24 November 2009

യു.എ.ഇയിലെ മൊത്തം ജനസംഖ്യ അറുപത് ലക്ഷമായി; ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍

യു.എ.ഇയിലെ മൊത്തം ജനസംഖ്യ അറുപത് ലക്ഷമായി. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

രണ്ട് വ്യത്യസ്ത പഠനങ്ങള്‍ അടിസ്ഥാനമാക്കിയാണ് യു.എ.ഇയിലെ പുതിയ ജനസംഖ്യാ കണക്ക് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. വിദേശികള്‍ അടക്കം മൊത്തം അറുപത് ലക്ഷം പേര്‍ യു.എ.ഇയില്‍ ഉണ്ടെന്നാണ് കണക്ക്. ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. 17.5 ലക്ഷം പേര്‍. പാക്കിസ്ഥാന്‍ സ്വദേശികള്‍ക്കാണ് രണ്ടാം സ്ഥാനം. യു.എ.ഇയില്‍ താമസിക്കുന്ന പാക്കിസ്ഥാനികള്‍ 12.5 ലക്ഷം വരും. അഞ്ച് ലക്ഷത്തോളം ബംഗ്ലാദേശ് സ്വദേശികളും യു.എ.ഇയിലുണ്ട്.
മറ്റ് ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ഫിലിപ്പൈന്‍സ്, തായ് ലന്‍ഡ്, കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഏകദേശം പത്ത് ലക്ഷം വരുമെന്നാണ് കണക്ക്.

യൂറോപ്പ്, ഓസ്ട്രേലിയ, അഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് ലക്ഷത്തോളം പേരും യു.എ.ഇയിലുണ്ട്.
2005 ലെ സെന്‍സസ് പ്രകാരം യു.എ.ഇയിലെ മൊത്തം ജനസംഖ്യ 41,04,695 ആയിരുന്നു. ഇതിന്‍റെ 20.1 ശതമാനം മാത്രമാണ് സ്വദേശികള്‍.
യു.എ.ഇ ജനസംഖ്യ സംബന്ധിച്ച അടുത്ത റിവ്യൂ 2010 ഏപ്രീലില്‍ നടക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്