വ്യാഴം 17th ഏപ്രില്‍ 2025

13 December 2008

ആസിഡ് ആക്രമണം : പ്രതികളെ പോലീസ് വെടി വെച്ച് കൊന്നു

ആന്ധ്ര പ്രദേശിലെ വാരംഗലില്‍ രണ്ട് പെണ്‍ കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെ പോലീസ് വെടി വെച്ചു കൊന്നു. എറ്റുമുട്ടലില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത് എങ്കിലും ഇതൊരു വ്യാജ ഏറ്റുമുട്ടല്‍ ആണ് എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന്ധ്രയില്‍ പ്രതികള്‍ ക്കെതിരെ ജന രോഷം ആളി കത്തുക ആയിരുന്നു.




അവസാന വര്‍ഷ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനികളായ സ്വപ്നികയും പ്രണിതയും വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമികള്‍ ഇവരുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. പ്രേമ നൈരാശ്യമാണ് ആക്രമണത്തിന് ഹേതു എന്നാണ് കരുതപ്പെടുന്നത്. പ്രധാന പ്രതിയായ ശ്രീനിവാസിന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള രോഷം ആണ് ഇങ്ങനെയൊരു ദുരന്തത്തില്‍ കലാശിച്ചത്. ശ്രീനിവാസന്‍ കൂട്ടുകാരായ സഞ്ജയും ഹരികൃഷ്ണനും കൂടെ ചേര്‍ന്ന് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണ് ഉണ്ടായത്.




ഇതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളുടേയും മുഖം വികൃതമാകുകയും ഒരു കുട്ടിയുടെ നില ഗുരുതരമാകുകയും ചെയ്തു. കുട്ടികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേല്‍ ഇന്നലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.




പോലീസിനു മേല്‍ ഇത്ര മേല്‍ സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു വ്യാജ ഏറ്റുമുട്ടല്‍ അരങ്ങേറിയത് എന്ന് കരുതപ്പെടുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ വെള്ളിയാഴ്ച പത്ര സമ്മേളനത്തിലും ഹാജരാക്കിയിരുന്നു. പത്ര സമ്മേളനത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പിന്നീട് സംഭവ സ്ഥലത്തേക്ക് ഇവരെ പോലീസ് കൊണ്ടു പോയി. ഇതിനിടയില്‍ പ്രതികള്‍ പോലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ വെടി വെപ്പില്‍ പ്രതികള്‍ കൊല്ലപ്പെടുകയും ആയിരുന്നു എന്ന് പോലീസ് അറിയിച്ചു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...