞ റസൂല്‍ തന്റെ സിനിമകളെ കേള്‍വിയുടെ ഉത്സവമാക്കി മാറ്റി. തന്റെ മുപ്പതോളം വരുന്ന ചിത്രങ്ങളിലൂടെ സാങ്കേതികത മാത്രമല്ല സര്‍ഗ്ഗാത്മകത കൂടിയാണ് ശബ്ദമിശ്രണം എന്ന് റസൂല്‍ തെളിയിച്ചു. ആ ജൈത്ര യാത്ര ഇപ്പോള്‍ സ്ലം ഡോഗ് മില്യണെയര്‍ എന്ന ചിത്രത്തിലൂടെ ഓസ്കറിലും എത്തി നില്‍ക്കുമ്പോള്‍ മലയാളികള്‍ക്കും ഇന്ത്യാക്കാര്‍ക്കും ഏറെ അഭിമാനിക്കാന്‍ വക നല്‍കി ഇത്തവണത്തെ ഓസ്കര്‍.




മികച്ച സംഗീതത്തിനും ഗാനത്തിനും ഇന്ത്യയുടെ സംഗീത മാന്ത്രികനായ എ. ആര്‍. റഹ്മാന് ലഭിച്ച രണ്ട് ഓസ്കറുകള്‍ അടക്കം മൂന്ന് ഓസ്കറുകള്‍ ഇന്ത്യക്ക് സ്വന്തം.




ഓസ്കര്‍ ഏറ്റു വാങ്ങി കൊണ്ട് റസൂല്‍ പറഞ്ഞത് ഇത് തനിക്ക് അവിശ്വസനീയം ആണെന്നാണ്. ഓം എന്ന പ്രണവ മന്ത്രം ലോകത്തിന് സമ്മനിച്ച ഭാരതമാണ് തന്റെ നാട്. ഓം‌കാരത്തിനു മുന്‍പും ശേഷവും ഓരോ മാത്ര മൌനം ഉണ്ട്. ഈ അംഗീകാരം ഞാന്‍ എന്റെ രാജ്യത്തിന് സമര്‍പ്പിക്കുന്നു. എന്റെ ഗുരുക്കന്മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അക്കാദമിക്കും എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. ഇത് തനിക്ക് ലഭിച്ച ഒരു പുരസ്കാരം ആയിട്ടല്ല ചരിത്ര മുഹൂര്‍ത്തം ആയിട്ടാണ് താന്‍ ഇതിനെ വില മതിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.





Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...