തിങ്കള്‍ 12th മെയ് 2025

15 May 2009

സാന്‍ സൂ ചി യെ തടവറയില്‍ അടച്ചു

Aung-San-Suu-Kyiമ്യാന്മാര്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ പ്രതീകമായി കഴിഞ്ഞ 13 വര്‍ഷമായി മ്യാന്മാറിലെ സൈനിക ഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ കഴിഞ്ഞിരുന്ന ഔങ് സാന്‍ സൂ ചി യുടെ തടവ് ശിക്ഷയുടെ കാലാവധി തീരുവാന്‍ വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വീട്ടു തടങ്കലിന്റെ ഉപാധികള്‍ ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇവരെ പട്ടാളം ജയിലില്‍ അടച്ചു. മെയ് 27 വരെയായിരുന്നു സൂ ചി യുടെ ശിക്ഷാ കാലാവധി. കഴിഞ്ഞ ദിവസം ഒരു അമേരിക്കക്കാരന്‍ പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ച് ഒരു തടാകം നീന്തി കടന്ന് സൂ ചി യുടെ വീട്ടില്‍ ഒളിച്ചു കയറിയത് വീട്ടു തടങ്കലിന്റെ ഉപാധികളുടെ ലംഘനം ആണെന്ന് കാണിച്ചാണ് സൂ ചി യെ വീണ്ടും പട്ടാള കോടതി വിചാരണ ചെയ്യുവാന്‍ വേണ്ടി എന്നും പറഞ്ഞ് ജയിലില്‍ അടച്ചത്.
 

John-Yettaw
സൂ ചി യുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ജോണ്‍ യേട്ടോ

 
ജോണ്‍ എന്ന ഈ അമേരിക്കക്കാരന്‍ രണ്ട് ദിവസം സൂ ചി യുടെ വീട്ടില്‍ താമസിച്ചു. പട്ടാള ഭരണത്തിന്റെ കര്‍ശ്ശന നിയമപ്രകാരം കുടുംബാംഗങ്ങള്‍ ആല്ലാത്തവര്‍ വീട്ടില്‍ രാത്രി തങ്ങുകയാണെങ്കില്‍ അത് പ്രാദേശിക അധികാരികളെ അറിയിക്കണം. ഈ നിയമമാണ് സൂ ചി ലംഘിച്ചത്. സൂ ചി യുടെ തടവ് നീട്ടുവാന്‍ ഉള്ള അടവ് മാത്രം ആണിത് എന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ 63 കാരിയായ സൂ ചി ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.
 
മ്യാന്മാര്‍ സ്വാതന്ത്ര്യ സമര നേതാവും സ്വതന്ത്ര ബര്‍മ്മയുടെ (മ്യാന്മാറിന്റെ പഴയ പേരാണ് ബര്‍മ്മ) ആദ്യത്തെ പ്രധാന മന്ത്രിയുമായ ഔങ് സാനിന്റെ മകളായി 1945 ജൂലൈ 19ന് ജനിച്ച സൂ ചി 1947ല്‍ തന്റെ അച്ഛന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവിതത്തിന്റെ നല്ലൊരു പങ്ക് ഇന്ത്യയിലും മ്യാന്മാറിലും കഴിച്ചു കൂട്ടി. 1960ല്‍ ഉന്നത വിദ്യാഭ്യാസത്തിനായ് ഓക്സ്ഫോര്‍ഡില്‍ എത്തിയ സൂ ചി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് 1962ല്‍ മ്യാന്മാറില്‍ പട്ടാളം ഭരണം പിടിച്ചെടുത്തത്. 1988ല്‍ തന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് മ്യാന്മാറില്‍ എത്തിയ സൂ ചി സെപ്റ്റംബര്‍ 24ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന് സംഘടനക്ക് രൂപം നല്‍കുന്നതില്‍ ഒരു സുപ്രധാന പങ്ക് വഹിച്ചു. ഇതിനെ തുടര്‍ന്ന് സൈനിക ഭരണകൂടം ഇവരെ വീട്ടു തടങ്കലില്‍ ആക്കുകയും ചെയ്തു.
 
1990ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സൂ ചി യുടെ പാര്‍ട്ടി 80% സീറ്റുകള്‍ നേടി അട്ടിമറി വിജയം നേടിയെങ്കിലും വീട്ടു തടങ്കലില്‍ ആണെന്ന കാരണം പറഞ്ഞ് പട്ടാള ഭരണ കൂടം സൂ ചി യുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും തള്ളി കളയുകയും ചെയ്തു.
 
വീട്ടു തടങ്കലില്‍ ആയിരിക്കെ 1991ല്‍ സൂ ചി ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. അതേ വര്‍ഷം തന്നെ സ്വതന്ത്ര ചിന്തയ്ക്കുള്ള സഖറോവ് പുരസ്ക്കാരവും 1992ല്‍ സമാധാനവും ഐക്യദാര്‍ഡ്യവും പ്രോത്സാഹിപ്പിക്കുന്ന വനിതകള്‍ക്കുള്ള മറീസ ബെല്ലിസാറിയോ പുരസ്ക്കാരവും ലഭിച്ചു. 2000 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ സൂ ചി ക്ക് പ്രസിഡണ്ടിന്റെ മെഡല്‍ ഓഫ് ഫ്രീഡം സൂ ചി യുടെ അസാന്നിധ്യത്തില്‍ സമ്മാനിച്ചു.
 
സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ 40 ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേരെ ഇതിനോടകം പട്ടാളം കൊന്നൊടുക്കി. 3000 പേരെയെങ്കിലും തടവില്‍ ആക്കിയിട്ടുണ്ട് എന്ന് പട്ടാളം തന്നെ അറിയിക്കുന്നു. അടുത്ത വര്‍ഷം രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുവാനായി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൂ ചി അടക്കം ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും 2010ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവാദം ഇല്ല എന്നിരിക്കെ പട്ടാള ഭരണത്തിന്റെ കാലാവധി നീട്ടുവാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിഗമനം.
 

insein-prison
സൂ ചി യെ തടവില്‍ ഇട്ടിരിക്കുന്ന കുപ്രസിദ്ധമായ ഇന്‍സേന്‍ തടവറ

 
കുപ്രസിദ്ധമായ ഇന്‍സേന്‍ എന്ന ജയിലില്‍ ആണ് ഇപ്പോള്‍ സൂ ചി എന്നത് പ്രശ്നം കൂടുതല്‍ ഗൌരവം ഉള്ളതാക്കുന്നു. മര്‍ദ്ദനവും കസ്റ്റഡി മരണവും ഇവിടെ പതിവാണ്. വധ ശിക്ഷ കാത്തു കിടക്കുന്ന കുറ്റവാളികള്‍ നിറഞ്ഞ ഈ തടവറയില്‍ വധ ശിക്ഷ ലഭിക്കാത്തവരും ഇവിടത്തെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത് സാധാരണമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ പട്ടാളത്തിന് ഏറ്റവും വലിയ തലവേദനയായ സൂ ചി യെ ഈ തടവറയിലേക്ക് തന്നെ പറഞ്ഞയച്ചത് ഈ അവസരത്തില്‍ ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്.
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...