ഞായര്‍ 4th മെയ് 2025

06 December 2009

ജയറാം രമേഷിനെ പച്ച കുത്തുന്നു

jairam-ramesh-hillary-clintonപരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേഷ് ഇന്ത്യയുടെ പുതിയ മിസ്റ്റര്‍ ഗ്രീന്‍ ആണെന്ന് വ്യാപകമായ പ്രചരണം അരങ്ങേറുന്നു. കോപ്പന്‍ ഹേഗനില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന് അകമ്പടി പോകുന്ന വിദ്യാര്‍ത്ഥികളുടെ കഥകളും മാധ്യമങ്ങള്‍ ആഘോഷി ക്കുകയുണ്ടായി.
 
25 ശതമാന ത്തോളം കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുവാനുള്ള നടപടികള്‍ ഇന്ത്യ സ്വമേധയാ സ്വീകരിക്കും എന്നാണ് മന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ച നയ രേഖയില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച എന്തെങ്കിലും അന്താരാഷ്ട്ര നിയമ നിര്‍മ്മാണത്തിന് തങ്ങള്‍ ഒരുക്കമല്ല എന്നും ഈ രേഖ വ്യക്തമാക്കുന്നു.
 
ആഗോള തലത്തില്‍ തീരുമാനങ്ങള്‍ എടുക്കുവാനും കൂട്ടായ തീരുമാനത്തിന്റെ പിന്‍ബലത്തോടെ മലിനീകരണം നിയന്ത്രിക്കുവാനും ഭൂമിയുടെ ഭാവി തന്നെ രക്ഷപ്പെടുത്താനും ഉള്ള ഉദ്ദേശത്തോടെ ചേരുന്ന കോപ്പന്‍‌ഹേഗന്‍ ഉച്ചകോടിയുടെ ഉദ്ദേശ ലക്ഷ്യത്തെ തുരങ്കം വെയ്ക്കുന്ന നിലപാടാണിത്. അന്താരാഷ്ട്ര നിയമ നിര്‍മ്മാണം സാധ്യമാവാതെ വരുന്നതോടെ ഈ നിയന്ത്രണങ്ങള്‍ എത്ര മാത്രം ഫലവത്തായി പാലിക്കപ്പെടും എന്നത് കണ്ടറിയേ ണ്ടിയിരിക്കുന്നു.
 
അന്താരാഷ്ട്ര തലത്തില്‍ മലിനീകരണത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തുന്നത് ഏറ്റവും അധികം ബാധിക്കുന്നതും അതിനെതിരെ ശക്തമായ നിലപാട് എടുക്കുന്നതും അമേരിക്കയാണ്. അമേരിക്കന്‍ നിലപാടിനെ പിന്തുണയ്ക്കുകയാണ് ഈ നയ പ്രഖ്യാപനത്തോടെ ഇന്ത്യയും ചെയ്യുന്നത്. അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ച് മാത്രം സ്വീകരിച്ച നയമാണിത് എന്ന് ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞ സാഹചര്യത്തില്‍ മന്ത്രിയെ ഇന്ത്യയുടെ “മിസ്റ്റര്‍ ഗ്രീന്‍” എന്ന പരിവേഷം നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള നീക്കം ആസൂത്രിതമാണ് എന്ന് വ്യക്തമാണ്.
 
ഭോപ്പാലിലെ വിഷ ലിപ്തമായ മണ്ണ് മൂലം “സ്ലോ പോയസനിംഗ്“ ന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയുടെ മുഖത്തു നോക്കി അവിടത്തെ ഒരു പിടി മണ്ണ് സ്വന്തം കൈക്കുമ്പിളില്‍ എടുത്ത് പൊക്കി “ഇത് തൊട്ടിട്ട് തനിക്ക് രോഗമൊന്നും വരുന്നില്ലല്ലോ, പിന്നെ എന്താ പ്രശ്നം?” എന്ന് ചോദിച്ച മന്ത്രിയാണ് ഇത് എന്നത് മറക്കാനാവില്ല.
 
കടലില്‍ മരമില്ലല്ലോ? എന്നിട്ടും കടലില്‍ മഴ പെയ്യുന്നുണ്ടല്ലോ? പിന്നെ, ഈ മരമൊക്കെ വെട്ടിയാല്‍ മഴ പെയ്യില്ല എന്ന് എങ്ങനെ പറയാനാവും എന്ന് പണ്ട് പണ്ട് ഒരാള്‍ പറഞ്ഞിരുന്നു.
 
കാലം ഇത്രയൊക്കെ കഴിഞ്ഞില്ലേ? ഇനി ഇതൊക്കെ മറന്ന് നാം മുന്‍പോട്ട് പോവേണ്ടിയിരിക്കുന്നു എന്നും മന്ത്രി തുടര്‍ന്നു പറയുകയും ചെയ്തു. മന്ത്രിക്ക് ഭോപ്പാല്‍ വിടുന്നതോടെ ഇത് മറക്കാന്‍ ആവുമായിരിക്കും. എന്നാല്‍ ഭൂഗര്‍ഭ ജലം വരെ വിഷ ലിപ്തമായ ഭോപ്പാലിലെ, അംഗ വൈകല്യങ്ങളും മാറാ രോഗങ്ങളും മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഇത് എങ്ങനെ മറക്കാനാവും?
 



Jairam Ramesh - The New Mr. Green of India



 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...