
പന്നി പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പൂനെ സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ മരണം അടഞ്ഞു. ഇന്ത്യയില്‍ പന്നി പനി മൂലം രേഖപ്പെടുത്തിയ ആദ്യ മരണം ആണിത്.
പൂനെ സ്വദേശിനിയായ റിദ ഷെയ്ക്ക് എന്ന പെണ്‍കുട്ടിയെ തൊണ്ട വേദന, ജല ദോഷം, തല വേദന തുടങ്ങിയ അസുഖങ്ങളോടെ ജൂണ്‍ 21 ന് സമീപത്തുള്ള ഡോക്ടറുടെ അടുത്ത് നിന്നും ചികിത്സ നേടിയിരുന്നു. രോഗ ലക്ഷണങ്ങള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി സ്കൂളില്‍ പോകാനും തുടങ്ങിയിരുന്നു.
എന്നാല്‍ ജൂണ്‍ 25 ഓടെ വീണ്ടും പനി ബാധിച്ച പെണ്‍കുട്ടിയെ സ്വകാര്യ ഡോക്ടറെ കാണിച്ച് ചികിത്സ നടത്തിയെങ്കിലും പനി തുടരുകയാണ് ഉണ്ടായത്. ജൂലൈ 27 ന് ജഹാന്‍ഗീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് intensive care unit (ICU) ഇല്‍ വെന്റിലേറ്ററില്‍ ആയിരുന്ന പെണ്‍കുട്ടിക്ക് ജൂലൈ 30 ഓടെ പന്നി പനിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.
പന്നി പനിയ്ക്ക് ഉപയോഗിക്കുന്ന anti-swine flu മരുന്നായ 'oseltamivir' നല്‍കിയെങ്കിലും വിവിധ അവയവങ്ങളുടെ തകരാറ് മൂലം വൈകുന്നേരത്തോടെ മരിയ്ക്കുകയാണ് ഉണ്ടായത് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പനി ബാധിച്ച് മരിച്ച റിദ ഷെയ്ക്കിന്റെ മാതാപിതാക്കള്‍ മകളെ ചികിത്സിച്ച ആശുപത്രിയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു. പന്നി പനിയുടെ രോഗലക്ഷണങ്ങള്‍ ഡോക്റ്റര്‍ തിരിച്ചറിയാഞ്ഞതാണ് മരണ കാരണം എന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ പന്നിപനിയുടെ യാതൊരു ലക്ഷണങ്ങളും കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
റിദ ഷെയ്ക്കിന് മരണം സംഭവിച്ചത്, രോഗം കണ്ടെത്തുന്നതിനും ചികില്സിക്കുന്നതിനും ആശുപത്രി അധികൃതര്‍ വരുത്തിയ അശ്രദ്ധ മൂലം ആണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ആരോപിച്ചു. അതിനാല്‍ പന്നി പനി ബാധിതരുടെ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട മാര്‍ഗ രേഖകള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഇന്ത്യയില്‍ പന്നി പനി ബാധിച്ചവരുടെ എണ്ണം 588 ആയി. ഏറ്റവും കൂടുതല്‍ പന്നി പനി ബാധിതര്‍ ഉള്ളത് പൂനെയില്‍ ആണ്.
Labels: ഇന്ത്യ, പന്നി പനി, മരണം
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്