08 July 2008
യു.എ.ഇ.യില്‍ സമരം: 3000 ഇന്ത്യാക്കാര്‍ അറസ്റ്റില്‍
മോശപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച 3000 ത്തോളം ഇന്ത്യന്‍ തൊഴിലാളികളെ യു.എ.ഇ.യിലെ റാസല്‍ഖൈമയില്‍ പട്ടാളത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ഇതാദ്യമായാണ് യു.എ.ഇ. ഒരു തൊഴില്‍ തര്‍ക്കം പരിഹരിയ്ക്കാന്‍ പട്ടാളത്തിനെ ഉപയോഗിയ്ക്കുന്നത്.
അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ പട്ടാള സംഘങ്ങള്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് അബുദാബിയുടെ പ്രാന്ത പ്രദേശത്തെവിടെയോ ഉള്ള ഒരു രഹസ്യ സങ്കേതത്തിലേയ്ക്ക് കൊണ്ട് പോയിരിക്കുകയാണ് എന്ന് ഒരു പ്രമുഖ ഇന്ത്യന്‍ പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാസല്‍ ഖൈമയിലെ ഒരു പ്രശസ്തമായ സെറാമിക് നിര്‍മ്മാണ കമ്പനിയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് തൊഴിലാളികള്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ ലഭിച്ച മോശം ഭക്ഷണത്തെ ചൊല്ലി പ്രതിഷേധിച്ചത്. പ്രതിഷേധം അക്രമാസക്തമാവുകയും ഇവര്‍ ക്യാമ്പിലെ ജനാലകളും ഫര്‍ണിച്ചറുകളും മറ്റും തല്ലി പൊട്ടിക്കുകയും, ക്യാമ്പിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു എന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍മീസ് അഹമ്മദ് അറിയിച്ചു. ക്യാമ്പിന്റെ കാന്റീനിലാണത്രെ പ്രശ്നം തുടങ്ങിയത്. മോശം ഭക്ഷണം വിളംബിയതിനെ മൂന്ന് തൊഴിലാളികള്‍ ചോദ്യം ചെയ്തത് വാഗ്വാദമായി മാറുകയും കുപിതരായ തൊഴിലാളികള്‍ കാന്റീന്‍ നടത്തിപ്പുകാരനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തി ഇവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരെ കൊണ്ട് പോവാന്‍ മറ്റ് തൊഴിലാളികള്‍ അനുവദിച്ചില്ലത്രെ. തങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രശ്നം ഉണ്ടാക്കിയതെന്നു ഇവരെ കൊണ്ട് പോവാന്‍ തങ്ങള്‍ അനുവദിയ്ക്കില്ല എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിനെ പിന്തിരിപ്പിക്കാന്‍ പോലീസിനെ കല്ലെറിയുകയും ചെയ്തുവത്രെ. അക്രമാസക്തരായ ജനക്കൂട്ടം ഇതിനിടയില്‍ പോലീസിന്റെ വാഹനങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തതായ് അറിയുന്നു. ഇതിനെ തുടര്‍ന്നാണ് പട്ടാളം രംഗത്തെത്തിയത്. ക്യാമ്പ് മുഴുവന്‍ കയറി മുഴുവന്‍ തൊഴിലാളികളേയും പട്ടാളം അറസ്റ്റ് ചെയ്യാന്‍ ഇടയായത് ഇങ്ങനെയാണ്. മുറികളില്‍ കയറി ഒളിച്ച പലരേയും വാതില്‍ ചവുട്ടി പോളിച്ചും മുറി തന്നെ ഇടിച്ച് നശിപ്പിച്ചും ആണത്രെ പട്ടാളം അറസ്റ്റ് ചെയ്തത്. ക്യാമ്പില്‍ ഉണ്ടായിരുന്ന 3000 ത്തോളം തൊഴിലാളികളെ അറസ്റ്റ് ചെയ്തു എങ്കിലും ഇതില്‍ എല്ലാവര്‍ക്കും അക്രമ സംഭവങ്ങളില്‍ പങ്കില്ല. ഇവരുടെ വിരലടയാളങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. അക്രമത്തില്‍ പങ്കുണ്ടെന്ന് തെളിയുന്നവരെ തടവ് ശിക്ഷയ്ക്ക് വിധിക്കും. തടവ് കാലാവധി കഴിഞ്ഞാല്‍ ഇവരെ നാട് കടത്തുകയും ചെയ്യും. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യാക്കാരും മറ്റ് രാജ്യക്കാരും ഉണ്ടെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവി അറിയിച്ചു. യു.എ.ഇ.യിലെ ഇന്ത്യന്‍ കാര്യാലയം ഇവരെ മോചിപ്പിയ്ക്കാന്‍ യു.എ.ഇ. അധികാരികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരികയാണ് എന്നും മന്ത്രി പറഞ്ഞു. Labels: കുറ്റകൃത്യം, തൊഴില്‍ നിയമം, പോലീസ്, പ്രതിഷേധം, പ്രവാസി, യു.എ.ഇ.
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്