08 July 2009

സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ - മന്‍‌മോഹന്‍ സിംഗ്

manmohan_singhലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലായ്മയും അനിയന്ത്രിതമായ വിഭവ ദുരുപയോഗമാണ് എന്ന് പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗ് പ്രസ്താവിച്ചു. ജി8-ജി5 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് തിരിക്കവെയാണ് പ്രധാന മന്ത്രി ഈ പരാമര്‍ശം നടത്തിയത്. ഇന്ന് വൈകീട്ട് മന്‍‌മോഹന്‍ സിംഗ് ഉച്ചകോടി നടക്കുന്ന ലാഖിലായില്‍ എത്തും. രണ്ട് നൂറ്റാണ്ടിലേറെ കാലം തങ്ങളുടെ വ്യാവസായിക ആവശ്യങ്ങള്‍ക്കും സമ്പന്ന ഉപഭോഗ ജീവിത രീതി നില നിര്‍ത്തുന്നതിനും വേണ്ടി സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ നടത്തിയ വിഭവ ചൂഷണത്തിന്റെ തിക്ത ഫലങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വികസ്വര രാജ്യങ്ങളെയാണ്. ഈ ചരിത്രപരമായ ഉത്തരവാദിത്വത്തില്‍ നിന്നും വികസിത രാഷ്ട്രങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ല. ഐക്യ രാഷ്ട്ര സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകളില്‍ സജീവമായി തന്നെ പങ്കെടുക്കും എന്നും മന്‍‌മോഹന്‍ സിംഗ് അറിയിച്ചു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്