31 January 2010
കാശ്മീരില്‍ മത മൈത്രിയുടെ അപൂര്‍വ ദൃശ്യം![]() അടഞ്ഞു കിടന്ന ക്ഷേത്രം നില്‍ക്കുന്ന സ്ഥലം ഭൂ മാഫിയ കൈവശപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 20 വര്ഷം മുന്‍പ് കാശ്മീരി പണ്ഡിറ്റുകള്‍ ഇവിടെ നിന്നും ജീവ ഭയത്താല്‍ പലായനം ചെയ്തതോടെയാണ് ഈ ക്ഷേത്രത്തില്‍ പൂജ മുടങ്ങിയതും ക്ഷേത്രം അടച്ചു പൂട്ടിയതും. എന്നാല്‍ ക്ഷേത്രം അടങ്ങുന്ന സ്ഥലം ഭൂ മാഫിയ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രദേശത്തെ മുസ്ലിംകള്‍ സംഘടിക്കുകയും പണ്ഡിറ്റുകളെ വിവരം അറിയിക്കുകയും ചെയ്തു. ക്ഷേത്രം വീണ്ടും തുറക്കാനും പൂജകള്‍ തുടങ്ങാനും ഇവര്‍ പണ്ഡിറ്റുകളെ സഹായിക്കുകയും ചെയ്തു. പൂജയ്ക്ക് ആവശ്യമായ സിന്ദൂരവും വിളക്കുകളും വരെ ഇവരാണ് എത്തിച്ചത്. പണ്ഡിറ്റുകള്‍ തങ്ങളുടെ സഹോദരന്മാര്‍ ആണെന്ന് പ്രഖ്യാപിക്കുന്ന ഇവിടത്തെ മുസ്ലിംകള്‍, അടഞ്ഞു കിടക്കുന്ന മറ്റ് അമ്പലങ്ങളും തുറക്കണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്ന് വ്യക്തമാക്കുന്നു. ഈ ആരാധനാലയങ്ങള്‍ മൈത്രിയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായി വര്‍ത്തിക്കും എന്ന കാശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി അറിയിച്ചു. ഈ അമ്പലങ്ങള്‍ ഹിന്ദു മുസ്ലിം സമുദായങ്ങളുടെ സംയുക്തമായ മേല്‍നോട്ടത്തിലാവും പ്രവര്‍ത്തിക്കുക എന്നും ഇവര്‍ അറിയിക്കുന്നു. Labels: സാമൂഹികം
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്