04 December 2009

കോപ്പന്‍‌ഹേഗന്‍ - ഇന്ത്യന്‍ നിലപാട് അമേരിക്കയെ പ്രീണിപ്പിയ്ക്കാന്‍ - നഷ്ടം ഭൂമിയ്ക്ക്

emissionഡല്‍ഹി : കോപ്പന്‍ ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യന്‍ നയം വ്യക്തമാക്കി കൊണ്ട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പാര്‍ലമെന്റിനു മുന്‍പില്‍ സമര്‍പ്പിച്ച രേഖ അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ച് ഉള്ളതാണെന്ന് ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment - CSE) ഡയറക്ടര്‍ സുനിത നരൈന്‍ അഭിപ്രായപ്പെട്ടു. മലിനീകരണ അളവുകളില്‍ നിയമപരമായ നിയന്ത്രണം കൊണ്ടു വരുന്നതിനെ എതിര്‍ത്ത ഇന്ത്യ സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മലിനീകരണം നിയന്ത്രിക്കും എന്ന നിലപാടാണ് സ്വീകരിക്കുന്നത്. മലിനീകരണം നിയമപരമായി നിയന്ത്രിക്കപ്പെട്ടാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് അമേരിക്കയെയും ചൈനയെയും ആയിരിക്കും എന്നതിനാല്‍ ഇതിനെ എതിര്‍ത്ത് സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്താനാണ് അമേരിക്കയ്ക്ക് താല്‍പ്പര്യം. ഇതേ നിലപാട് തന്നെ പിന്തുടരുക വഴി അമേരിക്കന്‍ വാദത്തിന് പിന്‍‌ബലം നല്‍കുകയാണ് ഇന്ത്യ.
 
വന്‍ കല്‍ക്കരി ശേഖരമുള്ള ഇന്ത്യയുടെ വികസനത്തിന് തടസ്സമാവും ആഗോള മലിനീകരണ നിയന്ത്രണം എന്നതാണ് ഇന്ത്യയുടെ വാദം. ദാരിദ്ര്യം അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ക്ഷേമത്തിന് ഊര്‍ജ്ജം പകരാന്‍ ഇന്ത്യ കല്‍ക്കരിയെ തന്നെയാണ് ആശ്രയിക്കുന്നത്. ഇതാണ് ആഗോള നിയന്ത്രണത്തെ ഇന്ത്യ എതിര്‍ക്കുന്നത്. എന്നാല്‍ ആഗോള താപനവും തല്‍ ഫലമായി ശോഷിക്കുന്ന ഹിമാലയന്‍ മഞ്ഞു മലകളും, ഉയരുന്ന സമുദ്ര നിരപ്പുമെല്ലാം ഇന്ത്യയ്ക്ക് ഏറെ ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്.
 
മലിനമാകുന്നതോടെ ഭൂമിയുടെ മരണമാണ് ആസന്നമാകുന്നത്. ഇതിന്റെയെല്ലാം നഷ്ടം ഭൂമിക്കും നമ്മുടെ പിന്‍ തലമുറക്കും ആണെന്ന് തിരിച്ചറിഞ്ഞ് വികസന മാതൃക പുനരാവി ഷ്കരിക്കുക എന്നത് മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള പ്രതിവിധി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്