11 December 2009

ഒബാമയ്ക്ക് നൊബേല്‍ - അറബ് ലോകത്തിന് അതൃപ്തി

obama-nobel-medalദുബായ് : അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചത് ഏറ്റവും അനുചിതമായ ഒരു സമയത്താണ് എന്ന് അറബ് ജനത പരക്കെ കരുതുന്നു. ഇന്നലെ ഓസ്‌ലോയില്‍ വെച്ച് ഒബാമ നൊബേല്‍ പുരസ്കാരം ഏറ്റു വാങ്ങുന്നതിന് ഏതാനും ദിവസം മുന്‍പാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് 30,000 സൈനികരെ കൂടി അയക്കാനുള്ള തീരുമാനം എടുത്തത്. ഇത് ആഗോല തലത്തില്‍ മുസ്ലിം ലോകത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
 
തങ്ങളുടെ അധീനതയിലുള്ള പലസ്തീന്റെ പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ ഇസ്രയേല്‍ കൂട്ടാക്കാത്ത നടപടിക്ക് അമേരിക്ക വഴങ്ങിയതും, അങ്ങനെ പലസ്തീന്‍ സമാധാന പ്രക്രിയ കഴിഞ്ഞ രണ്ടു മാസമായി മരവിച്ചതും ഇതിനു പുറമെയാണ്.
 
ഒബാമ പറയുന്നത് കൂട്ടാക്കാതെ തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്ന ഇസ്രയേല്‍ തന്നെയാണ് ഒബാമയുടെ കഴിവു കേടിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം എന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ അധികാരമേറ്റ് ഒരു വര്‍ഷം പോലും തികയാത്ത ഒബാമയുടെ ഗള്‍ഫ് നയം ഇനിയും വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന ഒരു എതിര്‍ വാദവും ഉണ്ട്. സാമ്പത്തിക മാന്ദ്യം, ആരോഗ്യ പരിചരണം, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ വിഷയങ്ങളില്‍ മുഴുകിയ ഒബാമയ്ക്ക് അറബ് ഇസ്രയേല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ വേണ്ടത്ര സമയം ഇനിയും ലഭിച്ചിട്ടില്ല.
 
ഏതായാലും ഒരു നൊബേല്‍ പുരസ്കാരം വാങ്ങുവാന്‍ തക്കതായതൊന്നും ഒബാമ ഇനിയും ചെയ്തിട്ടില്ല എന്നു തന്നെയാണ് അറബ് ലോകത്തില്‍ നിന്നും പരക്കെയുള്ള പ്രതികരണം.
 
 

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്