02 June 2008
കുവൈറ്റ് പാര്‍ലമെന്റില്‍ ഏറ്റ്മുട്ടലിന് സാധ്യത
തെരഞ്ഞെടുപ്പിന് ശേഷം കുവൈറ്റ് പാര്‍ലമെന്‍റ് ആദ്യ യോഗം ചേര്‍ന്നു. സ്പീക്കറായി ജാംസിം അല്‍ ഖറാഫിയെ തെരഞ്ഞെടുത്തു. അതേ സമയം മന്ത്രിസഭയും പാര്‍ലമെന്‍റും തമ്മില്‍ ഇത്തവണയും ഏറ്റുമുട്ടലുണ്ടാകും എന്ന് തന്നെയാണ് പാര്‍ലമെന്‍റ് യോഗത്തില്‍ നടന്ന സംഭവ വികാസങ്ങള്‍ വ്യക്തമാകുന്നത്.
ഇന്നലെ രാവിലെ പത്തിനാണ് കുവൈറ്റ് പാര്‍ലമെന്‍റ് ആദ്യ യോഗം ചേര്‍ന്നത്. കഴിഞ്ഞ പാര്‍ലമെന്‍റിലെ സ്പീക്കറായിരുന്ന ജാസിം അല്‍ ഖറാഫിയെ തന്നെയാണ് ഇത്തവണയും സ്പീക്കറായി തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ഇദ്ദേഹത്തെ സ്പീക്കറായി തെരഞ്ഞെടുക്കുന്നത്. അതേ സമയം വനിതാ മന്ത്രിമാരായ നൗരിയ സുബിഹ് ബറാക്ക്, ഹൗസിംഗ് അഫയേഴ്സ് മന്ത്രി ഡോ. മൗദിന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ ഹിജാബ് ധരിച്ച് മാത്രമേ പാര്‍ലമെന്‍റിലെത്താവൂ എന്ന് ഇസ്ലാമിസ്റ്റ് എം.പി. മാര്‍ മുന്നറിയിപ്പ് നല്‍കി. ഹിജാബ് ധരിക്കാതെ പാര്‍ലമെന്‍റില്‍ എത്തിയാല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ ആദ്യ സമ്മേളനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മന്ത്രിമാരും ഇന്ന് ഹിജാബ് ധരിക്കാതെയാണ് പാര്‍ലമെന്‍റില്‍ എത്തിയിരുന്നത്. ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭയിലും അംഗമായിരുന്ന നൗരിയ സുബിഹ് ബറാക്കിനെ പാര്‍ലമെന്‍റ് ചോദ്യം ചെയ്തിരുന്നു. ഈ ഉരസലാണ് പിന്നീട് വഷളാവുകയും പാര്‍ലമെന്‍റ് പിരിച്ചു വിടുന്നതിലേക്ക് എത്തിപ്പെടുകയും ചെയ്തത്. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ സബാ കണ്‍സര്‍വേറ്റീവ് എം. പി. അല്‍ മുലൈഫിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട് എന്നതാണ്. തന്നെ വ്യക്തിപരമായി അവഹേളിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി എം. പി. ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയിട്ടുണ്ട്. ആദ്യ പാര്‍ലമെന്‍റ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ മന്ത്രിസഭയും പാര്‍ലമെന്‍റും തമ്മില്‍ ശക്തമായ ഉരസലിന്‍റെ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നാല് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് കഴിഞ്ഞ തവണ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പിരിച്ചു വിടുകയായിരുന്നു. ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉരസലുകളും വര്‍ധിക്കുന്ന പക്ഷം ഇത്തവണയും പാര്‍ലമെന്‍റ് നാല് വര്‍ഷം പൂര്‍ത്തിയാക്കുമോ എന്നത് കണ്ടറിയണം. Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്