11 July 2008
ബീച്ചിലെ സെക്സ് : 6 വര്‍ഷം തടവിന് സാധ്യത
ദുബായിലെ ജുമൈറ ബീച്ചില്‍ നിന്നും പോലീസ് പിടിയിലായ ബ്രിട്ടീഷ് കമിതാക്കള്‍ക്ക് ആറു വര്‍ഷം വരെ തടവ് ലഭിയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് അറിയുന്നു. തടവിന് ശേഷം ഇവരെ നാടു കടത്താനും ഇടയുണ്ട്. അടുത്തയിടെ പൊതു സ്ഥലങ്ങളില്‍ വെച്ച് പ്രവാസികള്‍ പാലിയ്ക്കേണ്ട അടിസ്ഥാന മര്യാദകളെ പറ്റി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പരസ്യമായ സ്നേഹപ്രകടനവും അശ്ലീലമായ പെരുമാറ്റവും മറ്റും കടുത്ത ശിക്ഷയ്ക്ക് ഇടയാക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ക്ക് തടവും തടവിനെ തുടര്‍ന്ന് നാട് കടത്തലും, സ്വദേശികള്‍ക്ക് പിഴയും തടവും ആണ് ശിക്ഷ.
വിവാഹേതര ലൈംഗിക ബന്ധം യു.എ.ഇ. നിയമ പ്രകാരം കടുത്ത ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റകൃത്യമാണ്. പിടിയിലാവുന്നതിന് മണിയ്ക്കൂറുകള്‍ മുന്‍പ് മാത്രം ഒരു പാര്‍ട്ടിയില്‍ വെച്ചാണ് പിടിയിലായ വിന്‍സും മിഷെലും പരിചയപ്പെടുന്നത്. 34കാരനും ഒരു മകനുമുള്ള വിന്‍സ് ഒരു ബിസിനസ് ആവശ്യത്തിനായ് ദുബായില്‍ എത്തിയതായിരുന്നു. ലീ മെറിഡിയന്‍ ഹോട്ടലില്‍ രാവിലെ തുടങ്ങിയ ഒരു മദ്യ വിരുന്നില്‍ പങ്കെടുത്ത ഇയാള്‍ മദ്യപിച്ചു ലക്ക് കെട്ട 36കാരിയായ മിഷെലിനെ പരിചയപ്പെട്ടു. മൂന്ന് വര്‍ഷമായ് ദുബായിലുള്ള മിഷെല്‍ ഒരു പബ്ലിഷിങ് കമ്പനിയില്‍ മാനേജരാണ്. നന്നായി മദ്യപിച്ചതിനെ തുടര്‍ന്ന് ഇവര്‍ രണ്ട് പേരും ബീച്ചില്‍ നടക്കാന്‍ പോയതായിരുന്നു. സ്ത്രീകളെ വശീകരിക്കുന്നതില്‍ വിരുതനാണ് വിന്‍സ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ പറയുന്നു. ഇയാള്‍ “വിന്‍സ് ചാര്‍മിങ്” എന്നാണത്രെ സ്ത്രീകളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. ബീച്ചില്‍ നടക്കാനിറങ്ങിയ വിന്‍സിനെയും മിഷെലിനെയും പിന്നീട് ഒരു പോലീസുകാരന്‍ കണ്ടത് ഇവര്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതാണ്. പൊതുവെ മാന്യമായി പെരുമാറുന്നതില്‍ പ്രശസ്തമാണ് ദുബായ് പോലീസ്. പോലീസുകാരന്‍ ഇവരെ ഇങ്ങനെ പെരുമാറരുത് എന്ന് വിലക്കി നടന്നു നീങ്ങിയെങ്കിലും മദ്യത്തിന് അടിമപ്പെട്ടിരുന്ന ഇവര്‍ ഇത് കാര്യമാക്കിയില്ല. പോലീസുകാരന്‍ അടുത്ത തവണ അത് വഴി വന്നപ്പോഴേയ്ക്കും ഇവര്‍ കൂടുതല്‍ കാര്യ പരിപാടികളിലേയ്ക്ക് കടന്നിരുന്നു. ഇത് തടഞ്ഞ പോലീസുകാരനെ അധിക്ഷേപിയ്ക്കുകയും തെറി വിളിയ്ക്കുകയും തന്റെ ചെരിപ്പ് ഊരി അടിയ്ക്കുകയും ചെയ്തുവത്രെ മിഷെല്‍. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹേതര ലൈംഗിക ബന്ധം, പൊതു സ്ഥലത്തുള്ള അശ്ലീലമായ പെരുമാറ്റം, പൊതു സ്ഥലത്ത് മദ്യത്തിനടിമപ്പെടല്‍, പോലീസിനെ കയ്യേറ്റം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബ്രിട്ടീഷ് എംബസ്സിയുടെ സഹായത്താല്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ ഉടന്‍ തന്നെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് വിവാഹിതരായത്രെ. വിവാഹേതര ലൈംഗിക ബന്ധം എന്ന വകുപ്പില്‍ ലഭിയ്ക്കാവുന്ന കടുത്ത ശിക്ഷ ഒഴിവാക്കാനാണത്രെ ഇത്. Labels: കുറ്റകൃത്യം, ദുബായ്, പോലീസ്, ശിക്ഷ
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്