17 June 2009

ഇറാന്റെ കിളിവാതില്‍ ആകുന്ന ട്വിറ്റര്‍

iran-twitter-revolutionവിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ‍ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്.
 
ഒബാമയുടെ അഭ്യര്‍ത്ഥന മാനിച്ച ട്വിറ്റര്‍ അറ്റകുറ്റ പണികള്‍ രാത്രിയിലേക്ക് മാറ്റി വെച്ചു. അനേകായിരം അമേരിക്കക്കാര്‍ക്ക് ട്വിറ്റര്‍ സേവനത്തില്‍ തടസ്സം നേരിട്ടുവെങ്കിലും ഈ സമയ മാറ്റം മൂലം ഇറാനില്‍ പകല്‍ സമയത്ത് ട്വിറ്റര്‍ ലഭ്യമാവുകയും ചെയ്തു. അറ്റകുറ്റ പണികള്‍ക്ക് ശേഷം കൂടുതല്‍ ശക്തമായ സര്‍വറുകളുടെ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനമാണ് ട്വിറ്റര്‍ ഇപ്പോള്‍ നല്‍കുന്നത് എന്ന് ട്വിറ്റര്‍ കമ്പനി അറിയിച്ചു.
 

iran-protest

 
വെറും രണ്ടു വര്‍ഷം പ്രായമായ തങ്ങള്‍ക്ക് ഈ രീതിയില്‍ ആഗോള തല ആശയ വിനിമയ രംഗത്ത് അര്‍ത്ഥ പൂര്‍ണ്ണമായ ഒരു പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ബിസ് സ്റ്റോണ്‍ പറഞ്ഞു.
 
ആന്‍ഡ്രൂ സള്ളിവാന്റെ ഇറാന്‍ ട്വീറ്റുകള്‍ (ട്വിറ്ററിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിന് ട്വീറ്റിങ് എന്നാണ് പറയുന്നത്, സന്ദേശങ്ങളെ ട്വീറ്റുകള്‍ എന്നും) ഇവിടെ വായിക്കാം.
 



 
 

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്