03 July 2008
മോഡിയ്ക്കെതിരെ നരഹത്യാ വിരുദ്ധ മുന്നണി
അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ നടക്കുവാനിരിക്കുന്ന രണ്ടാം ലോക ഗുജറാത്തി സമ്മേളനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നതിന് എതിരെ അമേരിക്കയിലെ നരഹത്യാ വിരുദ്ധ മുന്നണി രംഗത്തെത്തി. മോഡിയ്ക്ക് അമേരിക്കയില്‍ പ്രവേശിയ്ക്കാനുള്ള വിസ നല്‍കരുത് എന്നാണ് ഇവരുടെ ആവശ്യം.
സമ്മേളനത്തിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ അമേരിക്കന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയാണ് നരേന്ദ്ര മോഡിയെ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചത്. വിസയുടെ പ്രശ്നം മോഡിയും സര്‍ക്കാരും തമ്മില്‍ ഉള്ളതാണെന്നായിരുന്നു ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ സംഘടനയുടെ പ്രസിഡന്റായ സുനില്‍ നായകിന്റെ മറുപടി. ലോകമെമ്പാടും നിന്നുള്ള അന്‍പതിനായിരത്തോളം ഗുജറാത്തികള്‍ ഓഗസ്റ്റ് 29ന് തുടങ്ങുന്ന ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കും. മോഡിയ്ക്ക് അമേരിക്ക വിസ നല്‍കുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനാവുമെന്നും നായക് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ ഇരുപത്തഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ നരഹത്യാ വിരുദ്ധ മുന്നണി മോഡിയ്ക്ക് അമേരിയ്ക്ക സന്ദര്‍ശിക്കുവാനുള്ള വിസ നല്‍കരുതെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടോലിസാ റൈസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 2005ല്‍ നടന്ന ഒന്നാം ലോക ഗുജറാത്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോഡിയ്ക്ക് അമേരിയ്ക്കന്‍ സര്‍ക്കാര്‍, ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തില്‍, വിസ നിരസിച്ചിരുന്നു. കോണ്ടൊലിസാ റൈസിന് എഴുതിയ കത്തില്‍ 2005ല്‍ മോഡിയ്ക്ക് വിസ നിഷേധിച്ച സാഹചര്യങ്ങളില്‍ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് നരഹത്യാ വിരുദ്ധ മുന്നണി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തന്നെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ വ്യാപകമായി വ്യവസ്ഥാപിത മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. 2002ലെ കലാപങ്ങള്‍ക്ക് മോഡി ഇന്ന് വരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല അവയെ ന്യായീകരിയ്ക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ നടന്ന ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ ഇതിന് സാക്ഷ്യം വഹിയ്ക്കുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശ സംഘടനകളെ സംസ്ഥാന ഭരണകൂടം പീഡിപ്പിച്ച് നിശ്ശബ്ദരാക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. Labels: അമേരിക്ക, ഇന്ത്യ, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്