ചൊവ്വ 15th ഏപ്രില്‍ 2025

27 March 2010

യുക്തി ജയിച്ച രാത്രി

sanal-edamaruku-surender-sharmaപട്ടി തേങ്ങ പോതിയ്ക്കാന്‍ പുറപ്പെട്ട പോലെ - ആഭിചാര ക്രിയകള്‍ കൊണ്ട് തന്നെ കൊല്ലാന്‍ ശ്രമിച്ചു പരാജയപ്പെട്ട മന്ത്രവാദിയെ പറ്റി സനല്‍ ഇടമറുക് പറഞ്ഞതാണിത്. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ എതിരാളികള്‍ ആഭിചാര പ്രയോഗം ചെയ്യുന്നു എന്ന ഉമാ ഭാരതിയുടെ വാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ "ഇന്‍ഡ്യ ടി.വി." എന്ന ടെലിവിഷന്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു ഇന്ത്യയിലെ പല ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും സ്വകാര്യ മന്ത്രവാദിയായ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്‍മയും, ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുകും. ചര്‍ച്ച ചൂട്‌ പിടിച്ചപ്പോള്‍ മന്ത്രവാദം കൊണ്ട് ഒരാളെ തനിക്ക്‌ അപായപ്പെടുത്താനും കൊല്ലാനും കഴിയും എന്ന് പറഞ്ഞ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്‍മ എന്ന മന്ത്രവാദിയോട് ആ വിദ്യ തന്നില്‍ തന്നെ പ്രയോഗിച്ചു കാണിക്കാന്‍ സനല്‍ വെല്ലുവിളിച്ചതോടെയാണ് രസകരമായ സംഭവ പരമ്പരയുടെ തുടക്കം.
 
ആഭിചാര പ്രയോഗങ്ങളുടെ നിരവധി രീതികള്‍ ശര്‍മ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചു. ഫോട്ടോ കത്തിക്കുക, ഗോതമ്പ്‌ മാവ്‌ കൊണ്ടുണ്ടാക്കിയ പ്രതിമയെ സൂചി കൊണ്ട് കുത്തി പീഡിപ്പിക്കുക എന്നിങ്ങനെ. എന്നാല്‍ ഇത്തരം പ്രയോഗങ്ങള്‍ അസംബന്ധമാണ് എന്നും ഇതെല്ലാം വെറും അന്ധ വിശ്വാസമാണ് എന്നും പറഞ്ഞ ഇടമറുക് ഇത് സത്യമാണെന്ന് തെളിയിക്കാന്‍ ശര്‍മയെ വെല്ലുവിളിച്ചു. ഇത്തരം പ്രയോഗങ്ങള്‍ തന്റെ മേലെ തന്നെ പ്രയോഗിക്കാം എന്ന് അറിയിക്കുകയും ചെയ്തു. ഉന്നതന്മാരായ തന്റെ ഇടപാടുകാര്‍ നഷ്ടപ്പെട്ടാലോ എന്ന ഭയത്താല്‍ ശര്‍മയ്ക്ക് ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടി വന്നു. കേവലം മൂന്ന് മിനിറ്റ്‌ കൊണ്ട് ഇടമറുകിനെ മന്ത്രം പ്രയോഗിച്ചു കൊല്ലാമെന്നായി മന്ത്രവാദി.
 



 
"ഓം ലിംഗലിംഗലിംഗലിംഗ കിലികിലികിലികിലി..." എന്ന മന്ത്രോച്ചാരണ ത്തോടെ മന്ത്രവാദി മൂന്ന് മിനിറ്റ്‌ ആഭിചാര പ്രയോഗം നടത്തിയെങ്കിലും ചിരിച്ച് കൊണ്ട് ഇതെല്ലാം വെറും അസംബന്ധമാണ് എന്ന് പറഞ്ഞു സനല്‍ ഇടമറുക്.
 



 
"എന്താ പണ്ഡിറ്റ്ജി, ഒന്നും സംഭവിച്ചില്ലല്ലോ" എന്ന ടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിന്, തനിക്ക്‌ 15 മിനിറ്റ്‌ കൂടി സമയം വേണം എന്നായിരുന്നു ശര്‍മയുടെ മറുപടി. വീണ്ടും മന്ത്ര തന്ത്രങ്ങള്‍ തുടര്‍ന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. സനല്‍ ചിരിച്ചു കൊണ്ടേയിരുന്നു. വീണ്ടും ഒരു പതിനഞ്ചു മിനിറ്റ്‌ നീളുന്ന പ്രയോഗങ്ങളില്‍ മന്ത്രവാദി പല പുതിയ അടവുകളും പുറത്തെടുത്തു. തുറന്നു പിടിച്ച കഠാര കൊണ്ടും, വെള്ളം കൊണ്ടും മറ്റും. ഇതിനിടയ്ക്ക് സനലിന്റെ നെറ്റിയില്‍ വിരല് കൊണ്ട് ശക്തമായി അമര്‍ത്തിയ മന്ത്രവാദിയെ ടെലിവിഷന്‍ അവതാരകന് ഇടപെട്ടു മാറ്റേണ്ടി വന്നു. ശരീരത്തില്‍ സ്പര്‍ശിക്കാതെ തുടരാമെന്ന വ്യവസ്ഥയില്‍ ക്രിയകള്‍ വീണ്ടും തുടര്‍ന്നു.
 
അവസാനം സനല്‍ പൂജിക്കുന്ന ദൈവങ്ങളുടെ സംരക്ഷണം കൊണ്ടാണ് അദ്ദേഹത്തിന് ഒന്നും സംഭവിക്കാത്തത് എന്നായി മന്ത്രവാദി. രാത്രി പതിനൊന്നു മണിക്ക് നടത്തുന്ന പ്രത്യേക ആഭിചാര കര്‍മ്മങ്ങളില്‍ പങ്കെടുത്താല്‍ ശക്തമായ വിധികള്‍ പ്രയോഗിക്കാം എന്നും, അതില്‍ സനലിനെ അപായപ്പെടുത്താം എന്നും ശര്‍മ അറിയിച്ചു.
 



 
ഇത് പ്രകാരം രാത്രി ശര്‍മ തയ്യാറാക്കിയ മാന്ത്രിക സന്നാഹങ്ങളുടെ ഇടയില്‍ സനല്‍ ഇരിക്കുകയും, പൂജാ മന്ത്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇത്തവണ മന്ത്രങ്ങള്‍ ഉരുവിടാനായി വേറെയും സഹായികള്‍ ഉണ്ടായിരുന്നു. 40 മിനിട്ടോളം നീണ്ടു നിന്ന "ഘോരമായ" ആഭിചാര പ്രയോഗങ്ങളുടെ അവസാനം, ഇപ്പോള്‍ എന്ത് തോന്നുന്നു എന്ന മന്ത്രവാദിയുടെ ചോദ്യത്തിന്, "ഇത്തരം മന്ത്രവാദ പ്രയോഗങ്ങളെല്ലാം വെറും അന്ധ വിശ്വാസമാണ് എന്ന് ഇപ്പോള്‍ തനിക്ക്‌ കൂടുതല്‍ വ്യക്തമായി" എന്ന് സനല്‍ ഇടമറുക് അറിയിച്ചു. ഈ പരീക്ഷണത്തിന്റെ പരാജയത്തോടെ, ഒട്ടേറെ പേര്‍ക്ക് ഇത് ബോധ്യമായിട്ടുണ്ടാവും എന്നും, ഇത്തരം അന്ധ വിശ്വാസങ്ങള്‍ ഇന്ത്യയില്‍ നിന്നും തുടച്ചു മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

സനൽ ഇടമുറക്, ഏറ്റവും മഹത്തായ ഒരു പ്രവർത്തി ചെയ്തിരിക്കുന്നു, താങ്കൽ, അഭിനന്ദനങ്ങൾ. ഇത് മലയാളം ചാനലുകളിലും ടെലികാസ്റ്റ് ചെയ്താൽ ഭൌതികമായി വളരേ പാവപ്പെട്ട ജനങ്ങൽക്ക് വളരേ ഉപകാരമായിരിക്കും. നന്മകൽ നേരുന്നു.

March 29, 2010 at 11:52 AM  

സനല്‍ ഇടമറുകിന്റെ ഈ പോളിച്കാടക്കള്‍ പരിപാടി എന്തായാലും നന്നായിരിക്കുന്നു. മന്ത്രവാദം കൊണ്ട്ട് ആളെ കൊന്നാല്‍ കേസുന്റാകുമോ?

എന്തായാലും പ്രിയടര്സന്റെ മിധുനം സിനിമയിലെ ഇന്നസെന്റ് ജഗതി നെടുമുടി വേണു അവതരിപ്പിചാമന്ത്രവാടസീന്‍ ഓര്‍മ്മവരുന്നു.

കപട മന്ത്രവാദികളും സ്വാമിമാരും നാട്ടില്‍ വര്‍ദ്ധിസുവരുമ്പോള്‍ ഇടക്കെങ്കിലും ഇത്തരം ഇടപെടലുകള്‍ നല്ലതാന്‍~.

March 31, 2010 at 12:32 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്




Loading...