28 May 2008

ദുബായില്‍ കൂടുതല്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കും

ദുബായില്‍ ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ആര്‍.ടി.എ. തീരുമാനിച്ചു. ബസുകള്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ നടപ്പിലാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്




ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ദുബായിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നത്. മക്തൂം ബ്രിഡ്ജിലും ശൈഖ് സായിദ് റോഡില്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഇന്‍റര്‍ചേഞ്ചുകള്‍ക്കും ഇടയിലുമാണ് പുതിയ രണ്ട് സാലിക് ഗേറ്റുകള്‍ സ്ഥാപിക്കുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 9 മുതലായിരിക്കും ഈ ടോള്‍ ഗേറ്റുകള്‍ പ്രാബല്യത്തില്‍ വരിക. നാല് ദിര്‍ഹം തന്നെയായിരിക്കും പുതിയ ടോള്‍ ഗേറ്റുകളിലേയും നിരക്ക്. അതേ സമയം ശൈഖ് സായിദ് റോഡില്‍ പുതുതായി നടപ്പിലാക്കുന്ന ടോള്‍ ഗേറ്റിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ അല്‍ ബര്‍ഷ ടോള്‍ ഗേറ്റിലൂടെ കടന്നു പോകുമ്പോള്‍ വീണ്ടും നാല് ദിര്‍ഹം നല്‍കേണ്ടതില്ലെന്ന് ആര്‍.ടി.എ വ്യക്തമാക്കിയിട്ടുണ്ട്.




2007 ജൂലൈ ഒന്നിനാണ് ദുബായില്‍ ടോള്‍ സംവിധാനത്തിന്‍റെ ഒന്നാം ഘട്ടം നടപ്പിലാക്കിയത്. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചതോടെ ഗതാഗതക്കുരുക്ക് 25 ശതമാനം കുറഞ്ഞുവെന്നും ആര്‍.ടി.എ വ്യക്തമാക്കുന്നു.




അതേ സമയം ബസുകള്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ നടപ്പിലാക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഖാലിദ് ബിന്‍ വലീദ്, അല്‍ മങ്കൂള്‍, അല്‍ ഖലീജ്, അല്‍ മിന റോഡുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ബസുകള്‍ക്കായി പ്രത്യേക ലൈന്‍ നടപ്പിലാക്കുക. അടുത്ത മൂന്ന് മാസത്തിനകം ഈ സംവിധാനം നിലവില്‍ വരും.




അല്‍ ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ശൈഖ് സായിദ് റോഡ് എന്നിവിടങ്ങളില്‍ ബസുകള്‍ക്കായി അതിവേഗ പാത നിര്‍മ്മിക്കാനും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്