കാര്‍ട്ടൂണിസ്റ്റ് തോംസണ്‍ അന്തരിച്ചു
cartoonist-thomsonപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോംസണ്‍ അന്തരിച്ചു. കൊല്ലം നായര്‍സ് ആശുപത്രിയില്‍ വെച്ച് ഇന്നലെ (19 ജനുവരി 2010) വൈകീട്ട് ആയിരുന്നു അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ എഡിറ്ററും, മലയാള മനോരമ ആഴ്‌ച്ച പ്പതിപ്പിലെ മൂന്നാം പേജില്‍ വരുന്ന “ഗുരുജി” എന്ന ബോക്സ് കാര്‍ട്ടൂണിന്റെ രചയിതാവും ആയിരുന്നു ഇദ്ദേഹം. കെ. എസ്. ഇ. ബി. യില്‍ എഞ്ചിനിയര്‍ ആയിരുന്ന തോമസണ്‍ ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം സജീവമായി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു വന്നിരുന്നു. ഭാര്യ : ഉഷാ മേരി, മകന്‍ : അനീഷ് തോംസണ്‍ (കെല്‍ട്രോണ്‍ ആനിമേഷന്‍)
 
ഇന്ന് (ബുധനാഴ്‌ച്ച) വൈകുന്നേരം 5 മണിക്ക് കടപ്പകാട സി. എസ്. ഐ. കതീഡ്രലില്‍ ശവസംസ്കാരം നടക്കും.
 
- സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, January 20, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



വിംസി വിട പറഞ്ഞു
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിംസി എന്ന വി. എം. ബാലചന്ദ്രന്‍ (86) അന്തരിച്ചു. പുലര്‍ച്ചെ ബിലത്തി ക്കുളത്തെ വസതിയില്‍ ആയിരുന്നു അന്ത്യം. 1925 നവമ്പര്‍ 25 നു കോഴിക്കോട്‌ ജില്ലയിലെ താമരശ്ശേരിയില്‍ ആണ്‌ ബാലചന്ദ്രന്റെ ജനനം. കോഴിക്കോടു നിന്നും ഇറങ്ങിയിരുന്ന ദിനപ്രഭ എന്ന പത്രത്തിലൂടേ പത്ര പ്രവര്‍ത്തന രംഗത്തേക്ക്‌ പ്രവേശിച്ചു. തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നു. മൂന്നര പതിറ്റാണ്ട്‌ മാതൃഭൂമിയില്‍ സേവനം അനുഷ്ഠിച്ചു. അമ്പതാണ്ടത്തെ പത്ര പ്രവര്‍ത്തന ജീവിതത്തി നിടയില്‍ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്‌.
 
സ്പോര്‍ട്സ്‌ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ ഇദ്ദേഹം, സ്പോര്‍ട്സ്‌ റിപ്പോര്‍ട്ടിങ്ങില്‍ മലയാളത്തില്‍ ഒരു പുത്തന്‍ തലം തന്നെ ഒരുക്കി. കളിക്കളത്തിലെ ആരവവും ആവേശവും തെല്ലും നഷ്ടപ്പെടാതെ വായന ക്കാരനില്‍ എത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിംഗ്‌ ശൈലി ഏറെ ശ്രദ്ധേയ മായിരുന്നു. കാണിക ള്‍ക്കൊപ്പം നിന്നു കൊണ്ട്‌ അവരുടെ മനസ്സറിഞ്ഞ്‌ ലളിതമായ ഭാഷയില്‍ അദ്ദേഹം കളി റിപ്പോര്‍ട്ടുചെയ്തു. കളിയിലെ തെറ്റുകളും പിഴവുകളും ചൂണ്ടി ക്കാട്ടിയും അന്താരാഷ്ട്ര തലത്തിലെ പുത്തന്‍ ശൈലികളും താരോദയങ്ങളും എല്ലാം വിഷയമാക്കി ഇദ്ദേഹം എഴുതിയിരുന്ന ലേഖനങ്ങള്‍ പല സ്പോര്‍ട്ട്സ് താരങ്ങള്‍ക്കും പ്രചോദ നമായിട്ടുണ്ട്‌. പി. ടി. ഉഷയുടെ കുതിപ്പുകളും ഐ. എം. വിജയന്റെ ഗോള്‍ വര്‍ഷവും മാത്രമല്ല, സച്ചിന്റെ ബാറ്റില്‍ നിന്നും ഉയര്‍ന്ന സെഞ്ച്വറിയും മറഡോണയുടെ കാലുകളിലെ മാന്ത്രിക ചലനങ്ങളും ഒട്ടും ആവേശം കുറയാതെ മലയാളി വായന ക്കാരനില്‍ എത്തിച്ചത്‌ വിംസി ആയിരുന്നു.
 
സ്പോര്‍ട്സ്‌ രംഗത്ത്‌ ഒരു വിമര്‍ശകനേയും നല്ലൊരു റിപ്പോര്‍ട്ടറെയും ആണ്‌ വിംസിയുടെ നിര്യാണത്തിലൂടെ മലയാളിക്കു നഷ്ടമാകുന്നത്‌.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Sunday, January 10, 2010 )    

0അഭിപ്രായങ്ങള്‍ (+/-)



സ: കെ. പി. പ്രഭാകരന്‍ അന്തരിച്ചു
kp-prabhakaranഅന്തിക്കാട്‌: പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാവും മുന്‍ മന്ത്രിയുമായ കെ. പി. പ്രഭാകരന്‍ അന്തരിച്ചു. കുറച്ചു കാലമായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ഇന്നലെ വൈകീട്ട്‌ ഒമ്പതു മണിയോടെ ആയിരുന്നു അന്ത്യം.
 
അന്തിക്കാട്ടു കാരുടെയും സഖാക്കളുടേയും ഇടയില്‍ കെ. പി. എന്ന കെ. പി. പ്രഭാകരന്റെ 1926-ല്‍ ജനനം. അന്തിക്കാട്ടെ ചെത്തു തൊഴിലാളികളെയും, കര്‍ഷക തൊഴിലാളികളെയും സംഘടിപ്പി ക്കുന്നതിലും കമ്യൂണിസ്റ്റു പ്രസ്ഥാനം കെട്ടി പടുക്കുന്നതിലും പ്രമുഖ സ്ഥാനം വഹിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു കരുത്തു പകര്‍ന്ന നിരവധി സമരങ്ങളില്‍ പങ്കാളിയായ അദ്ദേഹം ഇതിന്റെ ഭാഗമായി ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ കമ്യൂണിസ്റ്റു സമരങ്ങളെ അടിച്ച മര്‍ത്തുവാന്‍ ശ്രമിച്ചിരുന്ന പോലീസിന്റെ ഭീകരമായ മര്‍ദ്ദനങ്ങള്‍ പല തവണ ഏറ്റു വാങ്ങി. എ. ഐ. എസ്‌. എഫ്. ഇലൂടെയാണ്‌ രാഷ്ടീയത്തില്‍ പ്രവേശിക്കുന്നത്‌. 1942-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗത്വം ലഭിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ്‌ നിയോജക മണ്ഡലത്തില്‍ നിന്നും മൂന്നു തവണയും, മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നു ഒരു തവണയും നിയമ സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. കുറച്ചു കാലം ആരോഗ്യ മന്ത്രിയും ആയിരുന്നിട്ടുണ്ട്‌. ചെത്ത് തൊഴിലാളി സംഘത്തിന്റേയും, കോള്‍കര്‍ഷക സംഘത്തിന്റേയും അമരക്കാരന്‍ കൂടെ ആയിരുന്നു അദ്ദേഹം.
 
പ്രമുഖ വനിതാ നേതാവ്‌ കാര്‍ത്ത്യായനി ടീച്ചര്‍ ആണ്‌ ഭാര്യ. കെ. പി. ഗോപാല കൃഷ്ണന്‍, റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍, കെ. പി. പ്രദീപ്‌, കെ. പി. സുരേന്ദ്രന്‍, കെ. പി. അജയന്‍ എന്നിവര്‍ മക്കള്‍ ആണ്‌.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Wednesday, August 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



കൗമുദി ടീച്ചര്‍ അന്തരിച്ചു
kaumudi-teacherപ്രമുഖ സ്വാതന്ത്ര സമര സേനാനിയും ഹിന്ദി പ്രചാരകയും ആയിരുന്ന കൗമുദി ടീച്ചര്‍ (92) അന്തരിച്ചു. കണ്ണൂരില്‍ 1917-ല്‍ കടത്തനാട്ടു തമ്പുരാന്റെയും ചിറക്കല്‍ തമ്പുരാട്ടിയുടെയും മകളായി ജനിച്ച കൗമുദി ടീച്ചര്‍ ദീര്‍ഘ കാലം ഹിന്ദി അധ്യാപികയായി ജോലി നോക്കി. റിട്ടയര്‍മന്റിനു ശേഷവും ഹിന്ദി പ്രചാരകയായി തുടര്‍ന്ന അവര്‍ ഗാന്ധിയന്‍ ആശയങ്ങളെയും ആദര്‍ശങ്ങളെയും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്നു.
 
1934-ല്‍ വടകരയില്‍ വച്ചു നടന്ന ഒരു ചടങ്ങില്‍ വച്ച്‌ ഹരിജന ഉദ്ധാരണ ഫണ്ടിലേക്ക്‌ സംഭാവനയ്ക്കായി അഭ്യര്‍ത്ഥിച്ച ഗാന്ധിജിക്ക്‌ തന്റെ സ്വര്‍ണ്ണ ആഭരണങ്ങള്‍ നല്‍കി ക്കൊണ്ടാണ്‌ ടീച്ചര്‍ ഇന്ത്യന്‍ സ്വാതന്ത്ര ചരിത്രത്തില്‍ ഇടം പിടിക്കുന്നത്‌. അതു കേവലം നൈമിഷികമായ ആവേശത്തിന്റെ പുറത്ത്‌ ചെയ്ത കാര്യം അല്ലായിരുന്നു എന്ന് അവരുടെ തുടര്‍ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാതാ പിതാക്കളുടെ അനുമതിയുണ്ടോ എന്ന ഗാന്ധിജിയുടെ അന്വേഷണത്തിനു ഉണ്ടെന്ന് മറുപടി നല്‍കിയ അവര്‍ തുടര്‍ന്നുണ്ടായ സംഭാഷണ ത്തിനിടെ താനിനി ഒരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ അണിയില്ലെന്നു പ്രതിഞ്ജ ചെയ്യുകയും ചെയ്തു.
 
വിവാഹ സമയത്ത്‌ ആഭരണം അണിയാ തിരിക്കുന്നത്‌ ബുദ്ധിമുട്ടാവില്ലേ എന്ന രീതിയില്‍ പിന്നീട്‌ ഒരിക്കല്‍ ഗാന്ധിജിയുടെ അന്വേഷണത്തിനു സ്വര്‍ണ്ണത്തോട്‌ താല്‍പര്യം ഇല്ലാത്ത ആളെയേ വിവാഹം കഴിക്കൂ എന്ന് അവര്‍ മറുപടി നല്‍കി.
 
സ്വന്തം സന്തോഷ ത്തേക്കാള്‍ വലുതാണ്‌ തന്റെ ത്യാഗത്തിലൂടെ ഒരു പാടു പേര്‍ക്ക്‌ ലഭിക്കുന്ന സഹായം എന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച അന്നത്തെ ആ പെണ്‍കുട്ടിയുടെ കഥ ഗാന്ധിജി പിന്നീട്‌ പല വേദികളിലും പരാമര്‍ശിക്കുകയും ഇന്ത്യന്‍ യുവത്വത്തത്തിനു അതൊരു ആവേശമായി മാറുകയും ചെയ്തു. "ഹരിജന്‍" മാസികയില്‍ ഈ സംഭവത്തെ കുറിച്ച്‌ ഗാന്ധിജി ഒരു ലേഖനം എഴുതുകയുണ്ടായി. പിന്നീട്‌ ഈ ലേഖനം വിദ്യാര്‍ത്ഥി കള്‍ക്ക്‌ പഠിക്കാനായി ഹിന്ദി പുസ്തകത്തില്‍ "കൗമുദി കാ ത്യാഗ്‌" എന്ന പേരില്‍ ഇടം പിടിക്കുകയും, തന്റെ തന്നെ ജീവിതാനുഭവം ഒരു ഹിന്ദി അധ്യാപികയായ കൗമുദി ടീച്ചര്‍ക്ക്‌ തന്റെയടുക്കല്‍ ഹിന്ദി ട്യൂഷ്യനു വരുന്ന കുട്ടികളെ പഠിപ്പിക്കുവാന്‍ ഉള്ള അവസരവും ഉണ്ടായി എന്നത്‌ കൗതുക കരമാണ്‌. ജീവിതത്തില്‍ പിന്നീടൊരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ ഉപയോഗി ക്കാതിരുന്ന കൗമുദി ടീച്ചര്‍ യാദൃശ്ചിക മെന്നോണം അവിവാഹി തയായി തന്നെ ജീവിതാ വസാനം വരെ തുടര്‍ന്നു.
 
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാ നാവാത്ത ഒരു സംഭവത്തിലെ നായികയെ ആണ്‌ ടീച്ചറുടെ മരണത്തിലൂടെ നഷ്ടമാകുന്നത്‌.
 
- എസ്. കുമാര്‍
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, August 05, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



പന്നി പനി: ഇന്ത്യയില്‍ ആദ്യ മരണം പതിനാലു വയസ്സുകാരിയുടേത്
പന്നി പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പൂനെ സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ മരണം അടഞ്ഞു. ഇന്ത്യയില്‍ പന്നി പനി മൂലം രേഖപ്പെടുത്തിയ ആദ്യ മരണം ആണിത്.
 
പൂനെ സ്വദേശിനിയായ റിദ ഷെയ്ക്ക് എന്ന പെണ്‍കുട്ടിയെ തൊണ്ട വേദന, ജല ദോഷം, തല വേദന തുടങ്ങിയ അസുഖങ്ങളോടെ ജൂണ്‍ 21 ന് സമീപത്തുള്ള ഡോക്ടറുടെ അടുത്ത് നിന്നും ചികിത്സ നേടിയിരുന്നു. രോഗ ലക്ഷണങ്ങള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി സ്കൂളില്‍ പോകാനും തുടങ്ങിയിരുന്നു.
 
എന്നാല്‍ ജൂണ്‍ 25 ഓടെ വീണ്ടും പനി ബാധിച്ച പെണ്‍കുട്ടിയെ സ്വകാര്യ ഡോക്ടറെ കാണിച്ച് ചികിത്സ നടത്തിയെങ്കിലും പനി തുടരുകയാണ് ഉണ്ടായത്. ജൂലൈ 27 ന് ജഹാന്‍ഗീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് intensive care unit (ICU) ഇല്‍ വെന്റിലേറ്ററില്‍ ആയിരുന്ന പെണ്‍കുട്ടിക്ക് ജൂലൈ 30 ഓടെ പന്നി പനിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.
 
പന്നി പനിയ്ക്ക് ഉപയോഗിക്കുന്ന anti-swine flu മരുന്നായ 'oseltamivir' നല്‍കിയെങ്കിലും വിവിധ അവയവങ്ങളുടെ തകരാറ് മൂലം വൈകുന്നേരത്തോടെ മരിയ്ക്കുകയാണ് ഉണ്ടായത് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
പനി ബാധിച്ച് മരിച്ച റിദ ഷെയ്ക്കിന്റെ മാതാപിതാക്കള്‍ മകളെ ചികിത്സിച്ച ആശുപത്രിയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു. പന്നി പനിയുടെ രോഗലക്ഷണങ്ങള്‍ ഡോക്റ്റര്‍ തിരിച്ചറിയാഞ്ഞതാണ് മരണ കാരണം എന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ പന്നിപനിയുടെ യാതൊരു ലക്ഷണങ്ങളും കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
 
റിദ ഷെയ്ക്കിന് മരണം സംഭവിച്ചത്, രോഗം കണ്ടെത്തുന്നതിനും ചികില്സിക്കുന്നതിനും ആശുപത്രി അധികൃതര്‍ വരുത്തിയ അശ്രദ്ധ മൂലം ആണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഗുലാംനബി ആസാദ്‌ ആരോപിച്ചു. അതിനാല്‍ പന്നി പനി ബാധിതരുടെ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട മാര്‍ഗ രേഖകള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഇന്ത്യയില്‍ പന്നി പനി ബാധിച്ചവരുടെ എണ്ണം 588 ആയി. ഏറ്റവും കൂടുതല്‍ പന്നി പനി ബാധിതര്‍ ഉള്ളത് പൂനെയില്‍ ആണ്.

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Tuesday, August 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്