04 May 2008

യു.എ.ഇ.യിലെ മലയാളം പത്രങ്ങള്‍: പ്രതിസന്ധി തുടരുന്നു

യു.എ.ഇ.യില്‍ വിദേശ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച പ്രതിസന്ധി ഇനിയും തീര്‍ന്നില്ല. നാല്‌ മലയാള പത്രങ്ങളടക്കം 15 പ്രസിദ്ധീകരണങ്ങള്‍ക്കാണ്‌ ഇവ അച്ചടിക്കുന്ന പ്രസ്സ്‌ ദേശീയ മാധ്യമ കൗണ്‍സിലില്‍ നിന്ന്‌ അനുമതി പുതുക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തത്‌.
പ്രതിസന്ധി ഇന്നലെ തീരുമെന്ന്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്ത്‌ ശനിയാഴ്‌ച പൊതു അവധി ദിനമായതിനാല്‍ കടലാസ്‌ ജോലികള്‍ നീക്കാന്‍ സാധിച്ചില്ല. ഇന്ന് (ഞായര്‍) പ്രശ്‌നം പരിഹരിച്ച്‌ തിങ്കളാഴ്‌ച പത്രങ്ങള്‍ പുറത്തിറങ്ങുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.




ഇതിനിടെ മിഡിലീസ്റ്റ്‌ ചന്ദ്രികയും മലയാള മനോരമയും ഇന്നലെ പുറത്തിറങ്ങി. ബഹ്‌റൈനില്‍ എഡിഷനുള്ള മിഡിലീസ്റ്റ്‌ ചന്ദ്രിക അവിടെ നിന്നും മനോരമ കൊച്ചിയില്‍ നിന്നും ഗള്‍ഫ്‌ എഡിഷന്‍ അച്ചടിച്ച ശേഷം യു.എ.ഇ.യിലേക്ക്‌ കൊണ്ടു വന്ന്‌ വിതരണം ചെയ്യുകയായിരുന്നു. ഗള്‍ഫ്‌ മാധ്യമം ഈ ശ്രമം നടത്തിയിരുന്നെങ്കിലും വിതരണ കമ്പനിക്ക്‌ ഇതിനുള്ള അനുമതിയില്ലാത്തതിനാല്‍ സാധിച്ചില്ല. സിറാജ്‌ ആണ്‌ ദുബായില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന മറ്റൊരു പത്രം. നേരത്തെ ഇന്റര്‍നാഷനല്‍ ദീപിക, അറേബ്യയിലെ സുല്‍ത്താന്‍ (സായാഹ്ന പത്രം) എന്നിവ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇടയ്‌ക്ക്‌ നിര്‍ത്തുകയായിരുന്നു.




ദുബായിലെ അല്‍ ഗുറൈര്‍ പ്രിന്റിംഗ്‌ പ്രസ്സിലാണ്‌ ഈ പത്രങ്ങള്‍ അച്ചടിക്കുന്നത്‌. ഈയൊരു പ്രസ്സിന്‌ മാത്രമെ ബന്ധപ്പെട്ടവരുടെ അനുമതിയുള്ളൂ. എന്നാല്‍ അച്ചടിക്കാനുള്ള ലൈസന്‍സ്‌ പ്രസ്സ്‌ ദേശീയ മാധ്യമ കൗണ്‍സിലില്‍ നിന്ന്‌ പുതുക്കാത്തതാണ്‌ താത്‌കാലികമായി പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തി വെയ്‌ക്കാന്‍ ഇടയാക്കിയത്‌.




പത്രങ്ങളുടെ അഭാവം വായന പ്രിയരായ പ്രവാസി മലയാളികളെ ഏറെ നിരാശരാക്കിയിരുന്നു. ഗള്‍ഫില്‍ വായനക്കാര്‍ ഏറെയുള്ള e പത്രത്തില്‍ ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ ഏറെയായിരുന്നു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്